Wednesday, March 2, 2011

പ്രണയമെന്നോട് പറഞ്ഞത്

ഗുഹാഭിത്തികളിലെ ലിഖിതങ്ങള്‍ പോലെ
നീ എന്റെ ഹൃദയത്തില്‍ എഴുതിയ നോവുകള്‍
കുത്തിയും കോറിയും നീ എഴുതി രസിച്ച എന്റെ ഹൃത്തടം
പൊരുളറിയാതെ വടുകെട്ടുന്നൂ.
പ്രണയത്തിന്റെ ലിഖിതങ്ങള്‍ , നീ ഊതിക്കെടുത്തിയ
വെളിച്ചത്തില്‍ ,ആരാലും കണ്ടെടുക്കാതെ ഞാന്‍ പുരാവസ്തുവാകുന്നൂ

എന്നെ നിശ്ശ്ബ്ദമാക്കി നീ എന്നില്‍ നിന്നും അകന്ന് പൊകുമ്പോള്‍
എന്റെ കുഴിമാടത്തിനുള്ളിലെ മൌനം നിന്നോട് കയര്‍ക്കും
ഒലിവ് മരങ്ങളുടെ താഴവാരത്തിരുന്ന് ഞാന്‍
നിനക്ക് പ്രണയം തന്നതിന്
നിലാവില്‍ ഗോപുരമുകളിലെ കുരിശ്ശടയാളം
തെളിയും വരെ നിന്നെ പിരിയാതിരുന്നതിന്.
വിശുദ്ധിയുടെ പ്രണയത്തെ  മൂന്ന് വട്ടം തള്ളി പറഞ്ഞതിന്.
ഓര്‍ക്കുക,എന്റെ മൌനം ,അതെന്റെ നിലവിളിയാണ്...

ഒരോ പ്രഭാതവും സായന്തനത്തിലേക്ക് ഒഴുകും പോലെ ഞാന്‍ എല്ലായിപ്പോഴും
നിന്നിലേക്കൊഴുകിക്കൊണ്ടിരിക്കുന്നൂ.
നിന്നോടുള്ള പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എന്റെയീ നിമിഷങ്ങള്‍
ഇല്ലാതാവട്ടേ , ഒടുവില്‍ നിന്റെ പ്രണയത്തിലേക്ക്
ഞാന്‍ ഉതിര്‍ന്ന് വീഴും വരെ.


രാവിന്റെ പ്രണയത്തില്‍ നിന്നും
പകലിന്റെ പ്രണയത്തിങ്കലേക്ക് എത്രദൂരം ?
ഞാന്‍ നിന്നോട് പറയുന്നൂ
നിന്റെ നീലക്കണ്ണുകളില്‍ നിന്നും
എന്റെ കാഴ്ചയിലേക്കുള്ള ദൂരം.


പ്രഭാതത്തില്‍ നീ എന്റെ പ്രണയം അറിയുന്നത്
പനിതുളികളില്‍ സൂര്യനുണരുമ്പോഴാണ്.
സായന്തനങ്ങളിലത്
രാപ്പക്ഷികളുടെ വിട പറയലിന്റെ വിഹ്വലതയാണ്.
ദേവാലയ മുറ്റത്തെ കുരിശുമരത്തില്‍ രാവിറങ്ങുമ്പോള്‍
രാത്രിയിലെ പ്രണയം നിന്നെ തേടിയെത്തും
പ്രണയത്തീന്റെ സമയ മാപിനികള്‍ ഉടയുമ്പോള്‍
പൊടുന്നനേ നിന്റെ ഹൃദയത്തില്‍ നിന്നും ഞാന്‍ വേര്‍പെട്ട് പോകുന്നൂ
പ്രണയം പടിയിറങ്ങുമ്പോള്‍ ശരീരം ഉയിരില്ലാത്ത ഉടല്‍ മാത്രമാകുന്നൂ.
ശിശിരത്തിലെ ഒടുവിലെ നീര്‍ത്തുള്ളിയും വീണ് പോകുമ്പോള്‍
മനസ്സിലെ പ്രണയം വരണ്ടുണങ്ങുന്നൂ
ഉമ്മ വച്ച ചുണ്ടുകള്‍ നിന്റെ പ്രണയത്തെ ഓര്‍ത്ത് തപിക്കുന്നൂ.

പിരിയും മുന്‍പ് എന്റെ പ്രണയം നിന്നോട് നിലവിളിച്ചതാണ് പോകരുതെന്ന്.
ഞാന്‍ നോക്കി നില്‍ക്കേ
ഭ്രമണം തെറ്റിയ ഗ്രഹം കണക്കെ നീ എന്നില്‍ നിന്നും അകന്ന് പോയി.
നീ വിദൂരത്തിലാവുന്നത് ഞാന്‍ കാണുന്നില്ല.
അല്ലെങ്കിലും എന്റെ ഹൃദയത്തില്‍ നിന്നും നിനക്കെന്നാണ്
അകലാനാവുക..?

എന്റെ പ്രണയം നിന്റെ പ്രണയത്തെ അറിയുമ്പോള്‍
 സോളമന്റെ ഹൃദയ ഗീതകങ്ങള്‍ കിന്നരത്തില്‍ നിനക്കായ് ഉതിര്‍ക്കും
ലബനോനിലെ  മുന്തിരിപ്പഴത്തേക്കാള്‍ മാധുര്യം നിന്റെ അധരത്തിനാണ്.
നിന്റെ പ്രണയത്തില്‍ ഞാന്‍ നിദ്രപ്രാപിക്കുകയും
നിന്റെ പ്രണയത്തിലേക്ക് തന്നെ  ഉണര്‍ന്നെണീക്കുകയും ചയ്യുന്നൂ,
എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം പന്നല്‍ ചെടികളുടെ പുഴപൊലെ
 അരികിലേക്കെത്താതെ ഒഴുകിക്കൊണ്ടേയിരിക്കുന്നൂ.
അറേ
ബ്യയിലെ വസനതൈലം പോലെ
നിന്റെ പ്രണയം എന്നിലെപ്പോഴും സുഗന്ധം നിറക്കുന്നൂ.
അഷോബാനിലെ മാതളപ്പഴത്തേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത്
പ്രിയേ, നിന്റെ പ്രണയമാണ്,
നിന്റെ ഹൃദയമിടിപ്പുകളുടെ താള വേഗം എനിക്ക് നിന്നോടുള്ള പ്രണയം.

1 comment:

  1. അല്ലെങ്കിലും എന്റെ ഹൃദയത്തില്‍ നിന്നും നിനക്കെന്നാണ്
    അകലാനാവുക..?


    ഇതാണ് യഥാർത്ഥ പ്രണയം...ദൂരം അതിലൊരു ഘടകമേയല്ലാ..

    ReplyDelete