Wednesday, March 2, 2011

പടികടന്ന് പോയ പദനിസ്വനം.

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിതെന്നല്ലായി മാറി..

ഗിരീഷ് പുത്തഞ്ചേരിക്ക് ഭൂമിയില്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന് ഗാനമായിരുന്നൂ ഇത്.ഓര്‍ത്തെടുക്കുവാന്‍ നിറയെ മനസ്സിലും,കേട്ട് മതിയാവാതെ നിറയെ കാതിലും ആവശ്ശേഷിപ്പിച്ച്, എന്നേക്കുമായ് കടന്ന് പോയ ആ പദനിസ്വനത്തിന് ഫെബ്രുവരി 10 ഒരു വര്‍ഷം തികയുന്നൂ.ഇതിനോടിടക്ക് എത്രയോ തവണ അമ്മമഴക്കാറിന് കണ്ണ് നിറയുകയും നിലാവ് നീലഭസ്മ കുറിയണിയുകയും രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തുകയും പുലര്‍വെയിലും പകല്‍ മുകിലും കഥ പറയുകയും പൂനിലാമഴകള്‍ പ്യ്തൊഴിയുകയും ചെയ്തൂ.
പുത്തഞ്ചേരി പാട്ടെഴുതിയിരുന്നത് ഓരോ ആസ്വാദകന്റെയും മനസിനുള്ളിലിരുന്നായിരുന്നൂ.ഓരോ വിങ്ങലും നറുപുഞ്ചിരിയും തെല്ലാഹ്ലാദവും ഒരു ഹൃദയം ആയിരം ഹൃദയങ്ങളിലേക്ക് പകരുക ആയിരുന്നൂ. അത്കൊണ്ട് തന്നെ ആയിരുന്നിരിക്കണം ആ ഗാനങ്ങള്‍ എല്ലാം തന്നെ  നമ്മള്‍ നെഞ്ചേറ്റിയിരിക്കുന്നതും.പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തിയത് അവനവനിലേക്ക് തന്നെ ആയിരുന്നൂ.അലസമധുര സ്വപ്നത്തിന് മേല്‍ വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുകയായിരുന്നൂ പുത്തഞ്ചേരി.
ഇത്രയധികം സംഗീതബോധമുണ്ടായിരുന്ന ഒരു കവി മലയാളത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയം.വയലാറിന്റേയും പി ഭാസ്കരന്‍ മാഷിന്റെയും ഗാനങ്ങള്‍ നെഞ്ചിലേറ്റിയ പുത്തഞ്ചേരി ഒരിക്കല്‍ പറഞ്ഞൂ,ചുവന്ന പരവതാനി വിരിച്ച ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍ മുറുക്കിവച്ച ഒരു രുദ്ര വീണയാണ് വയലാറിന്റെ കവിത എങ്കില്‍,താജ് മഹലിന്റെ മുറ്റത്ത് പനിതുള്ളി വീണ് കിടക്കുന്ന പച്ചപുല്‍ ത്തകിടിയില്‍ ഒരു ഗന്ധരവ്വന്‍ മറന്ന് വച്ച് പോയ ഓടക്കുഴലാണ് ഭാസ്കരന്‍ മാഷിന്റെ കവിത.ഇതില്‍ ഒന്ന് തൊടാന്‍ അനുവാദം തന്നാല്‍ ഏത് തൊടും ,തൊടാതിരിക്കും?
ഗാനത്തിന്റെ ആത്മാവ് തൊട്ടറിയാന്‍ കഴിഞ്ഞ കവി വേറൊന്നുണ്ടോ എന്ന് സംശയം.അത്കൊണ്ട് തന്നെ ആയിരിക്കാം ആ വിരല്‍ തുമ്പില്‍ നിന്നൊഴുകിയെത്തിയ വരികളെല്ലാം തന്നെ നമ്മള്‍ സ്വന്തം ആത്മാവിലേക്ക് കുടിയിരുത്തിയത്.ഒരു വിരഹിയും പ്രണയിയും ആയി മാറാന്‍ കഴിഞ്ഞിരുന്നൂ പുത്തഞ്ചേരിക്ക്.പാലില്‍ കല്‍ക്കണ്ടം ചാലിക്കുന്നത് പോലെയാണ് പ്രണയം എന്ന് പുത്തഞ്ചേരി പറഞ്ഞിരുന്നൂ.ആ കല്‍ക്കണ്ട മധുരമാണ് വരികളായി ഉതിര്‍ന്ന് വീണത്. പ്രണയം തിരിച്ച് പോയപ്പോഴോ പ്രണയം പ്രതീക്ഷിച്ച് നിന്നപ്പോഴോ  ഓരോ പ്രണയിയും മന്ത്രിച്ചത്, പുത്തഞ്ചേരിയിലൂടെ ആയിരുന്നിരിക്കണം ഒരു വേള,‘ആരോ വിരല്‍ മീട്ടി‘യതും,‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെ‘ത്തിയതും,‘എത്രയോ ജന്മാമായി നിന്നെയും തേടി‘ നടന്നതും അങ്ങനെ അങ്ങനെ മനസ്സിന്റെ വ്യഥകള്‍ക്കും വിരഹത്തിനുമൊപ്പം സഞ്ചരിച്ചിരുന്നൂ ആ വരികളും.
