Sunday, September 19, 2010

പ്രണായാഷ്ടകം

പ്രണയത്തിന്റെ മുറിവില്‍ ചുംബിച്ച് ചുംബിച്ച്
എന്റെ ചുണ്ടുകള്‍ കയ്ക്കുന്നൂ.
പ്രണയം ഒരു വെണ്‍ശംഖ് പോലെ,
പ്രാണനെടുത്തൊന്നൂതിയാല്‍ കേള്‍ക്കാം
തിരതിന്ന കടലിന്റെ നിലവിളി.
എത്രാ ഊതിനിറച്ചാലും ഉള്ളിലെന്നും
വിലാപങ്ങളുടെ ശൂന്യത മാത്രം.
പ്രണയമൊരു കവിത പോലെ,
അറിയും തോറും അറിയാത്ത ആഴങ്ങളിലേക്ക്,
വാക്കിലും വരിയിലും ആസ്വാദനത്തിന്റെ വ്യഭിചാരം.
ആത്മാവിലേക്കെത്ര അലിഞ്ഞാലും
‘യതി’ യൊന്ന് മാറിയാല്‍ മതി താളം പിഴക്കാന്‍.
പ്രണയമൊരു പൂക്കാലം പോലെ,
ഏഴുനിറങ്ങളിലെത്ര വിടര്‍ന്ന് നിന്നാലും
ഒടുവില്‍ കൊഴിയുകതന്നേ ചെയ്യും.
പ്രണയം നറുനിലാവ് പോലെ,
തുണയറ്റ രാവില്‍ നീലവെളിച്ചം പോലെ
നിന്റെ പ്രണയം.
പൂ നിലാവെത്ര പെയ്താലും ഒരു മേഘക്കീറ് മതി
എല്ലാം ഇരുളിലാവാന്‍.
പ്രണയം ഇളവെയില്‍ പോലെ,
എന്നിലേക്ക് തന്നെ എത്തുന്നൂ.
ഉച്ചിയിലെത്ര ഉദിച്ച് വന്നാലും
ഒരു നിഴല്‍ പോലുമാവതെ പിന്നിലൂടെ
ഒഴുകിയിറങ്ങി ഒലിച്ച് പോകുകതന്നെ ചെയ്യും.
പ്രണയമൊരു പെരു മഴപോലെ,
ഓര്‍മ്മകളില്‍ നനഞ്ഞൊലിച്ച്
ജീവിതം മുഴുവന്‍ ഈറനണിയാം
പ്രണയമൊരു പുഴപോലെ,
എത്ര ചേര്‍ന്നൊഴുകിയാലും
ഒരിക്കല്‍ വഴി പിരിയുകതന്നെ ചെയ്യും.
പ്രണയം വറ്റിയ പുഴയുടെ പ്രേതം
കരളിന് കുറുകേ കുരുങ്ങിക്കിടക്കുന്നൂ.
ഒടിവില്‍ പ്രണയം പ്രണയം പോലെ,
വിരല്‍ത്തുമ്പിലൂടിറ്റിറ്റ്;
പ്രാണനും ചോര്‍ത്തിക്കൊണ്ട് പടിയിറങ്ങുന്നു.
പ്രണയത്തിന്റെ മുറിവില്‍ ചുംബിച്ച് ചുംബിച്ച്
വീണ്ടും എന്റെ ചുണ്ടുകള്‍ കയ്ക്കുന്നൂ.

സമ്പന്നരുടെ ഇന്ത്യ,ദരിദ്രരുടേയും.

