Sunday, October 10, 2010

മത വിശ്വാസത്തിന്റെ അങ്ങാടിനിലവാരം.

ദൈവം ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,ആളുകള്‍ വിശ്വസിക്കുകയോ
അവിശ്വസിക്കുകയോ ചെയ്യട്ടെ,യുക്തിയും വിശ്വാസവും തമ്മിലുള്ള അന്തരം നമ്മെ
അന്ധവിശ്വാസികളുമാക്കി. വിശ്വാസത്തിന്റെയോ ദൈവങ്ങളുടെയോ മതത്തിന്റെയോ
പേരില്‍ നടത്തുന്ന വ്യാപരമാണ് കേരളം പോലെ ഒരു സംസ്ഥാനത്ത്
അന്ധവിശ്വാസങ്ങള്‍ വളരാനും ആള്‍ ദൈവങ്ങള്‍ അവതാരം കൊള്ളാനും
കാരണം.കേരളത്തിലെ തെരുവോരങ്ങളിലെവിടെയും ഇന്ന് കാഴ്ചക്ക് പഞ്ഞമില്ലാത്ത
ഒന്നാണ് ‘അത്ഭുതസിദ്ധി‘യില്‍ ആറാടിനില്‍ക്കുന്ന മന്ത്രവാദകേന്ദ്രങ്ങള്‍
.ഇതിനെല്ലാം ഒരു പരിധിവരെ നമ്മള്‍ കുറ്റക്കാരാണ്.നമ്മുടെ ആര്‍ത്തിനിറഞ്ഞ
ജീവിതവും ചഞ്ചല മനസ്സും അവര്‍ മുതലാക്കുന്നു.നനവുള്ള മണ്ണില്‍ പടുവിളയും
മുളക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം എത്ര ആള്‍ദൈവങ്ങളെ കണ്ടു?അവരെല്ലാം
വര്‍ഷങ്ങളൊളം ഇവിടെ നടമാടിയവര്‍ തന്നെയാണ്.പിടിക്കപ്പെട്ടവരും
പിടിക്കപ്പെടത്തവരും ഇനിയും എത്ര.ഏതെങ്കിലും സ്ത്രീ പീഡനത്തിലൊ
പണാപഹരണത്തിലൊ പെട്ട് അവര്‍ പിടിക്ക പ്പെടും വരെ നമുക്കവര്‍ ദിവ്യന്മാരും
ദൈവങ്ങളുമാണ്.കാരണം അവര്‍ക്കിന്നും വിപണിയുണ്ട്.90 ലക്ഷവും ഒരു കോടിയും
കൊടുക്കും നമ്മള്‍..കോടികളുടെ നിധി കിട്ടാന്‍.ആദ്യം ചികിത്സിക്കേണ്ടത്
നമ്മളെയല്ലേ?
അന്ധവിശ്വാസം വിറ്റുപോകുന്ന ഏറ്റവും നല്ല മാര്‍ക്കറ്റാണ് നമ്മുടേത്.
സ്വര്‍ണ്ണക്കടകളില്‍ വില്പന കൂട്ടാന്‍ ഒരു തന്ത്രം കണ്ടെത്തിയതായിരുന്നു ‘അക്ഷയത്രുതീയ’ഒരു 10
-12 വര്‍ഷത്തിന് മുന്‍പ് വരെ കേരളം കേട്ടിട്ടില്ല ഇങ്ങനെ ഒരു
ദിവസത്തെക്കുറിച്ച്.ആ ദിവസം സ്വര്‍ണ്ണം വാങ്ങി സ്വര്‍ണ്ണവും ഐശ്വര്യവും
കുമിഞ്ഞുകൂടിയ ആരേയും ഇതുവരെ എങ്ങും കണ്ടില്ല.നമ്മുടെ ഐശ്വര്യം എല്ലാം
ഇപ്പോഴും ധാരാവി പോലുള്ള ചേരികളില്‍ കുമിഞ്ഞ് കൂടുകയാണ്.വൈശാഖമാസത്തിലെ
മൂന്നാം നാള്‍ ഐശ്വര്യപ്രദമാണ് എന്ന് പുരാണത്തില്‍ കാണുന്നു.ഈ ദിവസ്സം
ദാനധര്‍മ്മാദികള്‍ക്കും ആത്മീയ സ്മരണകള്‍ക്കും നല്ല ദിവസ്സം എന്നും
കാണുന്നൂ.ഈ ദിവസ്സം എന്ത് കിട്ടിയാലും അത് ഇരട്ടിക്കും എന്നൊരു വിശ്വാസവും
ഉണ്ടായിരുന്നു.ഈ കിട്ടല്‍ എന്നതാണ് വ്യാപരമേഘലയില്‍ വാങ്ങല്‍ ആക്കി
മാറ്റിയത്.സ്വന്തം താല്പര്യത്തിനൊത്ത് ഒരു വിശ്വാസത്തെത്തന്നെ മാറ്റി
എഴുതിയതിന്റെ ആഘോഷം കൂടിയാണ് ഇത്.ഈ വര്‍ഷത്തെ അക്ഷയ തൃതീയ കഴിഞ്ഞ്
സ്വര്‍ണ്ണ വില വന്നത് 13840 രൂപയിലാണ്.അത്താഴപ്പട്ടിണിക്കാ
രന് ഇവിടെ ഐശ്വര്യം വേണ്ട.

