Sunday, September 19, 2010

മണികര്‍ണിക

ഒരു നൂറ് ജന്മങ്ങള്‍ ഇനിയും എനിക്ക് നിന്നോടോത്ത് വേണമെന്ന് പറഞ്ഞ എന്റെ പ്രണയമേ,നീഎന്നിലിപ്പോഴും നിത്യ ഹേമന്ദ മായ് പെയ്തു കൊണ്ടിരിക്കുന്നു.നീ എനിക്ക്
നല്‍കാതെപോയ പ്രണയമത്രയും ഞാന്‍ നിന്നിലേക്കൊഴുക്കിക്കൊണ്ടിരിക്കുന്നൂ.പണ്ട് നാമൊരുമിച്ച്മഴചൂടിയ പുഴക്കരയിലാണ് ഞാന്‍.ഓളങ്ങളില്‍ സന്ധ്യ വീഴുന്നതും
നിലാവുദിക്കുന്നതുംനോക്കി നമ്മള്‍ കാത്തിരുന്ന പടവുകളില്‍.നിനക്ക് പ്രിയപ്പെട്ട
*മണികര്‍ണികയുടെപടവുകളില്‍.ആരെയോ പ്രണയിച്ച് ഒരു സ്നിഗ്ദ്ധതയിലെന്നോണം എവിടേക്കോ ഒഴുകുന്നപുഴയെന്ന് നീ പറഞ്ഞ ആ പുഴക്കരയില്‍.പിന്നെയുമെത്രയോ സന്ധ്യകള്‍ ഈ ഓളപ്പരപ്പില്‍പെയ്ത് പോയിരിക്കണം?നിലാവുദിച്ച് പുഴപിന്നെയും നീലച്ചായം പോലെഎത്രയോഒഴുകിപ്പോയി?ഞാനും നീയും പടവുകളില്‍ കാത്തിരിക്കതെ തന്നെ,നമ്മുടെപ്രണയശ്വാസങ്ങള്‍ ഇല്ലാതെ തന്നെ.
കല്പടവുകള്‍ക്ക് താഴെ ആഴത്തിന്റെ സമാധി.പുഴക്കക്കരെ, കിനാക്കളുടെ കൂമ്പാരമെന്ന് നീപറഞ്ഞ മണല്‍ത്തിട്ട കൂടുതല്‍ തെളിഞ്ഞു കാണാം.പടവുകളിലും
സന്ധ്യവീണ പുഴയിലും ശ്മശാനദീപങ്ങളുടെ മഞ്ഞ വെളിച്ചം.വാഴ്വിന്റെ
അവസാനതുള്ളിയുംവെളിച്ചമാക്കി മണികര്‍ണികയുടെ ജലസമാധിയിലേക്ക് മറയുന്നവര്‍.നീ പറയാറുള്ളതുപോലെ,എന്റെ ഉടയാടകളുലഞ്ഞപൊലെ തന്നെ ഇന്നും ഈ ഓളപ്പരപ്പുകള്‍.തോണിതുഴഞ്ഞ് വന്നകടത്തുകാരന്‍ഇന്നിവിടില്ല.ഒരു ശ്മശാന ദീപം തെളിയിച്ച് തോണിക്കാരനും മണികര്‍ണികയില്‍അലിഞ്ഞിരിക്കും .അറിയില്ല.

മണികര്‍ണികയുടെ ഈജ്ഞാന ഘട്ടങ്ങളില്‍ നാമെത്ര ചിദാകാശങ്ങളെ ഒഴുക്കിക്കളഞ്ഞൂ.രാപ്പക്ഷികളുടെസാന്ദ്രദുഃഖം നിറഞ്ഞ ഏതോഒരു സന്ധ്യക്ക് ഈ പടവിലിരുന്നാണ് നീചൊല്ലിയത്,നിനക്കെന്നുംപ്രിയപ്പെട്ട പ്രണയകവിത.ഇനിയും ജന്മങ്ങള്‍ നിന്നൊടൊത്തുണ്ടെന്നുറച്ച്,ഏതോവിദൂരസ്മ്രുതിയെ മനസ്സിലാവാഹിച്ച് നിന്നോട് ചേര്‍ന്നിരുന്ന് ഞാന്‍ കേട്ടവരികള്‍.

‘’ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്താനന്ദമാണെനിക്കോമനേ.......’‘

നീ തന്നിട്ട് പോയ ശൂന്യതയിലാണ് ആ വരികളുടെ പൊരുളും ദുഃഖവും ഞാനിന്ന്
തൊട്ടറിയുന്നത്.നിന്നെ തൊടുന്നത് പോലെ തന്നെ.ഒന്ന് കരഞ്ഞുതീര്‍ക്കുവാന്‍
കൂടികഴിയാത്തവിധം ഇന്ന് നിന്നെക്കുറിച്ചുള്ളതെല്ലാം എന്റെ നെഞ്ചിലൊരു തേങ്ങലായ് തടയുന്ന