വര്‍ഷംതോറും പുറത്തിറക്കുന്ന ആഗോള കോടിശ്വരന്മാരുടെ എണ്ണവും വ്യാപ്തിയും കണ്ട് ലോകത്തിലെ ദരിദ്രകോടികളും അന്നംകിട്ടാതെ മരിച്ച കുട്ടികളും ചിരിക്കുന്നൂ.നിരവദ്യമായ പുഞ്ചിരി.കഴിഞ്ഞവര്‍ഷത്തെ കോടീശ്വര പട്ടിക അതിന്‍ മുന്നിലേതിനേക്കാള്‍ നീളംകൂടിയതണ്.1011 കോടിശ്വര ഭീമന്മാരാണ് പുതിയ പട്ടികയില്‍.680 കോടിവരുന്ന ലോകജനസംഖ്യയില്‍ നിന്നും ഈ പ്രഭുക്കളുടെസ്ഞ്ചിത സ്വത്ത് ഏതണ്ട് 3569 ബില്യണ്‍ ഡോളര്‍ വരും.115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നിന്നും 36 പേര്‍ 2007ലെ ലിസ്റ്റില്‍ ഇടംകണ്ടിരുന്നൂ എങ്കില്‍ ,2008ല്‍ 24ഉം കഴിഞ്ഞവര്‍ഷമത് 49 ആയി ഉയര്‍ന്നൂ.കോടീശ്വരന്മ്‍ാര്‍ നേര്‍ ഇരട്ടി ആയിരിക്കുന്നു.ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ നമുക്ക് അഭിമാനം തോന്നുന്നുന്നുവെങ്കില്‍ നമുക്ക് ലജ്ജിക്കുകയും ചെയ്യാം.യഥാര്‍ത്ഥ ഇന്ത്യയെക്കണ്ട്.
ലക്ഷങ്ങള്‍ ചെലവ് ചെയ്ത് മാര്‍മ്പിള്‍ തറയോട് പാകി സുഗന്ധപൂരിതമായ പഞ്ചനക്ഷത്ര ടോയ് ലെറ്റ് ആണ് ഈ അഭിമാനമെങ്കില്‍,അതിനടിയില്‍ ദുര്‍ഗന്ധം വമിക്കുന്ന് മലമുണ്ട് എന്ന സത്യം നമ്മള്‍ അറിയാതെപോകുന്നൂ.കോടീശ്വരഭീമന്മാര്‍ തിന്ന് കൊഴുത്ത് കാഷ്ഠി ച്ചതിന്റെ ബാക്കിപത്രമ്മാണ് ഈ മലക്കുമ്പാരം ദരിദ്രകോടികളുടെ രൂപത്തില്‍ അടിഞ്ഞ് കൂടുന്നത്.തിളങ്ങുന്ന ടോയ് ലെറ്റുകള്‍ക്കടിയില്‍ നാറുന്ന മലമാണ്.അഭിമാനിക്കുന്ന കോടിശ്വരഭീമന്മാരെ നോക്കി പല്ലിളിക്കുന്നത് ഇവിടെ വിശന്ന് മരിച്ച കുഞ്ഞുങ്ങളാണ്,തെരുവോരത്ത് തണുത്ത് മരിച്ച യാചകരാണ്.ഇന്ത്യയില്‍ ജനിച്ച് ഇന്ത്യ്ക്കാരന്റെ ആനുകൂല്യം കിട്ടാതെപോയ,ഒരു റേഷന്‍ കാര്‍ഡും കയ്യില്‍ ഇല്ലാതെ ഇവിടെജനിച്ച് മരിച്ച നിരാലമ്പരാണ്. ഒരു വിഭാഗം സമ്പന്നമാകുമ്പോള്‍ മറ്റൊരു വിഭാഗം ദരിദ്രരാകുന്നൂ എന്നത് സമ്പത്തികശാസ്ത്രത്തിന്റെ കണക്കിലെ കളിയാണ്.ഞാന്‍ ഒരുവര്‍ഷം വെള്ളം തേകി വളമിട്ട് നട്ട് വള്ര്ത്തിയ വാഴയിലെ കുല വെട്ടി വിപണിയിലെത്തിക്കുമ്പോള്‍ എനിക്ക് കിട്ടുന്നത് 20 രൂപയാണെങ്കില്‍ അത് എന്റെ ഒരു വര്‍ഷത്തെ അദ്ധ്വാനവും ക്രുഷിച്ചിലവും നോക്കിയാല്‍ എനിക്ക് കിട്ടുന്ന തുക തീര്‍ച്ചയായും നഷ്ടത്തിന്റെ കോളത്തിലാവും.ഒരദ്ധ്വാനവും ഇല്ലാതെ വ്യാപാരിക്ക് കിട്ടുന്ന് ത് ലാഭവും.ഈ തരതമ്യത്തിലാണ് സമ്പന്നതയുടെ പിന്നാലെ ദാ‍രിദ്ര്യവും വരുന്നത്.
ഒറ്റ വര്‍ഷം കൊണ്ട് കോടീശ്വരന്മാരുടെ എണ്ണം നേര്‍ ഇരട്ടിയായത് ഇന്ത്യയില്‍ മാത്രം.ഈ വളര്‍ച്ച കാണിക്കുന്നത് ഭാവിയില്‍ സ്രുഷ്ടിക്കപ്പെട്‍ാന്‍ പോകുന്ന സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥയെയാണ്.ഒരു വിഭാഗം സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാറിപ്പോകുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യും. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പോലും അന്യവല്ക്കരിക്കപ്പെട്ട ഒരു ജനസഞ്ചയം ഇന്ത്യയിലുണ്ട്.ഏതാണ്ട് ആകെ ജനസംഖ്യയുടെ പകുതിവരും ആ കണക്ക്.വൈദ്യുതി സ്കൂള്‍ വിദ്യാഭ്യാസം,ശുചിത്വം,വസ്ത്രങ്ങള്‍,പാര്‍പ്പിടം എന്നീ അവശ്യസൌകര്യങ്ങള്‍ പോലും എന്തെന്നറിയാതെ ജീവിക്കുന്നവര്‍.ജീവിതത്തിലൊരിക്കല്‍ പോലും ടിവി എന്നത് കണ്ടിട്ടില്ലാത്തവര്‍ ബസ്സില്‍ കയറി യാത്രചെയ്തിട്ടില്ലാത്തവര്‍ ഈ 2010ലും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്നൂ..
സാ‍ങ്കേതികവിദ്യയുടെ സഹായത്താല്‍ വര്‍ദ്ധിച്ച ഉല്പാദനവും തല്‍ഭലമായി സ്വകാര്യസ്വത്തിന്റെ കുമിഞ്ഞ് കൂടലും നടക്കുന്നു.ഇത് ഒരു വിഭാഗത്തില്‍ മാത്രം കേന്ദ്രീകുതമവുകയും സമ്പ്ത്തിന്റെ സന്തുലിതവിനിമയക്രമം തകിടം മറിയുകയും ചെയ്യുന്നു.2006 ലെ കണക്ക് പ്രകാരം മുകേഷ് അമ്പാനിയുടെ സമ്പത്ത് 7 ബില്യണില്‍ നിന്നും 20.1ബില്യണ്‍ ഡോളറായി കുത്ത്നേ ഉയര്‍ന്നൂ.അനിലിന്റേത് അഞ്ചില്‍ നിന്നും 18.2 ആയും അസ്സിം പ്രേംജിയുടേത് 11 നിന്നും 17.1 ബില്യണ്‍ ഡോളറായും ഉയര്‍ന്നൂ. സാമ്പത്തികമാന്ദ്യത്തിനിടയിലും പോയവര്‍ഷത്തേതില്‍ നിന്നും പുതിയ കോടിശ്വര ഭീമന്മാര്‍ ഈ വര്‍ഷം പിറവികൊണ്ടൂ.
ഇത് ഫോബ്സിന്റെ ലിസ്റ്റില്‍ ഇടം പിടിച്ച സ്മ്പന്നരുടെ പേരുകള്‍ മാത്രം,11 ബിലിണ്‍ ഡോളര്‍ മുട്ക്കി കോറസ്സ് സ്റ്റീല്‍ ഉള്‍പ്പടെ നിരവധി വന്‍ കമ്പനികളെ ഏറ്റെടുത്ത ടാറ്റയുടെ വന്‍ സാമ്രാജ്യം ലിസ്റ്റിലെങ്ങും കാണാനില്ല.2009 ലെ ലിസ്റ്റ് പ്രകാരം ലോകത്ത് 946 കോടീശ്വര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.ഈ വര്‍ഷമത് 1011കുടുംബങ്ങളായി ഉയര്‍ന്നൂ.
1990 മുതല്‍ ലോകാരോഗ്യസംഘടന(UNDP – United Naions Development Programme)ലോകരാഷ്ട്രങ്ങളുടെ മാനുഷികവികസനത്തിന്റെ തോത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നൂ.ആയുര്‍ദൈര്‍ഘ്യം,സ്കൂള്‍ പ്രവേശനം,പൊതുജന ശുചിത്വം,ജീവിതനിലവാരം എന്നീ ഘടകങ്ങളെ പരിഗണിച്ചാണ്‍ ഈ അവലോകനം നടത്തിവരുന്നത്.2009 ല്‍ പുറത്തിറ്റക്കിയപഠനപ്രകാരം ഇന്ത്യ 182 രാജ്യങ്ങളുടെ ഇടയില്‍ 134- മാത്രമാണ് നിലയുറപ്പിച്ചത്.മുതലാളിത്തത്തെ എതിര്‍ക്കുകയും സോഷ്യലിസം പ്രസംഗിക്കുകയും ചെയ്യുന്ന് ഇന്ത്യക്ക് എന്നും മാത്രുകയാകുന്ന് റഷ്യ 56 ല്‍ സ്ഥാനം പിടിച്ചൂ.UNDP റിപ്പോര്‍ട്ടില്‍ ജീവിതനിലവാര വികസനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം നോര്‍വെയാണ്.അവിടെനിന്നും കോടിശ്വര പട്ടികയില്‍ കടന്നത് വെറും നാല് പേര്‍ മാത്രം. മൂന്ന് വര്‍ഷമായി ഈ സംഖ്യ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നൂ. ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 5വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പകുതിപ്പേരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്.378 മില്യണ്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്,അതില്‍ 75 % ചേരിപ്രദേശങ്ങളിലും ഗ്രാമങ്ങളിലുമാണ്.ആകെ ജനസംഖ്യയുടെ 30% ത്തിന്റെയും പ്രതിദിന വരുമാനം 1യൂറോയില്‍ താഴെ മാത്രമാണ്.ഇന്ത്യയില്‍ വര്‍ഷം തോറും പട്ടിണിയിലും ആരോഗ്യക്കുറവിലും 400000 കുട്ടികള്‍ മരിക്കുന്നു വെന്ന് ലോകാരോഗ്യ സംഘടയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.30%കുട്ടികള്‍ പോഷകാഹാരത്തിന്റെ കുറവ് അനുഭവിക്കുന്നൂ, 62മില്യണ്‍ ജനങ്ങള്‍ക്ക് വീടുകളില്ല.സര്‍ക്കാര്‍ പട്ടികയില്‍ കണ്ടും കാണാതെയും ചേരികളീല്‍ ജീവിക്കുന്ന ലക്ഷങ്ങള്‍ വേറെ
ആകെ ജനസംഖ്യയുടെ 30% ത്തിന്റെയും പ്രതിദിന വരുമാനം 1യൂറോയില്‍ താഴെ മാത്രമാണ്
(50-55 രൂപപോലും വരുമാനമില്ലാത്ത 35കോടിയോളം ജനങ്ങള്‍ )150 മില്യണ്‍ ജനത വസിക്കുന്നത് ചേരികളിലാണ്.ലോകത്തെ ഏറ്റവും വലിയ ചേരിയെ ഉയര്‍ത്തി ഇന്ത്യ തിളങ്ങുകയാണ്.5 വയസ്സില്‍ താഴെ പ്രായമുള്ള 10 മില്യണ്‍ കുട്ടികള്‍ വര്‍ഷം തോറും ഇന്ത്യയില്‍ മരിക്കുന്നൂ.2മില്യണ്‍ കുട്ടികള്‍ ഓരോ 15 സെക്കന്റിലും ഇന്ത്യയില്‍ മരിക്കുന്നൂ എന്നത് ലോകത്തെ തന്നെ ഏറ്റവും കൂടിയതും ഞെട്ടിപ്പിക്കുന്നതുമാണ്. ഇന്ത്യയിലെ കുട്ടികളില്‍ പകുതിപ്പേരും പോഷകാഹാരം കിട്ടാതെ ജീവിക്കുന്നൂ.
ലോകത്തെ 20 കോടീശ്വരന്മാരില്‍ രണ്ട് പേരുള്ള രാജ്യത്ത് തന്നെയാണ് ,(ഏഷ്യയിലെ 25 കോടിശ്വരന്മാരില്‍ 10 പേര്‍ ഉള്ളതും ഏഷ്യയില്‍ മുന്നില്‍ നില്‍കുന്നതും ഇന്ത്യ തന്നെ). ലോകത്തെ ദരിദ്രരുടേയ പട്ടിണിക്കാരുടേയും പകുതിയും ജീവിക്കുന്നത്.മാറിവരുന്ന ഭരണകര്‍ത്താക്കള്‍ വികസനത്തിന്റെയും വിജയത്തിന്റെയും കഥകള്‍ മാത്രം പറഞ്ഞ് ഇന്ത്യയെ തിളക്കുമ്പോള്‍ പ്രതീക്ഷയുടെ അവസാന വെളിച്ചവും ഊതിക്കെടുത്തി ഇരുളിലേക്ക് മറയുന്ന ഈ ദരിദ്രകോടികളെ ആര് കേള്‍ക്കാന്‍.