കഴിഞ്ഞ വര്‍ഷം മുതല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും തുടങ്ങി ഈ പുതിയ
തട്ടിപ്പ്.
‘അഷ്ടപഞ്ചമി’ദിവസം ബുക്ക് ചെയ്താല്‍ ഐശ്വര്യം ഇരട്ടി.
സാക്ഷരതയില്‍ മുന്നിലും വിവേചന ബുദ്ധിയില്‍ പിന്നിലുമാണോ?
സത്യസായിബാബ കൈക്ക് പിന്നില്‍ പിടിച്ച ഭസ്മക്കട്ട ഉടച്ച് ഭസ്മം കൊടുക്കുന്നത് ഒരു
നോര്‍ത്തിന്ത്യന്‍ ചാനല്‍ സപ്രേക്ഷണം ചെയ്തിരുന്നു.പുട്ടപര്‍ത്തിയില്
‍ ആശ്രമം നിര്‍മ്മിച്ച എഞ്ചിനീയര്‍ക്ക് ഒരു സ്വര്‍ണ്ണമാല ശൂന്യതയില്‍ നിന്നും ‘ഇറക്കിക്കൊടുത്തു’ഇടം കിട്ടാതെ സ്ഥാനം തെറ്റിനിന്ന ക്യാമറയില്‍ അത് വന്ന വഴിയുംകണ്ടു.ജനങ്ങളും കണ്ടു കുറച്ചുനേരം.പിന്നീട് ആശ്രമ വാസികളും ഭക്തിമൂത്ത വ്യവസായ പ്രമുഖരും ചേര്‍ന്ന് ഒതുക്കി ആ വിശ്വാസ വഞ്ചന.ഇപ്പൊഴും ആശ്രമവും ഭക്തരുമുണ്ട്.പണത്തിലും സ്വധീനത്തിലും ഒതുക്കിനിര്‍ത്തീയിരിക്കുന്ന ഭക്തി.
നമുക്കുമില്ലേ ഇവിടെയും ആള്‍ ദൈവങ്ങള്‍?ആരും നിഷേധിക്കാന്‍ ധൈര്യപ്പെടാത്ത
ദൈവങ്ങള്‍.നമ്മുടെ നിരീശ്വരവാദികള്‍ ഈശ്വരന്റെ കുലവും ജാതിയും പിറവിയും
അസ്തിത്വവും നോക്കി വെല്ലുവിളിക്കുന്നു,നിഷേധിക്കു
ന്നു.എന്തേ അവര്‍ ഈ ആള്‍ ദൈവങ്ങളെ കാണാതെപോകുന്നു?അവര്‍ക്കെതിരേആരും ഒന്നും മിണ്ടുന്നില്ല.? അവര്‍ ധൈര്യ്പ്പെടില്ല.കാല്‍ കഴുകിയാലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താലും,സ്വര്‍ണ്ണ ക്കസ്സേരയില്‍ ഇരുത്തി നാടു ചുറ്റിച്ചാലും
ലോകത്ത് ശാന്തി വളരുമെന്നും ദുഃഖം മാഞ്ഞു പോകുമെന്നും കരുതുന്ന
‘അവതാരങ്ങ’ളോട് ദൈവമ്ം പൊറുക്കട്ടെ.
