Wednesday, March 2, 2011

വയനയില്‍ ബാക്കി വന്നത് - 1

പതാക അധികാ‍രത്തിന്റേയും അധിനിവേശത്തിന്റേയും ചിഹ്നമാണ്.അത് കൊട്ടാരമുകളിലോ,കൊട് മുടിയിലോ ആകട്ടേ,അവിടെ അധികാരമോ ആധിപത്യമോ സ്ഥാപിച്ചവന്റെ അധികാരമുദ്രയാണത്.കാറ്റിനോടൊത്ത് മാത്രമേ ഏത് കൊടിക്കും സ്വത്വം കിട്ടുന്നുള്ളൂ,കാറ്റില്ലെങ്കില്‍ കൊടി കൊടിമരത്തെ പുണര്‍ന്ന് നിര്‍ജ്ജിവമാണ്.കാറ്റും കൊടിയുമായുള്ള പാരസ്പര്യം മതവും വിശ്വാസവു പോലെയാണ്.മതം സ്ഥാപിതമാകുന്ന്തും നിലനില്‍ക്കുന്നതും വിശ്വാസം അതിനെ ചുറ്റിനില്‍ക്കുന്നത് കൊണ്ടാണ്.വിശ്വാസമില്ലെങ്കില്‍ മതമില്ല,മതം എന്നതിന് ഇന്ന് പരിമിതമായ കേവല അര്‍ത്ഥം മാത്രമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്.മതം എന്നതിന് അഭിപ്രായം എന്ന് മാത്രമാണ് വിവക്ഷ.ബുദ്ധന്‍ ആയിത്തീര്‍ന്ന ആളുടെ അഭിപ്രായമാണ് ബുദ്ധമതം.മുഹമ്മദ് നബിയുടെ അഭിപ്രായം ആണ് മുഹമ്മദിയന്‍ മതം ആകുന്നത്.ക്രിസ്തുവിന്റേത് ക്രിസ്ത് മതവും.അങ്ങനെ വരുമ്പോള്‍ ഹിന്ദു എന്ന് ഒര് പ്രവാചകനോ ആളൊ എവിടെയും ജീവിച്ചിരുന്നതായി അറിവില്ല.അപ്പോള്‍ എന്താണ് ഹിന്ദുമതം?സിന്ധൂ നദീതടത്തില്‍ വസിച്ചിരുന്നവരെ പേര്‍ഷ്യന്‍ ജനതയും അറബ് വ്യാപാരികളും വിളിച്ചിരുന്നത് സിന്ധ്/ഹിന്ധ് എന്നായിരുന്നൂ.അവിടെ വസിച്ചിരുന്നവരുടെ മതം എന്ന നിലയിലാണ് ഹിന്ദു മതം പ്രചാരത്തിലാവുന്നത്.സിന്ധ്.ഹിന്ധ് ദേശക്കാരുടെ മതം.ലോകത്തിലെ തന്നെ ഏറ്റവും പ്രാകൃതവും പ്രാചീനതയും അവകാശപ്പെടാവുന്ന മതം.ഓരോ മതത്തിനും മത ദര്‍ശനങ്ങള്‍ക്കും ഒരു തുടര്‍ച്ച ഉണ്ട്.അതാത് കാലത്ത് ഉണ്ടായ മത ചിന്തകള്‍ ക്രോഡീകരിക്കുകയും പിഴവുകള്‍ വന്നവയെ തിരുത്തിയുമാണ് ഒരോ മതവും ദര്‍ശനവും ഉണ്ടായിരിക്കുന്നത്.
ഏകദൈവ വിശ്വാസത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. ഇന്ന് ലോകത്ത് നിലവിലുള്ള ഒട്ടുമിക്ക മതങ്ങളുടെയും അടിസ്ഥാനം ഏകദൈവ വിശ്വാസമായിരുന്നു.സൂര്യന്, ഭൂമി, പര്വ്വതങ്ങള്, സമുദ്രം തുടങ്ങി നമ്മുടെ ചുറ്റുപാടും രൗദ്രഭാവം പൂണ്ടുനില്ക്കുന്ന ശക്തികളെ ഭയാശങ്കകളോടെ വീക്ഷിച്ച മനുഷ്യന് അവ മുഖേന ഉണ്ടായേക്കാവുന്ന ഉപദ്രവങ്ങളില് നിന്ന് രക്ഷനേടാന് വേണ്ടി അവയെയും മറ്റു ഭൂതങ്ങളെയും ആരാധിച്ചു പോന്നു എന്നാണ് ഇവരുടെ വാദം. ഇതനുസരിച്ച് നിരീശ്വരതയില് നിന്ന് ബഹുദൈവ വിശ്വാസവും തുടര്ന്നു ഏകദൈവവിശ്വാസവും ഉടലെടുത്തുവത്രെ.ലോകനാഗരികതകളില് ഏറ്റവും പഴക്കം ചെന്ന സിന്ധൂനദീതടവാസികള് 'ഓം' എന്ന ഏകനായ ദൈവത്തെയാണാരാധിച്ചത്. അവരുടെ മതവിശ്വാസങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യുന്നിടത്ത് സുപ്രസിദ്ധ ചരിത്ര ഗവേഷകന് മോര്ട്ടിമര് വീലര് അഭിപ്രായപ്പെടുന്നത് ''പ്രതീകങ്ങളും പ്രതിബിംബങ്ങളുമില്ലാത്ത ദൈവത്തെയാണവര് ആരാധിച്ചു പോന്നത്'' എന്നാണ്. ഇന്ന് പ്രതീകങ്ങളില്ലാതെ ദൈവത്തിന് നേരിട്ട് ആരാധനാകര്മങ്ങള് നിര്വ്വഹിക്കുന്ന ഒരേ ഒരു മതവിഭാഗം മുസ്ലിംകള് മാത്രമാണ്.