എന്റെ കലാലയ സ്മരണകള്‍...

ഗ്രാമത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള കോളേജിലേക്കായിരുന്നൂ ബിരുദപഠനത്തീനായി പോയത്.ഞങ്ങളുടെ നാട്ടില്‍ നിന്നും കോളെജ് വഴി പോയിരുന്നത് അന്ന് രണ്ടേ രണ്ട് ബസുകള്‍ മാത്രം.ഇന്ന് സ്ഥിതി മാറിയിരിക്കുന്നൂ,അതും ഇല്ലാതായിരിക്കുന്നൂ.യാത്രയുടെ ഈ അസന്തുലിത മൂലം
എന്നുംഅരമണിക്കൂര്‍ നേരത്തേ കോളേജിലെത്തിയിരിക്കും.

മിക്കവാറും ആദ്യ പീരിയഡ് ഉലഹന്നാന്‍ സാറിന്റെ ലോകചരിത്രമാണ് .ഉലഹന്നാന്‍ സാറിന് ഒരുവിളിപ്പേരുണ്ടായിരുന്നൂ.ഉപ്പായി.അപ്പനമ്മമാര്‍ സ്നേഹത്തോടെയും നാട്ടുകാര്‍ഇരട്ടപ്പേരായും അത് വിളിച്ച് പോന്നൂ.പണ്ടെങ്ങോ കോളേജില്‍ പഠിച്ചിരുന്ന,ഉപ്പായിസാറിന്റെ അയല്‍ പക്കക്കാരനായ സാബുവാണ് ഈ രഹസ്യവിവരം കോളേജില്‍എത്തിച്ചത്.അന്ന് മുതല്‍ കുട്ടികളും രഹസ്യമായും പരസ്യമായും നീട്ടി വിളിച്ചൂ...ഉപ്പായിമാഷേ ..എന്ന്.കളിയാക്കി വിളിച്ചൂ എന്നറിഞ്ഞാല്‍ ഉപ്പായി സാര്‍ ഒരുചീറ്റപ്പുലിയാകും.

കരിമ്പാറയില്‍ ഡ്രില്‍ ചെയ്യുന്ന ശബ്ദത്തില്‍ ഉപ്പായി സാര്‍ ഹിസ്റ്ററി എടുക്കുന്നത് കേള്‍ക്കുന്നതിലും ഭേദംമരണമായിരുന്നൂ.എന്തുകൊണ്ടോ ഞങ്ങള്‍ മരിച്ചില്ല. ഹിസ്റ്ററി തനിയേ പഠിക്കേണ്ട ഒന്നാണ്എന്ന് പഠിപ്പിച്ചത് ഉപ്പായി സാറാണ് .കുത്തും കോമയും കോളനുമില്ലാതെ ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും റെനെയ്സാന്‍സ്സും എല്ലാം ഞങ്ങളെ നോക്കി പല്ലിളിച്ചൂ.യൂണിവേഴ്സിറ്റി
സിലബസ് അഡ്വൈസറി മെമ്പര്‍മാരെ,ഹിസ്റ്ററി എന്ന് പീഡ്ഡനം എന്തിന് ഞങ്ങളുടെസബ്ബാക്കി?ആല്പ്സ് പരവ്വതനിരയെ വിറപ്പിച്ച ചക്രവര്‍ത്തി ആ ഉടവാളോന്ന് വീശൂ ഞങ്ങളെനീ മോചിപ്പിക്കൂ

ഉപ്പായിസാറിന്റെ ക്ലാസ് അറുബോറായിരുന്നെങ്കിലും ക്ലാസില്‍ ഞങ്ങള്‍ എല്ലാവരും വിനയകുനയന്മാരുംകുനിയികളുമായിരുന്നൂ.അത് ഉപ്പായി സ്സാറിന് മാത്രം വശമുള്ള ഒരു ഷോക് ട്രീറ്റ്മെന്റ് രഹസ്യമാണ്.