ഹരി,വര്‍ഷങ്ങളുടെ ദൂരം നമുക്കിടയിലുണ്ട്.പണ്ട് നിരവധി നിറസന്ധ്യകള്‍ നിന്നോടൊത്ത്, ഞാന്‍ കയറിയഈ പടവുകളില്‍ നില്‍ക്കുമ്പോള്‍ ഞാനിന്ന് സനാഥയാണ് .നീ ഊഹിക്കുകയെങ്കിലുംചെയ്തിരിക്കും ആരാണ് എന്നോടൊപ്പമെന്ന്.നമ്മുടെ ആഗ്രഹങ്ങള്‍ക്കുംസ്വപ്നങ്ങള്‍ക്കും
മേല്‍ വീഴുന്ന അനിശ്ചിതത്ത്വങ്ങളെ വിധിയെന്ന് വിളിക്കുന്നു വെന്ന് നീ
പണ്ടെനിക്കെഴുതിയപോലെ,അനിഷേധ്യ മായ മറ്റോരു വിധി.എന്റെ ഇഷ്ടങ്ങളോടും
സ്വപ്നങ്ങളോടുംതികച്ചും പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരാള്‍.നീ എന്റെ മനസ്സ് തൊട്ട്
വയിച്ചത് പോലെമറ്റാരാണുള്ളത്?ആര്‍ക്കാണ് എല്ല്ലാ പൂര്‍ണ്ണതയോടും കൂടി എന്നെ തിരിച്ച്തരാന്‍കഴിയുക?നിനക്കല്ലാതെ.

നിനെക്കെന്നെ അറിയാമല്ലോ,ഏറെയൊന്നും ചെറുത്ത് നില്‍ക്കാന്‍കഴിയാത്ത
ഒരു പാവം മീരയാണ് ഞാനെന്ന്.വീട്ടില്‍ ഒന്നിനോടും,ആരോടും മത്സരിക്കുവാന്‍
എനിക്കാവില്ലല്ലോ.എന്നിലെ കവിത,കാല്പനികത എല്ലാം എന്നേ
മറഞ്ഞിരിക്കുന്നൂ?ഇവിടെകമ്പ്യൂട്ടര്‍ കീബോര്‍ഡും പോപ് സംഗീതവുമെല്ലാം എനിക്ക്
പ്രിയങ്കരങ്ങളായിരിക്കുന്നൂ.മഴപെയ്യുന്ന ഉച്ചകള്‍ വിദൂരസ്ഥമായഏതോ കല്പടവുകളില്‍
എന്നെ നിന്നെയും കൊണ്ടെത്തിക്കുന്നൂ.ഒരു ധന്യതയിലെന്നപോല പടവുകളില്‍
പെയ്തിറങ്ങിയ കവിതയുംസ്ന്ധ്യ വിരിഞ്ഞപുഴയും എനിക്ക് ജീവിതമാകുന്നൂ.നിന്റെ ഓര്‍മ്മകളുള്ള ജീവിതംഞാന്‍ തനിയെ വെളിച്ചമാക്കുകയാണ്.എന്റെ വാഴ് വിന്റെ നീലാകാശങ്ങളില്‍ നിന്നുംനിന്റെ ശൂന്യതയുടെ വിശ്രാന്തിയിലേക്ക് ഇനിയും എതദൂരം?

ഈ പുഴക്കരയിലിരുന്നാണ് നമ്മള്‍ ജീവിതത്തെ മോഹിച്ചത്. വര്‍ണ്ണനൂലുകള്‍ നെയ്ത് അതിനെ സുന്ദരമാക്കിയതും ഈ പടവിലിരുന്നാണ്.വര്‍ഷങ്ങള്‍ക്കിപ്പുറം അതേപടവുകളില്‍ സനാഥയായ് നില്‍ക്കുമ്പോഴും ഒന്ന് ഞാന്‍തിരിച്ചറിയുന്നൂ,മണികര്‍ണികയുടെഈ ശ്മ്ശാന ദീപങ്ങള്‍ സാക്ഷി,ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.നിന്നെ മാത്രം.


മരിച്ചവരുടെ ആകാശത്ത് നിന്നും നീ എന്നെ കാണുന്നുണ്ടോ ഹരി?നിന്റെയീ പാവം മീരയേ?

* മണികര്‍ണിക.

വാരാണസിയില്‍, ഗംഗയുടെ ഒരു ഭാഗം.ഏറ്റവും പുരാതനവും പവിത്രവുമായി കണക്കാക്കുന്ന മണികര്‍ണിക ഇതിന്റെ ഒരു ഭാഗമാണ് .
മൃതദേഹങ്ങള്‍ക്ക് പുഴയോട് ചേര്‍ത്ത് കെട്ടിയിരിക്കുന്ന പടവുകളില്‍ ചിതയൊരുക്കാറുണ്ട്.

1 comment:

  1. മണികാര്‍ണികയുടെ പ്രണയഭാവം ഹൃദ്യം.. ഇതുവരെ കേട്ടറിവുള്ള വാരണാസി ജന്മപാപങ്ങള്‍ കഴുകി കളയാന്‍ ആത്മീയമായ ഒരിടം എന്ന നിലയ്ക്കായിരുന്നുവെങ്കില്‍ അതിനിവിടെ ഇതാ ഒരു പ്രണയമുഖം കൈവന്നിരിക്കുന്നു.. ഇഷ്ടമായി ഈ വരികള്‍..

    ReplyDelete