ലോകത്തുണ്ടായ ഏത് മതവിശ്വാസങ്ങളുടെ ഉദ്ഭവം ഏകദൈവ വിശ്വാസത്തില് നിന്നായിരുന്നു  ഹൈന്ദവ മത ഗ്രന്ധങ്ങളും യഹൂദ ക്രിസ്ത്യന്‍ മുസ്ലീം സിഖ് ബുദ്ധ ജൈന മത വിശ്വാസപ്രമാണങ്ങള്‍ എകദൈവത്തില്‍ ഊന്നിയായിരുന്നൂ.ആര്യന്മാരുടെ വേദഗ്രന്ഥങ്ങളുടെ അടിസ്ഥാന ദൈവസങ്കല്പം ഏകദൈവവിശ്വാസമാണെന്നാണ് പ്രബലവപക്ഷം. അതിനുപോല്ബലകമായ വാക്യങ്ങള് വേദങ്ങളില് കാണാവുന്നതാണ്. ഉദാഹരണമായി ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ 121-ആം സൂക്തം ശ്രദ്ധേയമാണ്:
ഹിരണ്യഗര്ഭഃ സമവര്ത്തതാഗ്രേ
ഭൂതസ്യജാത: പതിരേക ആസിത്
(ഏകനായ ഹിരണ്യഗര്ഭന് ജഗത്തുണ്ടാവുന്നതിനു മുമ്പു തന്നെ വെളിപ്പെട്ടു)പ്രജാപതി, ഹിരണ്യഗര്ഭന്, വിശ്വകര്മാവ് തുടങ്ങിയ പേരുകളൊക്കെ ഏകനായ ദൈവത്തെയഭിസംബോധനം ചെയ്യാനുപയോഗിച്ച വ്യത്യസ്ത പദങ്ങളാണ്.ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്റെ ജ്ഞാനപ്രകാശനമാണ്‌. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു. ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്.ഇതിന്റെ തുടര്‍ച്ചകാളും സ്വാധീനവും ആണ് ജൈന മഹായാന ഹീനയാന മതങ്ങളുടെ പിറവിക്കും കാരണമായത്.പഴയനിയമത്തില്‍ കാണുന്ന്’‘’യഹോവയായ ഞാന്‍ നിന്റെ ദൈവമാണ്,ഞാനല്ലാതെ വേറൊരു ദൈവം നിനക്ക് ഉണ്ടാകരുത്‘’ എന്ന വാക്യം തന്നെ യഹൂദരുടെ ഏക ദൈവവിശ്വാസത്തിന്റെ തെളിവാണ്.ഇതിന്റെ തുടര്‍ച്ചയാണ് ഖുറാനിലെ ‘’ലാ ഇലാഹി ഇല്ല’ള്ളാ’‘എന്ന് ചേര്‍ത്ത് വായിക്കാവുന്നതാണ്.ക്രിസ്ത്യന്‍ പ്രമാണങ്ങളും ബഹുദൈവത്തെ ആരാധിക്കുന്നില്ല.ക്രിസ്തൂ തന്റെ അനിയായികളെ കാണുമ്പോള്‍  ‘’ഷാലോം അലൈകും’‘(സമാധാനം നിന്നോട് കൂടെ)എന്ന് സംബോധന ചെയ്തിരുന്നൂ ഇതിന്റെ തുടര്‍ച്ച തെന്നെ ഖുറാനും പിന്‍ തുടരുന്നൂ.‘’അസ്ലം അലൈകും’‘എന്ന ദര്‍ശനത്തിലൂടെ.ഹിന്ദുമതത്തിലെ ദൃഢമായ ജാതിവ്യവസ്ഥയും ഇസ്ലാം മതത്തിന്റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിർത്താണ് നാനക് സിഖ് മതം സ്ഥാപിച്ചത്.ഏകദൈവത്തിലും എന്നാല്‍ അദൃശ്യനുമായ ദൈവത്തെയാണ് സിഖ് മതം ആരാധിക്കുന്നത്.ഖുറാനിന് ശേഷം വന്ന് സിഖ് മതം മുന്‍ മത വിശ്വാസത്തില്‍ ഊന്നികൊണ്ടാണ് സ്ഥാപിതമായത്.പ്രാചീന ഈജിപ്തിലെ ജനങ്ങളാണെങ്കില് 'ഓസിറസ്' എന്ന പരമോന്നത ദൈവത്തെയാണാരാധിച്ചുപോന്നത്. മൊസപ്പോട്ടോമിയയിലെ ജനങ്ങള് അഹുര എന്ന ദൈവത്തെയാണാരാധിച്ചിരുന്നത്. യഥാര്ത്ഥത്തില് ഇവയെല്ലാം ഏകനായ ദൈവത്തിന്റെ വ്യത്യസ്ത പേരുകളായിരിക്കാം.