കോളേജില്‍ ചേര്‍ന്നതിന്റെ മൂന്നാം ദിവസ്സം ആയിരുന്നൂ ഉപ്പായിസ്സാറിന്റെ ആദ്യക്ലാസ്.വലിയഒരു രജിസ്റ്ററുംതാങ്ങി സാര്‍ ക്ലാസിലേക്ക് വന്നൂ.നേരേ പേര്
വിളിക്കാന്‍തുടങ്ങി.ഫസ്റ്റ്ബഞ്ചില്‍ മൂന്നാമതായിരുന്നൂ ഞാന്‍.ഊരിപ്പോയ ഫൌണ്ടെന്‍ പെന്നിന്റെ ടോപ്പ്കുനിഞ്ഞിരുന്ന് തിരയുന്നതിനിടയിലാണ് എന്റെ പേര് വിളിക്കുന്നത് കേട്ടത്.കുനിഞ്ഞ് കിടന്ന്തന്നെ പറഞ്ഞൂ യേസ് സാര്‍.ദാ വരുന്നൂ അടുത്തത്-എന്താടാ നിനക്ക് തലയില്ലേ?’‘ചമ്മലോടെപറഞ്ഞൂ ‘’സാര്‍ പെന്നിന്റെ ക്യാപ് ഊരിപ്പോയി അത് നോക്കുവാരുന്നൂ.’‘പിന്നെ അവിടെ
വീണത് ഒരു ആറ്റം ബോംബ് ആയിരുന്നൂ.‘’ഓ..നിന്റെതിനപ്പോ നീ ക്യാപ്പും
ഇട്ടോണ്ടാണൊവന്നിരിക്കുന്നേ
’‘കൂട്ടച്ചിരികള്‍ക്കിടക്ക് ബാക്കി ഞാന്‍ കേട്ടില്ല.പിന്നീട് മൂന്ന് വര്‍ഷക്കാലം ഉപ്പായി സാറിന്റെ ക്ലാസില്‍ഞാന്‍ നല്ലോരു വിദ്യാര്‍ത്ഥി ആയിരുന്നൂ.

ഉപ്പായിസാറിന്റെ കരകര ശബ്ദത്തിലും ക്ലാസിലിരുന്നുറങ്ങിയിരുന്ന ഒരാളുണ്ടാ‍യിരുന്നൂ,പിന്‍ ബഞ്ചില്‍ ബിജുകുര്യാക്കോസ്.ഞങ്ങള്‍ക്കെല്ലാം അവനൊരു അത്ഭുതജീവിയായി മാറുകയായിരുന്നൂ.കേളേജിന്റെനൂറ് മീറ്റര്‍ ദൂരെ നിന്നേ അറിയാം ഉപ്പായിസാര്‍ കോളേജില്‍ വന്നിട്ടുണ്ടോഎന്ന്.അത്രക്ക് പൊലിമയായിരുന്നൂ ആ ശബ്ദത്തിന്.ആ ഉച്ചഭാഷിണിക്കിടയിലും ഇത്രക്ക്
ശാന്തനായി ഉറങ്ങുന്ന അവന്‍ അത്ഭുതമല്ലാതെ മറ്റെന്ത്?

ഒടുവില്‍ ഞങ്ങള്‍ ആ അത്ഭുതം കണ്ടെത്തി,അവന്റെ അമ്മ ജില്ലാഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നൂ.അവര്‍ കൊണ്ടുവന്ന് വച്ചിരുന്ന പഞ്ഞിമുഴുവന്‍ അവനൊരു പേപ്പറില്‍ പൊതിഞ്ഞ് ഡസ്കിന്റെ ഒരു വിടവില്‍തിരുകി വച്ചിരിക്കുന്നൂ.ഉപ്പായി സാറിന്റെ ക്ലാസില്‍ പഞ്ഞിയെടുത്ത് ചെവിയില്‍തിരുകി സുന്ദരമായി നിദ്രപ്രാപിക്കും,ആനിയമ്മ നെഴ്സിന്റെ ഈ കുഞ്ഞാട്.സെക്കന്റ്ഫ്ലോറില്‍ ഡിപ്പാര്‍ട്ട് മെന്റിനൊട് രണ്ട് ക്ലസ് ഇപ്പുറത്തായിരുന്നൂ ഞങ്ങളുടെക്ലാസ്.അത് വഴിപോകുന്ന് തരുണീമണികള്‍ക്ക് ഞങ്ങളുടെ ക്ലാസ് റൂം ഒരു ബര്‍മുഡാട്രയാഗിള്‍ അയിരുന്നൂ.അതിന്റെ നേതാവു രതീഷും.,പകുതി സമയം സഖാവും ബാക്കി
പകുതിക്ക് വിദ്യാര്‍ത്ഥിയുമായിരുന്നു രതീഷ്.ഇടവേളകളില്‍ ക്ലാസ് വരാന്തയില്‍ ഞങ്ങള്‍ ഒരുനിരതന്നെ തീര്‍ക്കും.രതീഷും റോബിനും,എന്നും താരത്തിളക്കത്തോടെ
ഞങ്ങള്‍ക്കിടയില്‍മിന്നി നിന്നൂ.കൂടെ ഓളം തീര്‍ത്ത് ജോസിയും മമ്മൂട്ടി തലക്ക് പിടിച്ച് നടന്ന്അനൂപും അനിയനും,ബിജുവും,ജോണും
.ഞാനും


വരാന്തയില്‍ രതീഷിന്റെ പതിവ് നമ്പര്‍ ഉണ്ടായിരുന്നൂ..’‘എടി മോളേ,ഭൂതം പറയും ഭാവി പറയുംഇല്ലേല്‍ നമുക്ക്സ്വല്പം വര്‍ത്തമാനം പറയാം..’‘ഈ നമ്പരിട്ടാണ് ബി എ ഇംഗ്ലീഷിലെ ലിന്‍ഡയെ രതീഷ് കറക്കി വീഴ്ത്തിയതും പിന്നീട് ഒരു ഭൂകമ്പമായതും.ലിന്‍ഡ ഇടക്ക് വച്ച് പഠനം നിര്‍ത്തിയതും.

ഞങ്ങള്‍ കാവലില്ലാത്ത നേരം അയല്‍ ക്ലാസിലെ കശ്മലന്മാര്‍ ഞങ്ങളുടെ ക്ലാസില്‍ കയറി സൊള്ളുകപതിവയിരുന്നൂ.ഞങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്ത ഇതെങ്ങനെ സഹിക്കാന്‍ പറ്റും?വന്നവരെ ഭീഷണിപ്പെടുത്തി,വരാതെ കാവലിരുന്നൂ.അതിന് കിട്ടിയ പ്രതികാരം ലേശം കടുത്തതായിരുന്നൂ.പുറം രാജ്യത്തെ ആക്രമണകാരി ആയിരുന്നാ ബിജോ പണിപറ്റിച്ചു കടന്ന് കളഞ്ഞൂ.