 വിരഹവും വിഷാദവും ദാര്‍ശനിക ചിന്തകളും അന്യമായിരുന്നില്ല പുത്തഞ്ചേരിക്ക്.കണ്ണും നട്ട് കാത്തിരുന്നിട്ടും,കനക മുന്തിരികള്‍..ആകാശ ദീപങ്ങള്‍ സാക്ഷി..ഇങ്ങനെ ഒരേ സമയം കാമുകനാവാനും വിരഹിയാകാനും യോഗിയാകാനും കഴിഞ്ഞിരുന്നൂ പുത്തഞ്ചേരിക്ക്.
''എഴുത്തില്‍ സത്യസന്ധത എനിക്ക് നിര്‍ബന്ധമാണ്. സിനിമാപാട്ടെഴുത്തിന് കവിത്വം ആവശ്യമില്ല, എനിക്കത് തൊഴിലാണ്. അതില്‍ തൃപ്തി നേടാന്‍ കഴിയണമെന്നതാണ് പ്രധാനം''-പുത്തഞ്ചേരി തന്റെ ന്യായം തുറന്നു പറഞ്ഞിരുന്നു.അക്ഷരങ്ങളെയും വാക്കുകളേയും ഇത്രയധികം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് പഠിപ്പിച്ച മറ്റോരു രചയിതാവ് അധികം ഉണ്ടാകില്ല.പുത്തഞ്ചേരിക്ക് ഗാനരചന ആയാസം ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല,ആ മനസ്സിലേക്കത് ഒഴുകിയിറങ്ങുകയായിരുന്നൂ.
വയലാര്‍ എന്ന പ്രതിഭാസത്തിന് ശേഷം പി ഭാസ്കരനും ശ്രീകുമാരന്‍ തമ്പിയും യൂസഫലിയും ഒ എന്‍ വിയും കൈതപ്രവും നമ്മുടെ ഗാനശാഖയെ സുരഭിലമാക്കിയിരുന്നൂ.അതിന് ശേഷം നല്ല ഗാനങ്ങള്‍ എണ്ണപ്പെട്ട് തുടങ്ങിയകാലത്താണ് ആത്മാവിലേക്ക് കുടിയിരിക്കുന്ന വരികളുമായി പുത്തഞ്ചേരി കടന്ന് വരുന്നത്.കഥാപാത്രത്തിന്റെ മാനസിലേക്ക് കയറിച്ചെന്ന് കഥാഗതിക്കിണങ്ങുന്ന വരികള്‍ ചേര്‍ത്തെഴുതിയത് പലതും നമ്മുടെ മനസ്സിന്റെയോ ജീവിതത്തിന്റെയോ ഭാഗമായി നില്‍കുന്ന വരികള്‍ തന്നെ ആയിരുന്നൂ.നീലകണ്ഠന്റെ നെഞ്ച് പിടഞ്ഞ സൂര്യകിരീടം വീണുടഞ്ഞത് നമ്മില്‍ ഓരോരുത്തരിലുമായിരുന്നൂ.എപ്പോഴെങ്കിലും നമ്മളും വിലപിച്ച് പോകുന്നൂ ഇനിയോരു ജ്ന്മം വീണ്ടും തരുമോ അമ്മേ എന്ന്
  ചിലരുടെ കാര്യത്തിലെങ്കിലും ചിലപ്പോള്‍ നമ്മള്‍ കൊതിക്കാറുണ്ട്,നമ്മുടെ ആയുസ്സ് ഉള്ളിടത്തോളം കാലം ഇവരും ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന്.അര്‍ത്ഥശൂന്യമായ ആ ആഗ്രഹം നെഞ്ചിലൊതുക്കി നമുക്കായ് എഴൂതി വച്ച വരികള്‍ ഓര്‍ത്തെടുത്ത് ആശ്വസിക്കുമ്പോള്‍ ഒടുവില്‍ ഒരു നിശ്വാസം മാത്രം നെഞ്ചില്‍ കുരുങ്ങുന്നൂ

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറു ചിമിഴില്‍
പാതി പാടുമൊരു പാട്ടുപോലെ…
അതിലലിയാന്‍ കൊതിയല്ലേ…?

1 comment:

  1. മരണം തട്ടിപ്പറിച്ച ആ സ്നേഹഗായകന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി...

    ReplyDelete