നിരീശ്വരവാദം(വാദി) എന്ന കാപട്യം,പ്രതികരിക്കത്ത ദൈവത്തിനെ ആര്‍ക്കും
എതിര്‍ക്കാം.വിശ്വാസവും യുക്തിയും രണ്ടാക്കിക്കാണാത്തതിന്റെ
കുഴപ്പങ്ങള്‍ തന്നെയാണ് ഇതെന്ന് എനിക്ക് തോന്നുന്നു.വിശ്വാസം ഒരുവന്റെ
ഉള്ളിലെ ധാരണയാണ്. യുക്തി വസ്തുതകലുടെ കര്യകാരണവും.വിശ്വാസിക്ക് യുക്തിവാദിയും മറിച്ചും ആകാം.യുക്തിവാദിയും നിരീശ്വരവാദിയും രണ്ടാണ്.യുക്തിയോട് കൂടി ദൈവത്തീല്‍ വിശ്വസിക്കാം.
വിശ്വാസത്തിനെ ചില തല്പര്യങ്ങള്‍ക്ക് ഉപയൊഗിക്കുംമ്പോഴാണ് അത് വണിജ്യവല്ക്കരിക്കപ്പെടുന്നതും വിശ്വാസം കച്ചവടമാകുന്നതും.
കേരളത്തിലെ പൊങ്കാല 10 വര്‍ഷം കൊണ്ട് വികസിച്ച കച്ചവട മാമാങ്കമാണ്.ഇത്രയേറെ
വരുമാനം എല്ലാവിഭാഗത്തിനും കിട്ടുന്ന ഒരു സീസണല്‍ വാണിജ്യമേള.പരസ്യം
കൊണ്ട്‌ എങ്ങനെ ഒരു വ്യവസായം വിപുലീകരിക്കാം എന്നും ഭക്തി എങ്ങനെ
വളര്‍ത്താം എന്നും ആറ്റുകാല്‍ എന്ന സ്ഥലത്തുള്ളവര്‍ക്ക്‌ നന്നായി അറിയാം
എന്ന് നേരത്തെ തെളിയിച്ചു കഴിഞ്ഞതാണല്ലോ.
വഴി നീളെ അടുപ്പ്‌ കൂട്ടി പൊതുജനത്തിനു ശല്യം ഉണ്ടാക്കുന്നത്‌ ദൈവത്തിന്റെ
പേരില്‍ ആയതിനാല്‍ ആരും മിണ്ടില്ല എന്ന് ഇതിന്റെ സംഘാടകര്‍ക്ക്‌ നല്ലവണ്ണം
അറിയാം. ജാഥകള്‍ പോലും നിരോധിച്ച സെക്രട്ടറിയേറ്റും പരിസരത്തും വരെ
അടുപ്പുകള്‍ കൂട്ടി പൊങ്കാലയിടാന്‍ വേദി ആയെങ്കില്‍ അതിനര്‍ത്ഥം ഭക്തിയുടെ
പേരില്‍ എന്തും ആകാം എന്നല്ലേ? മധ്യമങ്ങള്‍ മാര്‍ക്കറ്റിംങ് നട്ത്തുകയും
ചെയ്യുന്നു.
സ്ത്രീകളുടെ ശബരിമല ആണു ആറ്റുകാല്‍ അമ്പലം എന്ന് പറയുന്നത്‌ കേട്ടു. ഇതും
തട്ടിപ്പിന്റെ മറ്റൊരു മുഖം.സ്തീപ്രേക്ഷകര്‍ക്കായി ചാനലുകാര്‍ സീ‍രിയല്‍
ഇറക്കും പോലെ.പണ്ടേ ദുര്‍ബ്ബല........എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഈ അമ്പലത്തിന്റെ അധികൃതര്‍ തന്നെ ചാര്‍ത്തി കൊടുത്ത അലങ്കാരം ആയിരിക്കും ഈ
പദവി എന്നു തോന്നുന്നു. ഇവിടെ എന്താ ആണുങ്ങള്‍ക്ക് പ്രവേശനം ഇല്ലേ? അതോ
വേറെ ഏതെങ്കിലും തരത്തില്‍ ശബരിമലയുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ, ഭക്തി
നല്ലതാണ് , അത് മനസ്സിന്റെ ഉള്ളില്‍ നിന്നു വരണം. പക്ഷേ ഇത്തരത്തിലുള്ള
ഭക്തി എത്രത്തോളം ആത്മാര്‍ത്ഥമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നൂ. ഇത്
കച്ചവടവത്ക്കരിച്ച ഭക്തിയാണ്. ഇപ്പോള്‍ ഈ പൊങ്കാല മറ്റൂ പല
അമ്പലങ്ങളീലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. (മറ്റൊരു വ്യവസായിക
അമ്പലമായ ചക്കുളത്ത് കാവിലും പൊങ്കാല നടത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്.)