അന്ന് ആദ്യ പീരിയഡ് ഉപ്പായിസാറിന്റെതാണ് ‍.ബിജൊയുടെ അപ്പന്റപ്പന്‍ കോരമാപ്ല അലക്കി വിരിച്ച കരിമ്പടം പോലെ അന്നും വെള്ളച്ചുവരില്‍
നെടുനീളത്തില്‍ ബ്ലാക്ക് ബോര്‍ഡ് പതിവിലും വൃത്തിയില്‍.അതില്‍ ചോക്ക്
നനച്ച് കനത്തില്‍ എഴുതി വച്ചിരിക്കുന്നൂ.’‘കടല്‍ വെള്ളം വറ്റിച്ചാല്‍ എന്തായി
മാറും...?
താഴെ എഴുതി,
ഉപ്പായി മാറും..’‘
ലാസറിനൊട് പൊറുത്ത് കൊടുത്ത പിതാവേബിജോയോട് ഞങ്ങള്‍ എങ്ങനെ പൊറുക്കും.മലഞ്ചരക്ക് കച്ചവടക്കരനായ അവന്റപ്പന്‍ അവനെന്തിനാണ് ഇങ്ങനെയൊരു ബുദ്ധികൊടുത്തത്?

ആരും തുടച്ചില്ല.അത് ഉപ്പായിസാറിനെ കാത്ത് ആറടിനീളത്തില്‍ അങ്ങനെ കിടന്നൂ.ബെല്ലടിച്ചൂ.ആറടിനീളത്തില്‍ ഉപ്പായി സ്സാര്‍ ക്ലാസില്‍ പ്രത്യക്ഷപ്പെട്ടൂ. എല്ലാവരുടേയും ശ്വാസം നിലച്ചിരിക്കുന്നൂ.കൊലക്കയര്‍ വീണവന്‍
ഒരു ലിവര്‍ വലിക്കുന്ന ശബ്ദത്തിന് കാതോര്‍ക്കുന്നത് പോലെ ഞങ്ങള്‍
ഒരുള്‍ക്കിടിലത്തോടെ കാത്തിരുന്നൂ. ഉപ്പായിസ്സാര്‍ ബുക്ക് തുറന്നൂ..ഭാഗ്യം, സാര്‍ കണ്ടില്ല..
?അതോ ചമ്മി നില്‍ക്കുവാന്നൊ…??ഞങ്ങള്‍ക്ക് ഏറെ നേരം ചിന്തിക്കേണ്ടിവന്നില്ല.കനത്തില്‍ ഒരു ഇടിമുഴക്കം തന്നെ വന്നു..’‘കടല്‍
വെള്ളമല്ല നിന്റെയൊക്കെ അപ്പന്റെ വെള്ളം വറ്റിച്ചാലും ഈ ഉപ്പായി മാറില്ല,’‘
ബിജോയുടെ അപ്പന്റപ്പന്‍ ചത്ത് പോയ കോരമാപ്ലയും അവരുടെ മൂന്ന് തലമുറയും
കുഴിമാടത്തില്‍ നിന്നും ഒന്നെഴുന്നേറ്റ് ഉപ്പായി സ്സാ‍റിനെ ഒന്ന് നമസ്കരിച്ചോ എന്ന് തോന്നി.

ഇതിനിടക്ക് ഒന്ന് രണ്ട് വട്ടം ബിജോ ക്ലാസിന് മുന്നിലൂടെ കടന്ന് പോയി.ജോസി വെള്ളം തൊട്ട് ബോര്‍ഡ് തുടച്ചു,ഞങ്ങള്‍ നിരപരാധിത്തം ഉപ്പായി സാറിനോട് ഏറ്റ് പറഞ്ഞൂ.ബിജോക്ക് ഞങ്ങള്‍ മാപ്പും കൊടുത്തൂ. ഞങ്ങളുടെ
ക്ലാസിലെ തരുണീമണികളേയും അയല്‍ ക്ലാസിലെ പ്രേമഭാജനങ്ങ്ളേയും വാക്കെറിഞ്ഞും വഴക്കടിച്ചും സ്നേഹിച്ചും കലഹിച്ചും,കോളേജിനോട് ചേര്‍ന്നുള്ള പള്ളിയില്‍ പെരുന്നാള്‍ കൂടിയും ജോണിന്റെ മധുരമുള്ള പാട്ടുകള്‍ കോളേജിന് പിന്നിലെ വാകമരച്ചുവട്ടില്‍ വട്ടം കൂടിയിരുന്ന് കേട്ടും കാലം രണ്ട് കടന്ന് പോയി.

തേര്‍ഡ് ഇയറിന്റെ തുടക്കത്തിലാണ് ,ഉരുണ്ട് , മിഷിയെഴുതി വിടര്‍ന്ന കണ്ണുകളുള്ള രാജി എന്നോട് ചോദിച്ചത്,ഞാന്‍ നിന്നെ സ്നേഹിച്ചോട്ടേ എന്ന്.അവളുടെ നീലസമുദ്രം പോലത്തെ കണ്ണിന്റെആഴത്തിലേക്ക് നോക്കി
ഞാന്‍ പറഞ്ഞൂ ‘നീ എന്റെ ക്ലാസ് മെറ്റാണ് ‘എന്ന്.ആ സ്നേഹം നിരസിച്ച
കുറ്റബോധം പിന്നെ നല്ലോരു സൌഹൃദത്തിലേക്ക് വഴിമാറി.ഞങ്ങളുടെ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ട് ഞങ്ങള്‍ ഒരു കൈയെഴുത്ത് മാസിക പുറത്തിറക്കുന്നതും ഞങ്ങള്‍ ഇക്കണോമിക്സ് ഡിപ്പാര്‍ട്ട് മെന്റ് കാരായിരുന്നൂ. നേതൃത്തം ഞങ്ങളിലെ കലാവാസന കണ്ടെത്തിയ പത്രോസ് സാറും.പഴയകാല സിനിമാക്കഥകളുടെ ഒരു ചരിത്രബുക്കായിരുന്നൂ പത്രോസ് സാര്‍.വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ഭാര്‍ഗ്ഗവി നിലയം എന്ന പേരില്‍ സിനിമയാക്കുന്ന കാലം,ബാബുരാജ് ഗാനഗന്ധര്‍വനെ താമസമെന്തെ പാടി പഠിപ്പിക്കൂന്നൂ.അരികത്ത് സുല്‍ത്താനും.എത്ര പാടിയിട്ടും ഗന്ധര്‍വന്റെ താമസം ശരിയാകുന്നില്ല.അരികത്ത് അക്ഷമനായി സുല്‍ത്താന്‍ ഒടുവില്‍ അരയിലിരുന്ന വിശ്വവിഖ്യാതമായ കത്തിയൂരി സുല്‍ത്താന്‍ ഗന്ധരവന്റെ മേല്‍ ചാടിവീണു.’ ‘കഴുവറട മോനേ അടുത്തതില്‍ ശരിയാക്കിയില്ലെങ്കില്‍ തട്ടിക്കളയും ഞാന്‍.’‘ താമസമില്ലതെ ദാ വരുന്നൂ
‘താമസമെന്തേ വരുവാന്‍..‘ നോക്കണേ സുല്‍ത്താന്റെ കത്തിയുടെ ഒരു ശക്തി.ഈ ക്കഥ ആദ്യം കേട്ടത് പത്രോസ് സ്സര്‍ പറഞ്ഞാണ് ‍.കഥകളുടെ ഒരു ഖനിയായിരുന്നൂ സാര്‍.