ഇന്ത്യയിലെ എല്ലാ നാട്ട് രാജാക്കന്മാരും എല്ലാ മതക്കാരോടും സമാന ചിന്താഗതിയും സഹോര സമീപനവും ആണ് കാട്ടിയിരുന്നത്.കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ വരുന്നതിനും അതു വഴി വ്യാപാരവും പാണ്ടികശാലകളും വികാസം കൊള്ളാനും ഇത് സാഹായകമായി.കേരളിത്തിലേക്കെത്തിയ പോര്‍ച്ച്ഗീസ് വ്യാപാരികളില്‍ തുടക്കക്ക്കാരനും, കേരളത്തിനെ സുഗന്ധ വ്യഞ്ജനങ്ങളുടെ നാടാക്കിയതും,കൊച്ചിയിലെ പാണ്ടികശാലകള്‍ ആരംഭിച്ചതും അത് വഴി ഇന്നത്തെ കൊച്ചിയാകുന്നതിനും കാരണഭൂതമായ ,കേരളത്തിന്റെ വ്യാപര മേഖലയെത്തന്നെ നവീകരിച്ച ആളുമായ കബ്രാളിനെ കേരള ചരിത്രം വിസ്മരിക്കുകയും  ,കേരളത്തിന്റെ സമ്പത്ത് കൊള്ള ചെയ്ത് കൊണ്ട്പോയ വാസ്കോഡ് ഗാമയെ വീരപുരുഷനാക്കിത്തീര്‍ത്തതും ചരിത്രത്തിന് പറ്റിയ കൈത്തെറ്റോ തമാശയോ?
ചരിത്രത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ല എന്ന് പറയുന്നതിനോടോപ്പം ചേര്‍ത്ത് വയ്കേണ്ട ഒന്നാണ് ചരിത്രം നമ്മള്‍ തെറ്റായി വായിക്കപ്പെടുന്നൂ എന്നതും.
ലോകത്താദ്യമായി പൊത് തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരളത്തിലേത് എന്ന് പലവര്‍ഷങ്ങളായി നമ്മള്‍ വായിക്കപ്പെടുകയും അറിവിലേക്ക് ഓര്‍ത്ത് വയ്ക്കുകയും ചെയ്യൂന്നൂ.ഇപ്പൊഴും അത് തന്നെ ആവര്‍ത്തിച്ച് ക്കൊണ്ടിരിക്കുന്നൂ.നിലനിന്നിരുന്ന ഒരു സത്യവും വിശ്വാസവും പൊള്ളയാകുന്നത് അതിലെ ‘സത്യം‘ പുറത്ത് വരുമ്പോഴാണ്. കേരളത്തില്‍ സംഭവിച്ചതിനും 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സാന്മാരിനോ എന്ന കൊച്ച്   രാജ്യത്താണ് പൊതുതിരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി കമ്യൂണിസ്റ്റ് ഭരണം വന്നത്.ലോകത്തെ ഏറ്റവും പഴക്കം അവകാശപ്പെടാവുന്ന ഭരണസംവിധാനവും ലൊകത്തെ ചെറിയ റിപ്പബ്ലിക്കും സാന്മാരിനോതന്നെ.നമ്മുടെ അറിവ് കേടോ,  ചില അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ഈ തെറ്റിദ്ധരിപ്പിക്കലിന് മേല്‍ അടയിരിക്കുന്നതോ?
കേരളസിംഹം പഴശ്ശിരാജാവിന്റെ അന്ത്യത്തെക്കുറിച്ചും ഇങ്ങനെ ചരിത്രം നമ്മെ തെറ്റിദ്ധരിപ്പിക്കുകയുണ്ടായിട്ടുണ്ട്.സ്കൂള്‍ തലം മുതല്‍ കേട്ട് വന്നത് ബ്രിട്ടീഷ് പടക്ക് മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ പഴശ്ശി രാജാവ് ,തന്റെ കൈയ്യില്‍ കിടന്നിരുന്ന രത്നക്കല്ല് കെട്ടിയ മോതിരം വിഴുങ്ങി ജീവനൊടുക്കി നാടിന്റെ അഭിമാനം കാത്തൂ എന്നായിരുന്നൂ.ഈയിടെ പുറത്തിറങ്ങിയ പഴശ്ശി രാജ ചിത്രത്തിലും ഒരു ചരിത്ര സിനിമ ആയിരുന്നിട്ട് കൂടി,നാടകീയതക്ക് വേണ്ടി അതൊരു വീരമരണം ആക്കിത്തീര്‍ത്തൂ സംവിധായകന്‍.പഴശ്ശിക്കഥ പറയുമ്പോള്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനിയില്‍ നിന്നും തുടണ്‍ഗേണ്ടിയിരിക്കുന്നൂ.
