Sunday, September 19, 2010

പെയ്തും തോര്‍ന്നും പിന്നെയുമീ പെരുമഴ

നീയില്ലാതെ നിന്റെ ഓര്‍മ്മകള്‍ക്കൊപ്പം ഇവിടെ മഴ ചാറുകയാണ് ‍,നനുത്തമഴഞരമ്പുകള്‍ക്കിടയിലൂടെ വിവശയായി എത്തുന്നത് നിന്നെ
തഴുകിപ്പോയ കാറ്റാണ്.കറ്റില്‍ നിന്നെ ഞാനറിയുന്നൂ,മഴസ്പര്‍ശനത്തിലെ
ശൈത്യമെന്നപോലെ.നമ്മുടെ സായാഹ്ന യാത്രകളുടെ ഇടവഴികളിലേക്ക് മഴനൂലുകള്‍ പൊടുന്നനേവന്ന് വീഴുകയായിരുന്നുവല്ലോ?നീ ആ മഴച്ചാറലുകള്‍ക്കിടയിലൂടെ കൈവീശി കൈവീശി നടന്ന്പോയതില്‍ പിന്നെ ഇവിടെ മഴ പെയ്യുന്നത് ഇതാദ്യമാണ് .നീ നടന്ന് പോയപടര്‍പ്പുകള്‍ക്ക്മേല്‍ മഴ ചാറുകയാണ് ‍.പിന്നെയും പിന്നെയും

എന്റെ ജാലകവിരിപ്പില്‍ ഇപ്പോള്‍ ഏകാന്തയുടെ കാറ്റ് വീശാറില്ല,നിന്നോടൊത്ത് മിഴിനട്ട സായന്തനങ്ങളും,മഞ്ഞില്‍
മറഞ്ഞ്പോയ മലനിരകളും സ്വര്‍ണ്ണവര്‍ണ്ണം കൊണ്ട് അരികുള്ള ചുവന്ന കുപ്പിവളകളും എന്റെ പകലിരവുകളെ ദീപ്തമാക്കുന്നൂ.മഴയിലേക്ക്തുറന്നിട്ട എന്റെ ജാലക വാതില്ക്കല്‍ ഞാന്‍ ഒറ്റക്കാണ് .ജാലക കാഴ്ചകളെ മറച്ചുകൊണ്ട്നമ്മുടെ ഇടവഴികളിലെല്ലാം മഴ നിറയുകയാണ് .നിന്റെ ഓര്‍മ്മകളും.