മൂന്ന് മാസം ഞങ്ങളുടെ ക്ലാസിലെ തരുണിമണികള്‍ ഉറക്കം കളഞ്ഞു പകര്‍ത്തി എഴുതി ഞങ്ങള്‍ മാസികപുറത്തിറക്കി.560 പേജില്‍ ഉരുട്ടി, വെടുപ്പില്‍ ഞങ്ങളുടെ പെണ്‍ പടകളുടെ കൈപ്പടയില്‍ കഥയും കവിതയും ലേഖനങ്ങളും പരന്ന്
കിടന്നൂ. എന്റെ കഥ പകര്‍ത്തി എഴുതിയത് അതില്‍ ഏത് കൈ ആയിരുന്നൂ
രാജിയുടെ കണ്ണുകള്‍ പറഞ്ഞൂ നിന്റെ ഹൃദയം പകര്‍ത്തിയത് ഞാനാണ് എന്ന്.

കോളേജിലെ അവസ്സാന കാലത്തെ ഇലക്ഷനില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റിന്റെ
അഭിമാനമായി ഞങ്ങളുടെ ജോസി നോമിനിയായി.ഇലക്ഷന് നിന്നൂ.ഞങ്ങള്‍ക്കത്
കേവലം പാര്‍ട്ടി മത്സരമായിരുന്നില്ല.അഭിമാനത്തിന്റെ ഇലക്ഷന്‍ ആയിരുന്നൂ. കൊമേഴ്സ് ഡിപ്പാര്‍ട്ട് മെന്റിനോടുള്ള മത്സരം.അവരുടെ നോമിനിയാണ്, ഞങ്ങള്‍ മാപ്പ് കൊടുത്ത ബിജോ.സഖാവായ രതീഷും ഞങ്ങളും എല്ലവരും ഒന്നിച്ച് അണിനിരന്ന് വോട്ട് തെണ്ടി.അവന് വേണ്ടി.ഞങ്ങള്‍ക്ക് വേണ്ടി.ഞങ്ങള്‍ കളിയാക്കി തോലുരിച്ച പ്രേമഭാജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ വില്ല് പോലെ
വളഞ്ഞ്നിന്ന് യാചിച്ചൂ .കേണപേക്ഷിച്ചു.

ഇലക്ഷന്‍ നടന്നൂ റിസള്‍ട്ട് വന്നൂ.ഞങ്ങളുടെ ജോസി വിജയിച്ചിരിക്കുന്നൂ.ഇനി ബി എ തോറ്റാലും വേണ്ടില്ല എന്ന് പറഞ്ഞ് രതീഷാണവനെ ആദ്യം ഒരു കൊടിമരം പോലെ ഉയര്‍ത്തിനിര്‍ത്തിയ.പിന്നെ ഞങ്ങളവനേ തോളിലേറ്റി കോളേജ് മുഴുവന്‍ എത്ര വലം വച്ചൂ,അറിയില്ല.കോമേഴ്സ് ഡിപ്പാര്‍ട്ട് മെന്റിന് മുന്നില്‍ പാലക്കന്റെ ഓലപ്പടക്കം പലതവണ പൊട്ടി. മാലയായിത്തന്നെ.ബിജോ പരാജയം താങ്ങാനാവാതെ നേരത്തേ തന്നെ പാലായിലേക്ക് ഒളിച്ചോടി.ഞങ്ങള്‍ ആര്‍ത്ത് വിളിച്ചൂ.വിജയാഹ്ലാദത്തില്‍
ജോസി ഞങ്ങളുടെ തോളിലിരുന്ന് ചിരിച്ചൂ.11 മാസങ്ങള്‍ക്ക് ശേഷം പിന്നീട്
ഒരിക്കല്‍ കൂടിഞങ്ങളവനെ തോളിലെടുത്തൂ.കുറുക്കന്‍ മലയിലെ അവന്റെ വീട്ടില്‍ നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ ഇടവക പള്ളിയിലേക്കും പിന്നീട്
സെമിത്തേരിയിലേക്കും അവനെ ഞങ്ങള്‍ എത്തിച്ചത് തോളില്‍ എടുത്ത്
കൊണ്ടായിരുന്നൂ.അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ആര്‍പ്പ് വിളികള്‍ ഉണ്ടായിരുന്നില്ല.ഓരോ സൌഹൃദവും ഒരു വിടവാങ്ങലില്‍ അവസാനിക്കുന്നൂ എന്നായിരുന്നൂ ഞാനപ്പോള്‍ ഓര്‍ത്ത് കൊണ്ടിരുന്നത്.

പെയ്തും തോര്‍ന്നും പിന്നെയുമീ പെരുമഴ

നീയില്ലാതെ നിന്റെ ഓര്‍മ്മകള്‍ക്കൊപ്പം ഇവിടെ മഴ ചാറുകയാണ് ‍,നനുത്തമഴഞരമ്പുകള്‍ക്കിടയിലൂടെ വിവശയായി എത്തുന്നത് നിന്നെ
തഴുകിപ്പോയ കാറ്റാണ്.കറ്റില്‍ നിന്നെ ഞാനറിയുന്നൂ,മഴസ്പര്‍ശനത്തിലെ
ശൈത്യമെന്നപോലെ.നമ്മുടെ സായാഹ്ന യാത്രകളുടെ ഇടവഴികളിലേക്ക് മഴനൂലുകള്‍ പൊടുന്നനേവന്ന് വീഴുകയായിരുന്നുവല്ലോ?നീ ആ മഴച്ചാറലുകള്‍ക്കിടയിലൂടെ കൈവീശി കൈവീശി നടന്ന്പോയതില്‍ പിന്നെ ഇവിടെ മഴ പെയ്യുന്നത് ഇതാദ്യമാണ് .നീ നടന്ന് പോയപടര്‍പ്പുകള്‍ക്ക്മേല്‍ മഴ ചാറുകയാണ് ‍.പിന്നെയും പിന്നെയും

എന്റെ ജാലകവിരിപ്പില്‍ ഇപ്പോള്‍ ഏകാന്തയുടെ കാറ്റ് വീശാറില്ല,നിന്നോടൊത്ത് മിഴിനട്ട സായന്തനങ്ങളും,മഞ്ഞില്‍
മറഞ്ഞ്പോയ മലനിരകളും സ്വര്‍ണ്ണവര്‍ണ്ണം കൊണ്ട് അരികുള്ള ചുവന്ന കുപ്പിവളകളും എന്റെ പകലിരവുകളെ ദീപ്തമാക്കുന്നൂ.മഴയിലേക്ക്തുറന്നിട്ട എന്റെ ജാലക വാതില്ക്കല്‍ ഞാന്‍ ഒറ്റക്കാണ് .ജാലക കാഴ്ചകളെ മറച്ചുകൊണ്ട്നമ്മുടെ ഇടവഴികളിലെല്ലാം മഴ നിറയുകയാണ് .നിന്റെ ഓര്‍മ്മകളും.