1600 ഡിസംബര്‍ 31ന് ഒന്നാം എലിസബത്ത് രാജ്ഞിയില്ല് നിന്നും 21 കൊല്ലത്തേക്ക് ഇംഗ്ലീ‍ീഷ് റോയല്‍ ചാര്‍ട്ടര്‍ ലഭിച്ച ഒരു ജോയിന്റ് സ്റ്റോക് കമ്പനി ആയിരുന്നൂ ഈസ്റ്റ് ഇന്ത്യാ കമ്പനി.അത് പ്രകാരം ഇന്ത്യയിലെ മൊത്തം വ്യാപരത്തിന്റെയും കുത്തക കമ്പനിക്ക് ലഭിച്ചൂ.പരസ്പരം ഒത്തൊരുമ ഇല്ലാതിരുന്ന നാട്ട് രാജാക്ക്ന്മാര്‍ കാഴ്ചക്കാരായി തീരുകയും വ്യാപാരം കമ്പനി നേരിട്ട് നടത്തുകയും ചെയ്തു.പഴയ രേഖകളില്‍ നിന്നും 1801ല്‍ ആണ് സാമൂതിരി പ്രജ ആയിരുന്ന കരുണാകര മേനോന്‍ കമ്പനിയില്‍ ചേര്‍ന്നത് എന്ന് വേണം കരുതാന്‍.
1805 ല്‍ തലശ്ശേരി റവന്യൂ നിയമ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന ടി എച്ച് ബാബറുടെ കീഴിലാണ് കരുണാകരമേനോന്‍ പഴശ്ശിയുടെ അവസാന കാലത്ത് ജോലി ചെയ്തിരുന്നത്.പഴശ്ശിയെ തിരഞ്ഞ് പിടിക്കുന്നതിനായി മാവിലാന്‍ തൊടും പരിസ്സരവും ബ്രിട്ടീഷ് പട്ടാളം അന്വേഷണത്തിനായി പോയ സംഘത്തില്‍ കരുണാകര മേനോനും ഉണ്ടായിരുന്നു,തിരച്ചിലിനിടയില്‍ മാവിലാന്‍ തോട് മുറിച്ച് ഒരു ചെറു യാത്രാ സംഘം പോകുന്നത് കണ്ട് കരുണാകര മേനോനും കൂട്ടരും അവരെ തടഞ്ഞ് നിര്‍ത്തി.കൂട്ടത്തില്‍ രക്ഷപെട്ടേക്കും എന്ന് കണ്ട ഒരാളെ മേനോന്‍ ബലപ്രയോഗിച്ച് തടഞ്ഞുനിര്‍ത്തി.മേനോന്റെ നെഞ്ചോട് ചേര്‍ത്ത് തോക്ക് പിടിച്ച് നില്‍ക്കുന്നത് കണ്ട് മേനോന്റെ ജീവന്‍ അപകടത്തിലാവും എന്ന് കരുതി മേനോന്റെ കോല്‍ക്കാരില്‍ ഒരാള്‍ പഴശ്ശിയെ വെടി വച്ച് വീഴ്ത്തുകയായിരുന്നൂ.മ്ലേച്ചന്മാരുടെ സേവകനായ മേനോന്‍ തന്നെ തൊട്ട് അശ്ശുദ്ധമാക്കരുത് എന്ന് അപ്പോഴാണ് പഴശ്ശി താക്കീത് നല്‍കിയതും.ഈ സംഭവം സബ് കളക്ടര്‍ ബേബര്‍ ,പ്രിന്‍സിപ്പല്‍ കളക്ടര്‍ മാര്‍ഡന് 1805 ഡിസം.31 എഴുതിയ കത്തിലും പറയുന്നുണ്ട്. കരുണാകരമേനോന്റെ വിവരണത്തില്‍ തൊക്ക് തന്റെ നെഞ്ചോട് ചേര്‍ത്ത് പഴശ്ശി മൂന്ന് പ്രാവശ്യം കാഞ്ചി വലിച്ചൂ എന്നും മൂന്ന് പ്രാവശ്യവും അത് പൊട്ടിയില്ല എന്നും കാണുന്നൂ.യന്ത്ര തകരാറോ ഉണ്ടയില്ലാതിരുന്നതോ ആകാം,ഏതായാലും ആ ദൌര്‍ഭാഗ്യമാണ് പഴശ്ശി രാജാവിന് ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്.
ഈ സംഗതികള്‍ തന്നെയാണ് ബേബറുടെ കത്തുകളിലും ലോഗന്റെ വവരണത്തിലും കാണുന്നത്.എന്നിട്ടും വജ്രമോതിരം വിഴുങ്ങി പഴശ്ശി വീരചരമം സ്വീകരിച്ചൂ എന്ന് വിശ്വസിപ്പിച്ചൂ.
