Monday, April 1, 2013

പെയ്ത്ത്


വര്‍ത്തമാ‍നത്തിലലിഞ്ഞിരിക്കവേ ഒരു മഴ.
ഇല ചൂടി ഒരു കുടയായ് നമ്മള്‍
വാക്കിന്‍ തുള്ളികളിലെല്ലാം മഴനനവ്
മനം പെയ്ത് മനസ്സു പെയ്ത് വര്‍ത്തമാനത്തിന്റെ തുള്ളി മുറിയാതെ...
വാക്കിന്‍ തുള്ളികളുതിര്‍ത്ത് നീ മഴയാവുക..
മൊഴികളിലൊഴുകി ഞാനൊരു പുഴയാവാം
സിരകളെ തൊട്ട് ഹൃദയത്തിലുറഞ്ഞ്
പ്രണയചൂടിലാവിയായ് ഒരുമിച്ചൊരു മഴമേഘമാവാം
പെയ്ത് തോര്‍ന്നപ്പോഴൊക്കെയും നെഞ്ചകത്തിത്തിരി ബാക്കിയായി
ഒരു പെരുമഴയാകുമെന്നാരറിഞ്ഞൂ???
അകം വെന്ത ചൂടില്‍ തുള്ളികള്‍ പിന്നെയും ആവിയായി
 
അമ്മക്കിപ്പോഴും കണ്ണീര്‍ പെയ്ത് തോരുന്നേയില്ല..!!!


സദ്ഗതി


സദ്ഗതി:
പാളങ്ങള്‍ എപ്പോഴും അങ്ങനെയാണ്
ആര്‍ത്തിരമ്പിയകന്ന് പോകുവാന്‍ 
നടുനിവര്‍ത്തി കിടന്ന് കൊടുക്കും
ചെകിടോര്‍ത്തല്‍ കേള്‍ക്കാം 
ഹൃദയത്തിന്റെ കിതപ്പും നെഞ്ചകത്തെ നിലവിളിയും.
 
മൊഴി:
വര്‍ത്തമാനത്തില്‍ നിറഞ്ഞ പുഴയായിരുന്നൂ
പറയുവാന്‍ ഏറെ ഉണ്ടായിരുന്നിട്ടും
ഒടുവിലത് വാക്കുകളില്‍ വറ്റിപ്പോയി
 
അവള്‍:
അസ്തമയം കണ്ട് കണ്ട് ഒടുവിലവള്‍ കടലില്‍ അസ്തമിച്ചിരുട്ടായി
അവനോ,വെളിച്ചം തിരിയാതെ പിന്നീടൊരിക്കലും വീടെത്തിയതുമില്ല.
 
ഞാനും നീയും:
ഞാന്‍ വഴിയാവാം,നീ വഴി തെളിച്ചൊരു വിളക്കാവുക.
വഴി പിരിയും വരെ നമുക്കൊരു വഴിയാവാം
 
കിനാവ്:
കുതിര്‍ന്നലിയും മുന്നേ എനിക്കൊരു കുട ചൂടണം
കരഞ്ഞ് കലരും മുന്നേ നിന്റെ കണ്ണൊപ്പണം
ഇടറി വീഴും മുന്നേ ഒന്ന് ചിരിക്കണം
നിന്റെ കണ്ണുകളിലേക്ക് എനിക്ക് മടങ്ങിവരണം
 
വിട:
മണ്ണു മൂടും മുന്നേ എനിക്കൊരു ചുബനം തരിക
ചുംബന ചൂടിലെരിഞ്ഞെനിക്ക് വെണ്ണീറാവണം
ഓര്‍മ്മകളിലെ ഉഷ്ണത്തിനും നെഞ്ചകത്തെ നെരിപ്പോടിനും ഒരേ പേര്...
 
അമ്മ:
അടുപ്പ് കൂട്ടി തീയൂതിയൂതി മകനേ മകനേ എന്ന്
നിലവിട്ട് വിളിച്ചൊരമ്മ.
അമ്മേ അമ്മേ എന്ന് നൊന്ത് വിറകായ് എരിഞ്ഞോരു മകന്‍
കനലില്‍ അമ്മക്ക് മോക്ഷം
മകനോ,പുകയായ് അമ്മക്കൊരു തുടം കണ്ണീരായ്.