നമ്മുടെ സായന്തനങ്ങള്‍ ഇപ്പോള്‍ എന്നെ കൊണ്ട് പോകുന്നത് ഓര്‍മ്മകളുടെ പ്രളയത്തിലേക്കാണ് .ചിതലരിക്കപ്പെടുന്ന
ഓര്‍മ്മത്താളുകളില്‍നീ മത്രം അവശേഷിക്കുകയാണ് .മാറിവരുന്ന ത്രിമാനചിത്രം പോലെ നീ പിന്നെയും പിന്നെയും
എന്റെ ജ്വരം ബാധിച്ച മസ്തിഷ്കത്തിലേക്ക് കയറിവരുന്നൂ.
ഓര്‍മ്മകളുടെ കാവല്‍ഭൂതമേ,നീ എന്തിനാണ് ആട്ടിയകറ്റിയിട്ടുംപിന്നെയും എന്റെ ഹൃദയത്തില്‍ കൂട്
കൂട്ടിയിരിക്കുന്നത്?എന്തിനാണ്നരിച്ചീറുകളെപ്പോലെ എന്റെ വടവൃക്ഷങ്ങളില്‍കലമ്പിയാര്‍ക്കുന്നത്?ഉഷ്ണം വിയര്‍ക്കുന്ന മണല്‍ക്കാറ്റില്‍കുഞ്ഞാടുകള്‍ക്ക് കുടിനീരിറക്കിക്കൊടുത്ത പ്രവാചകാ,എന്നെയെന്തിനാണ് നീയൊരുസ്മാരകമാക്കിയത്?ഒരു
സ്മാരകം കൊണ്ട് പ്രണയത്തെ സ്നാനപ്പെടുത്തിയ തമ്പുരനേ,വെണ്ണക്കല്ലില്‍ പ്രണയം തീര്‍ത്തമഹേശാ,ഓരോപ്രണയിയും ഒരു സ്മാരകമാണ് ‍.മയില്‍പീലികണ്ണിലും വളപ്പൊട്ടിലും കണ്ണിരു
തൂവിയ പ്രണയത്തിന്റെ സ്മാരകം.ഞാനും നീയും ഒരുമിച്ച് മിഴി പാകിയ എത്രയെത്ര സന്ധ്യകള്‍,നിലാരാവുകള്‍?ഒരുമിച്ച് കുതിര്‍ന്ന എത്രയെത്ര മഴക്കാലങ്ങള്‍?നമ്മുടെ കാഴ്ചകളെ ആനന്ദമാക്കിയതെല്ലം
എനിക്കിന്ന് സ്മാരകമാണ് ‍.നീ തൊട്ടപൂവും നിന്‍ മഴിയും,ഞാന്‍ തന്ന കനവും എന്‍മൊഴിയും ,പിന്നെ മൊഴികളെ മൂകമാക്കി ഒരു വാക്കും പറയാതെ നമ്മള്‍ പിരിഞ്ഞ്
പോയനടവഴികളും....ഓരോപ്രണയത്തിലും
എത്രയെത്രകുടീരങ്ങളാണ് ഉയരുന്നത്?

എന്തിനാണ് നീ ഒരു വാ‍ക്കും പറയാതെ പോയത്?നമുക്കുമുന്നില്‍ മഹാ മൌനത്തിന്റെ മെഴുകുപാളികള്‍ ഉറഞ്ഞ് കൂടുകയാണോഎന്ന്
ഞാന്‍ഭയപ്പെടുന്നു .നമ്മള്‍ കിനാവുകളുടെ വെള്ളച്ചായം പൂശിയ ഈ

ചുവരുകള്‍ക്കുള്ളില്‍ നീ വിട്ട് പോന്ന മൌനം ഇന്നും പുകയുന്നൂ.നമ്മള്‍ മാത്രമുള്ള എഴുത്തുകളിലൂടെ ഞാന്‍വീണ്ടും വീണ്ടും കടന്ന് പോകുമ്പോള്‍,ഒടുവില്‍ ഞാനും നീയും മാത്രമായി ഒറ്റപ്പെട്ട്
പോകുമോഎന്ന് ഞാന്‍ ഭയക്കുന്നൂ.
എന്റെ ജാലകവാതില്ക്ക ഇപ്പോള്‍
മഴയില്ല.മഴയില്ലാത്ത ജാലകകാഴ്ചകള്‍ എനിക്കിഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ.ഇവിടെഇപ്പോള്‍ പെയ്യുന്നത് ഓര്‍മ്മകളുടെ വെളുത്തമഴയാണ് .നമ്മുടെഗൃഹാതുരസന്ധ്യകളില്‍മഴച്ചാറലുകള്‍ നിലക്കുന്നതും,ഓര്‍മ്മകളുടെ ഈറന്‍ വഴികളിലേക്ക് വെയില്‍

മണവുമായി നീനടന്ന് വരുന്നതും നോക്കി ഈ ചില്ല് ജനാലക്കല്‍ ഞാന്‍ തനിച്ചാണ് ‍.വരും വരും എന്നപ്രതീക്ഷയില്‍ ഇവിടെ പെയ്യുന്ന ഈ മഴത്തുള്ളികള്‍ മാത്രമാണെന്റെ ആശ്വാസം.

മണികര്‍ണിക

ഒരു നൂറ് ജന്മങ്ങള്‍ ഇനിയും എനിക്ക് നിന്നോടോത്ത് വേണമെന്ന് പറഞ്ഞ എന്റെ പ്രണയമേ,നീഎന്നിലിപ്പോഴും നിത്യ ഹേമന്ദ മായ് പെയ്തു കൊണ്ടിരിക്കുന്നു.നീ എനിക്ക്
നല്‍കാതെപോയ പ്രണയമത്രയും ഞാന്‍ നിന്നിലേക്കൊഴുക്കിക്കൊണ്ടിരിക്കുന്നൂ.പണ്ട് നാമൊരുമിച്ച്മഴചൂടിയ പുഴക്കരയിലാണ് ഞാന്‍.ഓളങ്ങളില്‍ സന്ധ്യ വീഴുന്നതും
നിലാവുദിക്കുന്നതുംനോക്കി നമ്മള്‍ കാത്തിരുന്ന പടവുകളില്‍.നിനക്ക് പ്രിയപ്പെട്ട
*മണികര്‍ണികയുടെപടവുകളില്‍.ആരെയോ പ്രണയിച്ച് ഒരു സ്നിഗ്ദ്ധതയിലെന്നോണം എവിടേക്കോ ഒഴുകുന്നപുഴയെന്ന് നീ പറഞ്ഞ ആ പുഴക്കരയില്‍.പിന്നെയുമെത്രയോ സന്ധ്യകള്‍ ഈ ഓളപ്പരപ്പില്‍പെയ്ത് പോയിരിക്കണം?നിലാവുദിച്ച് പുഴപിന്നെയും നീലച്ചായം പോലെഎത്രയോഒഴുകിപ്പോയി?ഞാനും നീയും പടവുകളില്‍ കാത്തിരിക്കതെ തന്നെ,നമ്മുടെപ്രണയശ്വാസങ്ങള്‍ ഇല്ലാതെ തന്നെ.
കല്പടവുകള്‍ക്ക് താഴെ ആഴത്തിന്റെ സമാധി.പുഴക്കക്കരെ, കിനാക്കളുടെ കൂമ്പാരമെന്ന് നീപറഞ്ഞ മണല്‍ത്തിട്ട കൂടുതല്‍ തെളിഞ്ഞു കാണാം.പടവുകളിലും
സന്ധ്യവീണ പുഴയിലും ശ്മശാനദീപങ്ങളുടെ മഞ്ഞ വെളിച്ചം.വാഴ്വിന്റെ
അവസാനതുള്ളിയുംവെളിച്ചമാക്കി മണികര്‍ണികയുടെ ജലസമാധിയിലേക്ക് മറയുന്നവര്‍.നീ പറയാറുള്ളതുപോലെ,എന്റെ ഉടയാടകളുലഞ്ഞപൊലെ തന്നെ ഇന്നും ഈ ഓളപ്പരപ്പുകള്‍.തോണിതുഴഞ്ഞ് വന്നകടത്തുകാരന്‍ഇന്നിവിടില്ല.ഒരു ശ്മശാന ദീപം തെളിയിച്ച് തോണിക്കാരനും മണികര്‍ണികയില്‍അലിഞ്ഞിരിക്കും .അറിയില്ല.