ഹിരണ്യഗര്‍ഭം കടക്കാതെതന്നെ ജ്ന്മനാ ക്ഷത്രിയജാതനായിരുന്നൂ പുരളി വംശജരായ കോട്ടയം രാജാക്കന്മാര്‍.തിരുവിതാം കൂര്‍ രാജാക്കന്മാരും കോഴിക്കൊട് സാമൂതിരിയും ഹരണ്യ ഗര്‍ഭം കടന്ന് ക്ഷത്രിയര്‍ ആക്കപ്പെട്ടവരാണ്.
ചരിത്രത്തില്‍ ആദ്യമായി ജാതി ചോദിച്ചത് ശ്രീരാമനാണെന്ന് രേഖകള്‍ കാട്ടിത്തരുന്നുണ്ട്.അവര്‍ണ്ണനായ ശംബൂകന്‍ ബ്രഹ്മജ്ഞാനം നേടാന്‍ തലകീഴായി മരത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍  ശംബൂകനോട് ശ്രീരാമന്‍ ചോദിക്കുന്നുണ്ട്,‘ബ്രാഹ്മണോവ ക്ഷത്രിയോവ വൈശ്യവര്‍ണ്ണോ ശൂദ്രനോവ? എന്ന്.ജാതി ചോദിക്കല്‍ പുതിയ കാലത്തിന്റെ തെറ്റല്ല.പരമ്പരയാ തുടര്‍ന്ന് വന്ന ഒരു വഴക്കമാണ്.സവര്‍ണ്ണജാതിക്കാരന്‍ ഇന്നും പേരിന്റെ വാലില്‍ ജാതി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നുണ്ട്.അവര്‍ണ്ണന് ഇന്നും അവന്റെ ജാതിക്ക് അംഗീകാരമില്ലെന്ന അപകര്‍ഷതാ ബോധവും,സമൂഹത്തില്‍ ഇന്നും നമ്മള്‍ സവര്‍ണ്ണ ജാതികളെ അംഗീകരിക്കുന്നുണ്ട്.രാമന്‍ നായരും പരമേശ്വരന്‍ പിള്ളയും പേരിന്റെ ഭാഗമായി ഇന്നും തുടരുന്നത് അതിനാലാണ്.കേരളത്തിലെ നായര്‍ സമുദായം സ്വജാതി സംരക്ഷണത്തിനായി മലയാളി മെമ്മോറിയല്‍ തുടങ്ങിയപ്പോഴാണ്,ഈഴവ സമുദായ സംരക്ഷണത്തിന് ഈഴവ മെമ്മോറിയല്‍ രൂപം കൊണ്ടത്.തിരുവിതാംകൂറിലെ സ്കൂളുകളില്‍  ഈഴവ വിദ്യാര്‍ത്ഥികള്‍ ക്ലാസിലേക്ക് കയറിയപ്പോള്‍ അയിത്തം ഭയന്ന് നായര്‍ വിദ്യാര്‍ത്ഥികള്‍ ജനാല വഴി ചാടി രക്ഷപെട്ടെന്ന് ചരിത്രം,ഇതേ ഈഴവ വിദ്യാര്‍ത്ഥികള്‍ ഹരിജന്‍ കുട്ടികള്‍ വന്നപ്പോള്‍ അതേ ജനാല വഴി ചാ‍ടിപ്പോയെന്നതും ചരിത്രം.കേരളത്തീലെ എല്ലാ ജാതി പ്രസ്ഥാനങ്ങളും സ്വജാതി സംരക്ഷണത്തിന് വേണ്ടി രൂപികൃതമായ ജാതീയ സംഘടനകള്‍ ആയിരുന്നൂ.കേരളത്തിന്റെ നവോത്ഥാന നായകരെന്ന് പറയപ്പെടുന്നവര്‍കൂടി സ്വജാതി സംരക്ഷകര്‍ മാത്രമായിരുന്നൂ.അല്ലെങ്കില്‍ ഒരിക്കലും ശ്രീ നാരയണ ഗുരു പറയില്ലായിരുന്നൂ ‘‘നോം ഈ ഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്‘’‘ എന്ന്

പ്രണയമെന്നോട് പറഞ്ഞത്

ഗുഹാഭിത്തികളിലെ ലിഖിതങ്ങള്‍ പോലെ
നീ എന്റെ ഹൃദയത്തില്‍ എഴുതിയ നോവുകള്‍
കുത്തിയും കോറിയും നീ എഴുതി രസിച്ച എന്റെ ഹൃത്തടം
പൊരുളറിയാതെ വടുകെട്ടുന്നൂ.