നമ്മുടെ സായന്തനങ്ങള്‍ ഇപ്പോള്‍ എന്നെ കൊണ്ട് പോകുന്നത് ഓര്‍മ്മകളുടെ പ്രളയത്തിലേക്കാണ് .ചിതലരിക്കപ്പെടുന്ന
ഓര്‍മ്മത്താളുകളില്‍നീ മത്രം അവശേഷിക്കുകയാണ് .മാറിവരുന്ന ത്രിമാനചിത്രം പോലെ നീ പിന്നെയും പിന്നെയും
എന്റെ ജ്വരം ബാധിച്ച മസ്തിഷ്കത്തിലേക്ക് കയറിവരുന്നൂ.
ഓര്‍മ്മകളുടെ കാവല്‍ഭൂതമേ,നീ എന്തിനാണ് ആട്ടിയകറ്റിയിട്ടുംപിന്നെയും എന്റെ ഹൃദയത്തില്‍ കൂട്
കൂട്ടിയിരിക്കുന്നത്?എന്തിനാണ്നരിച്ചീറുകളെപ്പോലെ എന്റെ വടവൃക്ഷങ്ങളില്‍കലമ്പിയാര്‍ക്കുന്നത്?ഉഷ്ണം വിയര്‍ക്കുന്ന മണല്‍ക്കാറ്റില്‍കുഞ്ഞാടുകള്‍ക്ക് കുടിനീരിറക്കിക്കൊടുത്ത പ്രവാചകാ,എന്നെയെന്തിനാണ് നീയൊരുസ്മാരകമാക്കിയത്?ഒരു
സ്മാരകം കൊണ്ട് പ്രണയത്തെ സ്നാനപ്പെടുത്തിയ തമ്പുരനേ,വെണ്ണക്കല്ലില്‍ പ്രണയം തീര്‍ത്തമഹേശാ,ഓരോപ്രണയിയും ഒരു സ്മാരകമാണ് ‍.മയില്‍പീലികണ്ണിലും വളപ്പൊട്ടിലും കണ്ണിരു
തൂവിയ പ്രണയത്തിന്റെ സ്മാരകം.ഞാനും നീയും ഒരുമിച്ച് മിഴി പാകിയ എത്രയെത്ര സന്ധ്യകള്‍,നിലാരാവുകള്‍?ഒരുമിച്ച് കുതിര്‍ന്ന എത്രയെത്ര മഴക്കാലങ്ങള്‍?നമ്മുടെ കാഴ്ചകളെ ആനന്ദമാക്കിയതെല്ലം
എനിക്കിന്ന് സ്മാരകമാണ് ‍.നീ തൊട്ടപൂവും നിന്‍ മഴിയും,ഞാന്‍ തന്ന കനവും എന്‍മൊഴിയും ,പിന്നെ മൊഴികളെ മൂകമാക്കി ഒരു വാക്കും പറയാതെ നമ്മള്‍ പിരിഞ്ഞ്
പോയനടവഴികളും....ഓരോപ്രണയത്തിലും
എത്രയെത്രകുടീരങ്ങളാണ് ഉയരുന്നത്?

എന്തിനാണ് നീ ഒരു വാ‍ക്കും പറയാതെ പോയത്?നമുക്കുമുന്നില്‍ മഹാ മൌനത്തിന്റെ മെഴുകുപാളികള്‍ ഉറഞ്ഞ് കൂടുകയാണോഎന്ന്
ഞാന്‍ഭയപ്പെടുന്നു .നമ്മള്‍ കിനാവുകളുടെ വെള്ളച്ചായം പൂശിയ ഈ

ചുവരുകള്‍ക്കുള്ളില്‍ നീ വിട്ട് പോന്ന മൌനം ഇന്നും പുകയുന്നൂ.നമ്മള്‍ മാത്രമുള്ള എഴുത്തുകളിലൂടെ ഞാന്‍വീണ്ടും വീണ്ടും കടന്ന് പോകുമ്പോള്‍,ഒടുവില്‍ ഞാനും നീയും മാത്രമായി ഒറ്റപ്പെട്ട്
പോകുമോഎന്ന് ഞാന്‍ ഭയക്കുന്നൂ.
എന്റെ ജാലകവാതില്ക്ക ഇപ്പോള്‍
മഴയില്ല.മഴയില്ലാത്ത ജാലകകാഴ്ചകള്‍ എനിക്കിഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ.ഇവിടെഇപ്പോള്‍ പെയ്യുന്നത് ഓര്‍മ്മകളുടെ വെളുത്തമഴയാണ് .നമ്മുടെഗൃഹാതുരസന്ധ്യകളില്‍മഴച്ചാറലുകള്‍ നിലക്കുന്നതും,ഓര്‍മ്മകളുടെ ഈറന്‍ വഴികളിലേക്ക് വെയില്‍

മണവുമായി നീനടന്ന് വരുന്നതും നോക്കി ഈ ചില്ല് ജനാലക്കല്‍ ഞാന്‍ തനിച്ചാണ് ‍.വരും വരും എന്നപ്രതീക്ഷയില്‍ ഇവിടെ പെയ്യുന്ന ഈ മഴത്തുള്ളികള്‍ മാത്രമാണെന്റെ ആശ്വാസം.

1 comment:

  1. മനസ്സും ജീവിതവും എടുത്താണ് നീ പടിയിറങ്ങിപ്പോയത്,എങ്കിലും ഈ തുള്ളികള്‍ എന്ത് ആശ്വാസമെന്നോ..?

    ReplyDelete