Thursday, September 12, 2013

ഉറവ

മിഴിക്കുള്ളിലൊരുറവയുറങ്ങുന്നുണ്ട്.
ഓര്‍മ്മകളില്‍ നീ വന്ന് നിറയുമ്പോഴെല്ലാം
ഉറവക്കണ്ണ് പൊട്ടിയൊഴുകും.
ഓര്‍മ്മകളെത്ര ഒഴുക്കികളഞ്ഞാലും
തടം വീര്‍ത്ത് വിതുമ്പി വരും.
ഒറ്റചിലമ്പിന്റെ മുത്തുകള്‍ പോലെ
ഓര്‍മ്മകളില്‍ ഉതിര്‍ന്നു കൊണ്ടേയിരിക്കും.

ജീവനം

അമ്മക്കിത്തിരി കാല്‍ക്കുഴമ്പ്.
അച്ഛനിത്തിരി പനി മരുന്ന്
കുരുമുളകിലൊഴിച്ചൊരു വലി വലിച്ചാല്‍
ഏഴു ജന്മം പനിക്കില്ലെന്ന് അച്ഛന്‍ വൈദ്യന്‍
മകള്‍ക്ക് നൂല് പൊട്ടാത്ത ഒരു പട്ടം.
മേഘത്തില്‍ തൊടണമെന്നവള്‍ വാശി പിടിക്കും.
മോഹമൊരു മേഘമെന്നവള്‍ക്കറിയില്ലല്ലോ.
തൊടാനായും.തൊട്ടെന്ന് ചിരിക്കും.
ഉടലുലഞ്ഞൊരു കാറ്റില്‍ ഓടി മറയും.
ഇല്ലായ്മയുടെ വിറകൂതിയൂതി കഞ്ഞിയാക്കുന്നവള്‍ക്ക്
പ്രണയം വേവിക്കാന്‍ ഒരു ഹൃദയം.

മിഴി

പോകും മുന്നേ എന്റെ പ്രണയം 
പറയാന്‍ കഴിഞ്ഞില്ല.
കാത്ത് നിന്നിട്ടുണ്ട്.
ഒരു മുത്തം തന്ന് പോകാന്‍.
നിന്റെ മിഴികളിലേക്ക് നോക്കും പോലെ
കടലാഴങ്ങളില്‍ രമിച്ചിട്ടുണ്ട്.
നിലാവുള്ള രാത്രികളില്‍ 
മാനം നോക്കി കിടക്കണം.
നക്ഷത്രകണ്ണുമായി വരുന്ന നിന്നെ കാണേണം.
കണ്ണൊരു കടലാണ്.
കണ്ണീരിന്റേയും കിനാവിന്റേയും.

മഴയോര്‍മ്മ

ഉടലളവുകളിലെല്ലാം മഴനനയുമ്പോള്‍
പ്രണയമെന്നവള്‍ അറിഞ്ഞിരുന്നില്ല
ഒരു തുള്ളികൊണ്ട് തീരില്ല പ്രണയ സങ്കടങ്ങള്‍.
ഒരു പ്രളയം കൊണ്ട് തീരില്ല കണ്ണീര്‍ മഴ.
വേനലില്‍ പൂക്കുന്ന മരത്തിന്
ഓര്‍മ്മയുടെ ഗന്ധം.

മോഹം

ആകാശ യാനത്തിലൊരമ്മ വരും.
കണ്ണീരിന്‍ തുള്ളികള്‍ തൊട്ട്
സ്വപ്നങ്ങള്‍ ചേര്‍ത്തെഴുതും.
ഉറക്കം ഞെട്ടി ഉണരാതെ കാണാന്‍
ഉള്ളം നിറയെ സ്വപ്നങ്ങള്‍ തരും.
തൂവല്‍ ചിറകിലൊരഭയംതരും
ദുരിത മോഹങ്ങള്‍ ചാലിച്ചൊരു ജീവിതം തരും.
തനിയേ കരയാനൊരാകാശം തരും.

കുരുക്ക്

പ്രണയമൊരാരാച്ചാര്‍,
ഉടലനക്കാതെ ഉയിരെടുക്കും വരെ കുരുക്കു മുറുക്കും
നെഞ്ചിലുണ്ട് ഇന്നോളം അറിഞ്ഞിട്ടില്ലാത്ത 
പ്രണയത്തിന്റെ ആഴം.
ചുണ്ടിലുണ്ട് നീ തന്ന ചുംബനത്തിന്റെ കയ്പ്
ഇളവെയില്‍ താഴുമ്പോള്‍ മണ്ണിലേക്കിറങ്ങും
പ്രണയസങ്കടങ്ങളുമായ് കുറേ നിഴല്‍ രൂപങ്ങള്‍
കടല്‍ക്കരയിലെ കാറ്റും
അങ്ങാടിയിലെ മരക്കൊമ്പും തേടിയിറങ്ങും.
ഒരു മഴ പെയ്തെങ്കിലെന്നാശിക്കും.
ഉള്ളിലെ തീയണക്കാന്‍ ഒരുമഴക്കുമാവില്ലെന്നറിയില്ലല്ലോ
പനിപിടിച്ച ഉടലും കഫം നിറഞ്ഞ നെഞ്ചും നോക്കി
ഒരിക്കലവള്‍ പറഞ്ഞു പ്രണയപനിയാണെന്ന്.
അവള്‍ക്കറിയില്ലല്ലോ മണ്ണ് മൂടിപോയത്
ഉയിരെടുക്കാതെയാണെന്ന്.