പ്രണയത്തിന്റെ ലിഖിതങ്ങള്‍ , നീ ഊതിക്കെടുത്തിയ
വെളിച്ചത്തില്‍ ,ആരാലും കണ്ടെടുക്കാതെ ഞാന്‍ പുരാവസ്തുവാകുന്നൂ

എന്നെ നിശ്ശ്ബ്ദമാക്കി നീ എന്നില്‍ നിന്നും അകന്ന് പൊകുമ്പോള്‍
എന്റെ കുഴിമാടത്തിനുള്ളിലെ മൌനം നിന്നോട് കയര്‍ക്കും
ഒലിവ് മരങ്ങളുടെ താഴവാരത്തിരുന്ന് ഞാന്‍
നിനക്ക് പ്രണയം തന്നതിന്
നിലാവില്‍ ഗോപുരമുകളിലെ കുരിശ്ശടയാളം
തെളിയും വരെ നിന്നെ പിരിയാതിരുന്നതിന്.
വിശുദ്ധിയുടെ പ്രണയത്തെ  മൂന്ന് വട്ടം തള്ളി പറഞ്ഞതിന്.
ഓര്‍ക്കുക,എന്റെ മൌനം ,അതെന്റെ നിലവിളിയാണ്...

ഒരോ പ്രഭാതവും സായന്തനത്തിലേക്ക് ഒഴുകും പോലെ ഞാന്‍ എല്ലായിപ്പോഴും
നിന്നിലേക്കൊഴുകിക്കൊണ്ടിരിക്കുന്നൂ.
നിന്നോടുള്ള പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എന്റെയീ നിമിഷങ്ങള്‍
ഇല്ലാതാവട്ടേ , ഒടുവില്‍ നിന്റെ പ്രണയത്തിലേക്ക്
ഞാന്‍ ഉതിര്‍ന്ന് വീഴും വരെ.


രാവിന്റെ പ്രണയത്തില്‍ നിന്നും
പകലിന്റെ പ്രണയത്തിങ്കലേക്ക് എത്രദൂരം ?
ഞാന്‍ നിന്നോട് പറയുന്നൂ
നിന്റെ നീലക്കണ്ണുകളില്‍ നിന്നും
എന്റെ കാഴ്ചയിലേക്കുള്ള ദൂരം.


പ്രഭാതത്തില്‍ നീ എന്റെ പ്രണയം അറിയുന്നത്
പനിതുളികളില്‍ സൂര്യനുണരുമ്പോഴാണ്.
സായന്തനങ്ങളിലത്
രാപ്പക്ഷികളുടെ വിട പറയലിന്റെ വിഹ്വലതയാണ്.
ദേവാലയ മുറ്റത്തെ കുരിശുമരത്തില്‍ രാവിറങ്ങുമ്പോള്‍
രാത്രിയിലെ പ്രണയം നിന്നെ തേടിയെത്തും
പ്രണയത്തീന്റെ സമയ മാപിനികള്‍ ഉടയുമ്പോള്‍
പൊടുന്നനേ നിന്റെ ഹൃദയത്തില്‍ നിന്നും ഞാന്‍ വേര്‍പെട്ട് പോകുന്നൂ
പ്രണയം പടിയിറങ്ങുമ്പോള്‍ ശരീരം ഉയിരില്ലാത്ത ഉടല്‍ മാത്രമാകുന്നൂ.
ശിശിരത്തിലെ ഒടുവിലെ നീര്‍ത്തുള്ളിയും വീണ് പോകുമ്പോള്‍
മനസ്സിലെ പ്രണയം വരണ്ടുണങ്ങുന്നൂ
ഉമ്മ വച്ച ചുണ്ടുകള്‍ നിന്റെ പ്രണയത്തെ ഓര്‍ത്ത് തപിക്കുന്നൂ.

പിരിയും മുന്‍പ് എന്റെ പ്രണയം നിന്നോട് നിലവിളിച്ചതാണ് പോകരുതെന്ന്.
ഞാന്‍ നോക്കി നില്‍ക്കേ
ഭ്രമണം തെറ്റിയ ഗ്രഹം കണക്കെ നീ എന്നില്‍ നിന്നും അകന്ന് പോയി.
നീ വിദൂരത്തിലാവുന്നത് ഞാന്‍ കാണുന്നില്ല.
അല്ലെങ്കിലും എന്റെ ഹൃദയത്തില്‍ നിന്നും നിനക്കെന്നാണ്
അകലാനാവുക..?

എന്റെ പ്രണയം നിന്റെ പ്രണയത്തെ അറിയുമ്പോള്‍
 സോളമന്റെ ഹൃദയ ഗീതകങ്ങള്‍ കിന്നരത്തില്‍ നിനക്കായ് ഉതിര്‍ക്കും
ലബനോനിലെ  മുന്തിരിപ്പഴത്തേക്കാള്‍ മാധുര്യം നിന്റെ അധരത്തിനാണ്.
നിന്റെ പ്രണയത്തില്‍ ഞാന്‍ നിദ്രപ്രാപിക്കുകയും
നിന്റെ പ്രണയത്തിലേക്ക് തന്നെ  ഉണര്‍ന്നെണീക്കുകയും ചയ്യുന്നൂ,
എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം പന്നല്‍ ചെടികളുടെ പുഴപൊലെ
 അരികിലേക്കെത്താതെ ഒഴുകിക്കൊണ്ടേയിരിക്കുന്നൂ.