മണികര്‍ണികയുടെ ഈജ്ഞാന ഘട്ടങ്ങളില്‍ നാമെത്ര ചിദാകാശങ്ങളെ ഒഴുക്കിക്കളഞ്ഞൂ.രാപ്പക്ഷികളുടെസാന്ദ്രദുഃഖം നിറഞ്ഞ ഏതോഒരു സന്ധ്യക്ക് ഈ പടവിലിരുന്നാണ് നീചൊല്ലിയത്,നിനക്കെന്നുംപ്രിയപ്പെട്ട പ്രണയകവിത.ഇനിയും ജന്മങ്ങള്‍ നിന്നൊടൊത്തുണ്ടെന്നുറച്ച്,ഏതോവിദൂരസ്മ്രുതിയെ മനസ്സിലാവാഹിച്ച് നിന്നോട് ചേര്‍ന്നിരുന്ന് ഞാന്‍ കേട്ടവരികള്‍.

‘’ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്താനന്ദമാണെനിക്കോമനേ.......’‘

നീ തന്നിട്ട് പോയ ശൂന്യതയിലാണ് ആ വരികളുടെ പൊരുളും ദുഃഖവും ഞാനിന്ന്
തൊട്ടറിയുന്നത്.നിന്നെ തൊടുന്നത് പോലെ തന്നെ.ഒന്ന് കരഞ്ഞുതീര്‍ക്കുവാന്‍
കൂടികഴിയാത്തവിധം ഇന്ന് നിന്നെക്കുറിച്ചുള്ളതെല്ലാം എന്റെ നെഞ്ചിലൊരു തേങ്ങലായ് തടയുന്ന

ഹരി,വര്‍ഷങ്ങളുടെ ദൂരം നമുക്കിടയിലുണ്ട്.പണ്ട് നിരവധി നിറസന്ധ്യകള്‍ നിന്നോടൊത്ത്, ഞാന്‍ കയറിയഈ പടവുകളില്‍ നില്‍ക്കുമ്പോള്‍ ഞാനിന്ന് സനാഥയാണ് .നീ ഊഹിക്കുകയെങ്കിലുംചെയ്തിരിക്കും ആരാണ് എന്നോടൊപ്പമെന്ന്.നമ്മുടെ ആഗ്രഹങ്ങള്‍ക്കുംസ്വപ്നങ്ങള്‍ക്കും
മേല്‍ വീഴുന്ന അനിശ്ചിതത്ത്വങ്ങളെ വിധിയെന്ന് വിളിക്കുന്നു വെന്ന് നീ
പണ്ടെനിക്കെഴുതിയപോലെ,അനിഷേധ്യ മായ മറ്റോരു വിധി.എന്റെ ഇഷ്ടങ്ങളോടും
സ്വപ്നങ്ങളോടുംതികച്ചും പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരാള്‍.നീ എന്റെ മനസ്സ് തൊട്ട്
വയിച്ചത് പോലെമറ്റാരാണുള്ളത്?ആര്‍ക്കാണ് എല്ല്ലാ പൂര്‍ണ്ണതയോടും കൂടി എന്നെ തിരിച്ച്തരാന്‍കഴിയുക?നിനക്കല്ലാതെ.

നിനെക്കെന്നെ അറിയാമല്ലോ,ഏറെയൊന്നും ചെറുത്ത് നില്‍ക്കാന്‍കഴിയാത്ത
ഒരു പാവം മീരയാണ് ഞാനെന്ന്.വീട്ടില്‍ ഒന്നിനോടും,ആരോടും മത്സരിക്കുവാന്‍
എനിക്കാവില്ലല്ലോ.എന്നിലെ കവിത,കാല്പനികത എല്ലാം എന്നേ
മറഞ്ഞിരിക്കുന്നൂ?ഇവിടെകമ്പ്യൂട്ടര്‍ കീബോര്‍ഡും പോപ് സംഗീതവുമെല്ലാം എനിക്ക്
പ്രിയങ്കരങ്ങളായിരിക്കുന്നൂ.മഴപെയ്യുന്ന ഉച്ചകള്‍ വിദൂരസ്ഥമായഏതോ കല്പടവുകളില്‍
എന്നെ നിന്നെയും കൊണ്ടെത്തിക്കുന്നൂ.ഒരു ധന്യതയിലെന്നപോല പടവുകളില്‍
പെയ്തിറങ്ങിയ കവിതയുംസ്ന്ധ്യ വിരിഞ്ഞപുഴയും എനിക്ക് ജീവിതമാകുന്നൂ.നിന്റെ ഓര്‍മ്മകളുള്ള ജീവിതംഞാന്‍ തനിയെ വെളിച്ചമാക്കുകയാണ്.എന്റെ വാഴ് വിന്റെ നീലാകാശങ്ങളില്‍ നിന്നുംനിന്റെ ശൂന്യതയുടെ വിശ്രാന്തിയിലേക്ക് ഇനിയും എതദൂരം?

ഈ പുഴക്കരയിലിരുന്നാണ് നമ്മള്‍ ജീവിതത്തെ മോഹിച്ചത്. വര്‍ണ്ണനൂലുകള്‍ നെയ്ത് അതിനെ സുന്ദരമാക്കിയതും ഈ പടവിലിരുന്നാണ്.വര്‍ഷങ്ങള്‍ക്കിപ്പുറം അതേപടവുകളില്‍ സനാഥയായ് നില്‍ക്കുമ്പോഴും ഒന്ന് ഞാന്‍തിരിച്ചറിയുന്നൂ,മണികര്‍ണികയുടെഈ ശ്മ്ശാന ദീപങ്ങള്‍ സാക്ഷി,ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.നിന്നെ മാത്രം.


മരിച്ചവരുടെ ആകാശത്ത് നിന്നും നീ എന്നെ കാണുന്നുണ്ടോ ഹരി?നിന്റെയീ പാവം മീരയേ?

* മണികര്‍ണിക.

വാരാണസിയില്‍, ഗംഗയുടെ ഒരു ഭാഗം.ഏറ്റവും പുരാതനവും പവിത്രവുമായി കണക്കാക്കുന്ന മണികര്‍ണിക ഇതിന്റെ ഒരു ഭാഗമാണ് .
മൃതദേഹങ്ങള്‍ക്ക് പുഴയോട് ചേര്‍ത്ത് കെട്ടിയിരിക്കുന്ന പടവുകളില്‍ ചിതയൊരുക്കാറുണ്ട്.