പാരമ്പര്യവിശ്വാസവും ആചാരങ്ങളും തുടരട്ടെ...ഇതു ഭക്തിയുടെ ഭാഗമല്ല
എന്നറിഞ്ഞുകൊണ്ട് നടത്തുന്ന കപടത അവസാനിക്കേണ്ടതു തന്നെ.ഖജരാഹോ
ക്ഷേത്രത്തിന് ചുറ്റും കൊത്തിവച്ചിരിക്കുന്ന കാമശാസ്ത്രത്തിലെ
രതിശില്പങ്ങള്‍ നമ്മുടെ ഭക്തിയുടെ മാനത്തെ
വിവസ്ത്രമാക്കുന്നില്ല,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ദേവി ദേവ
ശില്പങ്ങള്‍ നമ്മുടെ സദാചാരത്തെ മുറിപ്പെടുത്തുന്നില്ല.ഭക്തന്റെ നാണം
മാറ്റാന്‍ അവക്ക് മേല്‍ ഉടു പുടവ ചുറ്റിയിരിക്കുന്നു.എം എഫ് ഹുസ്സൈന്‍
ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രം വരച്ചപ്പോള്‍ മാത്രം വിശ്വാസിയുടെ വികാരം
വിജ്രംഭിക്കുന്നൂ,മതവികാരം വ്രണിതമാകുന്നൂ.വര്‍ഗ്ഗിയ കലാപം നടത്തിയ മോദിയെ
ആരാധിക്കുകയും ലാദനെ തള്ളിപ്പറയുകയും ചെയ്യുന്നൂ.ഇതെല്ലാം സാധിക്കുന്നത്
നമ്മള്‍ യഥാര്‍ഥ വിശ്വാസി ആയിട്ടല്ല,അങ്ങിനെയും ഒരു വിശ്വാസി ആയത്
കൊണ്ടാണ്.
ഈയിടെ കേട്ട ഒരു വാര്‍ത്ത.
‘ശ്രീ നാരയണ ഗുരു വിഷ്ണുവിന്റെ അവതാരം എന്ന് ഏതൊ ഒരു ജ്യോത്സ്യന്‍ എഴുതിയിരിക്കുന്നു.ഇതുപോരെ ഇനി നമുക്കും വാദിക്കാം.അല്ലെന്ന് എങ്ങനെ തെളിയിക്കും,നടന്‍ സുരേഷ് ഗോപി കഴിഞ്ഞജന്മത്തില്‍ ചോളരാജ്യം ഭരിച്ചിരുന്ന ഏതോ ഒരു മന്ത്രി
ആയിരുന്നത്രേ!!സംഗീതവും നൃത്തവും അറിയാവുന്ന സ്ത്രീകളോട് അഭിനിവേശവും
താല്പര്യവും ഉണ്ടായിരുന്ന ആരോഗ്യ മന്ത്രി..!അല്ലെന്ന് ആര്‍ക്ക്
തെളിയിക്കാന്‍ പറ്റും.?ചന്ദ്രനെ ദൈവമായി ആരാധിച്ചിരുന്ന ഇന്ത്യന്‍ പ്രാകൃത
ജനതയുടെ നാട്ടില്‍ നിന്നും ചന്ദ്രനിലേക്ക് റോക്കറ്റയച്ചൂ..ആള് പോയി..കാലവും
ശാസ്ത്രവും ഇത്രവരെ പുരോഗമിച്ചൂ എന്നിട്ടും നമ്മുടെ മനസ്സെന്താണ്
യുക്തിഭദ്രം അല്ലാത്തത്? കേരളം ഭ്രാന്താലയം എന്ന് പറഞ്ഞ വിവേകാനന്ദന്‍
ഇപ്പോള്‍ വന്നാല്‍ എന്ത് പറയുമായിരുന്നോ എന്തോ.