അറേ
ബ്യയിലെ വസനതൈലം പോലെ
നിന്റെ പ്രണയം എന്നിലെപ്പോഴും സുഗന്ധം നിറക്കുന്നൂ.
അഷോബാനിലെ മാതളപ്പഴത്തേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത്
പ്രിയേ, നിന്റെ പ്രണയമാണ്,
നിന്റെ ഹൃദയമിടിപ്പുകളുടെ താള വേഗം എനിക്ക് നിന്നോടുള്ള പ്രണയം.

പടികടന്ന് പോയ പദനിസ്വനം.

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിതെന്നല്ലായി മാറി..

ഗിരീഷ് പുത്തഞ്ചേരിക്ക് ഭൂമിയില്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന് ഗാനമായിരുന്നൂ ഇത്.ഓര്‍ത്തെടുക്കുവാന്‍ നിറയെ മനസ്സിലും,കേട്ട് മതിയാവാതെ നിറയെ കാതിലും ആവശ്ശേഷിപ്പിച്ച്, എന്നേക്കുമായ് കടന്ന് പോയ ആ പദനിസ്വനത്തിന് ഫെബ്രുവരി 10 ഒരു വര്‍ഷം തികയുന്നൂ.ഇതിനോടിടക്ക് എത്രയോ തവണ അമ്മമഴക്കാറിന് കണ്ണ് നിറയുകയും നിലാവ് നീലഭസ്മ കുറിയണിയുകയും രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തുകയും പുലര്‍വെയിലും പകല്‍ മുകിലും കഥ പറയുകയും പൂനിലാമഴകള്‍ പ്യ്തൊഴിയുകയും ചെയ്തൂ.
പുത്തഞ്ചേരി പാട്ടെഴുതിയിരുന്നത് ഓരോ ആസ്വാദകന്റെയും മനസിനുള്ളിലിരുന്നായിരുന്നൂ.ഓരോ വിങ്ങലും നറുപുഞ്ചിരിയും തെല്ലാഹ്ലാദവും ഒരു ഹൃദയം ആയിരം ഹൃദയങ്ങളിലേക്ക് പകരുക ആയിരുന്നൂ. അത്കൊണ്ട് തന്നെ ആയിരുന്നിരിക്കണം ആ ഗാനങ്ങള്‍ എല്ലാം തന്നെ  നമ്മള്‍ നെഞ്ചേറ്റിയിരിക്കുന്നതും.പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തിയത് അവനവനിലേക്ക് തന്നെ ആയിരുന്നൂ.അലസമധുര സ്വപ്നത്തിന് മേല്‍ വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുകയായിരുന്നൂ പുത്തഞ്ചേരി.
ഇത്രയധികം സംഗീതബോധമുണ്ടായിരുന്ന ഒരു കവി മലയാളത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയം.വയലാറിന്റേയും പി ഭാസ്കരന്‍ മാഷിന്റെയും ഗാനങ്ങള്‍ നെഞ്ചിലേറ്റിയ പുത്തഞ്ചേരി ഒരിക്കല്‍ പറഞ്ഞൂ,ചുവന്ന പരവതാനി വിരിച്ച ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍ മുറുക്കിവച്ച ഒരു രുദ്ര വീണയാണ് വയലാറിന്റെ കവിത എങ്കില്‍,താജ് മഹലിന്റെ മുറ്റത്ത് പനിതുള്ളി വീണ് കിടക്കുന്ന പച്ചപുല്‍ ത്തകിടിയില്‍ ഒരു ഗന്ധരവ്വന്‍ മറന്ന് വച്ച് പോയ ഓടക്കുഴലാണ് ഭാസ്കരന്‍ മാഷിന്റെ കവിത.ഇതില്‍ ഒന്ന് തൊടാന്‍ അനുവാദം തന്നാല്‍ ഏത് തൊടും ,തൊടാതിരിക്കും?
ഗാനത്തിന്റെ ആത്മാവ് തൊട്ടറിയാന്‍ കഴിഞ്ഞ കവി വേറൊന്നുണ്ടോ എന്ന് സംശയം.അത്കൊണ്ട് തന്നെ ആയിരിക്കാം ആ വിരല്‍ തുമ്പില്‍ നിന്നൊഴുകിയെത്തിയ വരികളെല്ലാം തന്നെ നമ്മള്‍ സ്വന്തം ആത്മാവിലേക്ക് കുടിയിരുത്തിയത്.ഒരു വിരഹിയും പ്രണയിയും ആയി മാറാന്‍ കഴിഞ്ഞിരുന്നൂ പുത്തഞ്ചേരിക്ക്.പാലില്‍ കല്‍ക്കണ്ടം ചാലിക്കുന്നത് പോലെയാണ് പ്രണയം എന്ന് പുത്തഞ്ചേരി പറഞ്ഞിരുന്നൂ.ആ കല്‍ക്കണ്ട മധുരമാണ് വരികളായി ഉതിര്‍ന്ന് വീണത്. പ്രണയം തിരിച്ച് പോയപ്പോഴോ പ്രണയം പ്രതീക്ഷിച്ച് നിന്നപ്പോഴോ  ഓരോ പ്രണയിയും മന്ത്രിച്ചത്, പുത്തഞ്ചേരിയിലൂടെ ആയിരുന്നിരിക്കണം ഒരു വേള,‘ആരോ വിരല്‍ മീട്ടി‘യതും,‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെ‘ത്തിയതും,‘എത്രയോ ജന്മാമായി നിന്നെയും തേടി‘ നടന്നതും അങ്ങനെ അങ്ങനെ മനസ്സിന്റെ വ്യഥകള്‍ക്കും വിരഹത്തിനുമൊപ്പം സഞ്ചരിച്ചിരുന്നൂ ആ വരികളും.
