Sunday, September 19, 2010

പ്രണായാഷ്ടകം

പ്രണയത്തിന്റെ മുറിവില്‍ ചുംബിച്ച് ചുംബിച്ച്
എന്റെ ചുണ്ടുകള്‍ കയ്ക്കുന്നൂ.
പ്രണയം ഒരു വെണ്‍ശംഖ് പോലെ,
പ്രാണനെടുത്തൊന്നൂതിയാല്‍ കേള്‍ക്കാം
തിരതിന്ന കടലിന്റെ നിലവിളി.
എത്രാ ഊതിനിറച്ചാലും ഉള്ളിലെന്നും
വിലാപങ്ങളുടെ ശൂന്യത മാത്രം.
പ്രണയമൊരു കവിത പോലെ,
അറിയും തോറും അറിയാത്ത ആഴങ്ങളിലേക്ക്,
വാക്കിലും വരിയിലും ആസ്വാദനത്തിന്റെ വ്യഭിചാരം.
ആത്മാവിലേക്കെത്ര അലിഞ്ഞാലും
‘യതി’ യൊന്ന് മാറിയാല്‍ മതി താളം പിഴക്കാന്‍.
പ്രണയമൊരു പൂക്കാലം പോലെ,
ഏഴുനിറങ്ങളിലെത്ര വിടര്‍ന്ന് നിന്നാലും
ഒടുവില്‍ കൊഴിയുകതന്നേ ചെയ്യും.
പ്രണയം നറുനിലാവ് പോലെ,
തുണയറ്റ രാവില്‍ നീലവെളിച്ചം പോലെ
നിന്റെ പ്രണയം.
പൂ നിലാവെത്ര പെയ്താലും ഒരു മേഘക്കീറ് മതി
എല്ലാം ഇരുളിലാവാന്‍.
പ്രണയം ഇളവെയില്‍ പോലെ,
എന്നിലേക്ക് തന്നെ എത്തുന്നൂ.
ഉച്ചിയിലെത്ര ഉദിച്ച് വന്നാലും
ഒരു നിഴല്‍ പോലുമാവതെ പിന്നിലൂടെ
ഒഴുകിയിറങ്ങി ഒലിച്ച് പോകുകതന്നെ ചെയ്യും.
പ്രണയമൊരു പെരു മഴപോലെ,
ഓര്‍മ്മകളില്‍ നനഞ്ഞൊലിച്ച്
ജീവിതം മുഴുവന്‍ ഈറനണിയാം
പ്രണയമൊരു പുഴപോലെ,
എത്ര ചേര്‍ന്നൊഴുകിയാലും
ഒരിക്കല്‍ വഴി പിരിയുകതന്നെ ചെയ്യും.
പ്രണയം വറ്റിയ പുഴയുടെ പ്രേതം
കരളിന് കുറുകേ കുരുങ്ങിക്കിടക്കുന്നൂ.
ഒടിവില്‍ പ്രണയം പ്രണയം പോലെ,
വിരല്‍ത്തുമ്പിലൂടിറ്റിറ്റ്;
പ്രാണനും ചോര്‍ത്തിക്കൊണ്ട് പടിയിറങ്ങുന്നു.
പ്രണയത്തിന്റെ മുറിവില്‍ ചുംബിച്ച് ചുംബിച്ച്
വീണ്ടും എന്റെ ചുണ്ടുകള്‍ കയ്ക്കുന്നൂ.

No comments:

Post a Comment