 വിരഹവും വിഷാദവും ദാര്‍ശനിക ചിന്തകളും അന്യമായിരുന്നില്ല പുത്തഞ്ചേരിക്ക്.കണ്ണും നട്ട് കാത്തിരുന്നിട്ടും,കനക മുന്തിരികള്‍..ആകാശ ദീപങ്ങള്‍ സാക്ഷി..ഇങ്ങനെ ഒരേ സമയം കാമുകനാവാനും വിരഹിയാകാനും യോഗിയാകാനും കഴിഞ്ഞിരുന്നൂ പുത്തഞ്ചേരിക്ക്.
''എഴുത്തില്‍ സത്യസന്ധത എനിക്ക് നിര്‍ബന്ധമാണ്. സിനിമാപാട്ടെഴുത്തിന് കവിത്വം ആവശ്യമില്ല, എനിക്കത് തൊഴിലാണ്. അതില്‍ തൃപ്തി നേടാന്‍ കഴിയണമെന്നതാണ് പ്രധാനം''-പുത്തഞ്ചേരി തന്റെ ന്യായം തുറന്നു പറഞ്ഞിരുന്നു.അക്ഷരങ്ങളെയും വാക്കുകളേയും ഇത്രയധികം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് പഠിപ്പിച്ച മറ്റോരു രചയിതാവ് അധികം ഉണ്ടാകില്ല.പുത്തഞ്ചേരിക്ക് ഗാനരചന ആയാസം ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല,ആ മനസ്സിലേക്കത് ഒഴുകിയിറങ്ങുകയായിരുന്നൂ.
വയലാര്‍ എന്ന പ്രതിഭാസത്തിന് ശേഷം പി ഭാസ്കരനും ശ്രീകുമാരന്‍ തമ്പിയും യൂസഫലിയും ഒ എന്‍ വിയും കൈതപ്രവും നമ്മുടെ ഗാനശാഖയെ സുരഭിലമാക്കിയിരുന്നൂ.അതിന് ശേഷം നല്ല ഗാനങ്ങള്‍ എണ്ണപ്പെട്ട് തുടങ്ങിയകാലത്താണ് ആത്മാവിലേക്ക് കുടിയിരിക്കുന്ന വരികളുമായി പുത്തഞ്ചേരി കടന്ന് വരുന്നത്.കഥാപാത്രത്തിന്റെ മാനസിലേക്ക് കയറിച്ചെന്ന് കഥാഗതിക്കിണങ്ങുന്ന വരികള്‍ ചേര്‍ത്തെഴുതിയത് പലതും നമ്മുടെ മനസ്സിന്റെയോ ജീവിതത്തിന്റെയോ ഭാഗമായി നില്‍കുന്ന വരികള്‍ തന്നെ ആയിരുന്നൂ.നീലകണ്ഠന്റെ നെഞ്ച് പിടഞ്ഞ സൂര്യകിരീടം വീണുടഞ്ഞത് നമ്മില്‍ ഓരോരുത്തരിലുമായിരുന്നൂ.എപ്പോഴെങ്കിലും നമ്മളും വിലപിച്ച് പോകുന്നൂ ഇനിയോരു ജ്ന്മം വീണ്ടും തരുമോ അമ്മേ എന്ന്
  ചിലരുടെ കാര്യത്തിലെങ്കിലും ചിലപ്പോള്‍ നമ്മള്‍ കൊതിക്കാറുണ്ട്,നമ്മുടെ ആയുസ്സ് ഉള്ളിടത്തോളം കാലം ഇവരും ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന്.അര്‍ത്ഥശൂന്യമായ ആ ആഗ്രഹം നെഞ്ചിലൊതുക്കി നമുക്കായ് എഴൂതി വച്ച വരികള്‍ ഓര്‍ത്തെടുത്ത് ആശ്വസിക്കുമ്പോള്‍ ഒടുവില്‍ ഒരു നിശ്വാസം മാത്രം നെഞ്ചില്‍ കുരുങ്ങുന്നൂ

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറു ചിമിഴില്‍
പാതി പാടുമൊരു പാട്ടുപോലെ…
അതിലലിയാന്‍ കൊതിയല്ലേ…?