ഇന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍(തിരുപ്പതിയില്‍ മുടി മുറിച്ചാല്‍
അതില്‍പ്പരം പുണ്യം വേറില്ലാത്രേ!കോടിക്കണക്കിന് രൂപയുടെ ലേലമാണ് ഈ ‘മുടി‘
ഇടപാട്.മുടിമുറിച്ച് പുണ്യം തലയിലേറ്റി വന്നവരാണ് കഴിഞ്ഞ ആഴ്ച
റോഡിലൊടുങ്ങിയ ഒന്‍പത് പേര്‍.) ഏറ്റവും കൂടുതല്‍ വരുമാനം ഗുരുവായൂര്‍
ക്ഷേത്രത്തിനാണെന്ന് പറെയപ്പെടുന്നു.ഈ വരുമാനം
വാര്‍ഷികാടിസ്ഥാനത്തിലാണ്.എന്നാ
ല്‍ വെറും രണ്ട് മാസങ്ങള്‍ കൊണ്ട് ശബരിമലയില്‍ വീഴുന്ന വരുമാനം എല്ലാ കണക്കുകളേയും
നാണിപ്പിക്കുന്നു.എന്നിട്ടും അവിടെ ഇതെല്ലാം വാരിച്ചൊരിയുന്ന പവം പമ്പര
ഭക്തന് നേരാം വണ്ണം പ്രാധമിക ആവശ്യത്തിനുള്ള സംവിധാനത്തിന് ഇപ്പോഴും
അയ്യപ്പന്റെ കാടും പമ്പയും ‘ശരണം’.വര്‍ഷങ്ങളായി ഈ കോടികള്‍ എവിടേക്ക്
പോകുന്നു?ലക്ഷങ്ങള്‍ കോഴകൊടുത്ത് മേല്‍ശാന്തിപ്പട്ടം വാങ്ങുന്ന
ശാന്തിക്കാരന്‍ തൊട്ട് ആരെല്ലാം?ലാഭവിഹിതം മാത്രമുള്ള ഈ വ്യവസ്സായ ശാല
പുതിയ ഉല്പന്നം ഇറക്കാത്തത് പഴയതിന് ഇന്നും നല്ല മാര്‍ക്കറ്റ് ഉള്ളത്
കൊണ്ട് തന്നെ.മകരജ്യോതിയേക്കാള്‍ മെച്ചമുള്ള വേറെ ഏത് ജ്യോതിയുണ്ട്
നാട്ടില്‍??
മകരജ്യോതി എന്നത് വലിയ ഇരുമ്പ് ചട്ടിയില്‍ ഭസ്മവും കര്‍പ്പൂരവും ചന്ദന
മുട്ടിയും ചേര്‍ത്ത് കത്തിച്ച് കയറില്‍ കെട്ടി പോലീസ്സുകാര്‍ തന്നെ
കത്തിക്കുന്നതാണെന്ന് പറഞ്ഞ പോലീസ്സുകാരനെ എനിക്കറിയാം.അവിടെ അദ്ദേഹം ഇത്
ചെതിരുന്നു പല വര്‍ഷങ്ങള്‍.ഈ ദിവസം തന്നെയാണ് പൊന്നമ്പല മേട്ടിലെ
കാടന്മാരുടെ ഉത്സവവും.

വിശ്വാസവും ആചാരവും എന്തുമാകട്ടെ..പ്രായോഗിക ബുദ്ധിയോടെ വിശ്വസിക്കുക.എല്ലാത്തിലും.സ ത്യ
മല്ലാത്തതിനേയോ കപട്യത്തേയോ
തിരിച്ചറിഞ്ഞ് വേണ്ട എങ്കില്‍ തള്ളിക്കളയൂ.ഇതെല്ലാം തിരുത്താന്‍ തുടങ്ങിയാല്‍ നമ്മള്‍ ആദികാലത്തു നിന്നും തുടങ്ങേണ്ടിയിരിക്കുന്നു.ഇതിലെ
ല്ലാം മുതലെടുപ്പ് നടത്തുന്നതില്‍ മറ്റ് മതക്കാരും ചേരുന്നു.എല്ലാവരും കരുതുന്നു‘എന്റെ മതമാണ് ശ്രേഷ്ഠം ‘എന്ന്.ഒന്നും തിരുത്തുക എന്നത്
പ്രായോഗികമല്ലാത്തത് കോണ്ട് വിശ്വസിക്കുന്നവര്‍ പോകട്ടെ.ഭര്‍ത്താവ്
കമ്മ്യൂണിസ്റ്റ് ആയി എന്നത് കൊണ്ട് ഭാര്യക്ക് ക്ഷേത്രവും വിശ്വാസവും
പാടില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും?ഒരു വിവാഹത്തിലൂടെയാണ് അവര്‍
ചേര്‍ന്നത്.അതിന് മുന്‍പ് അവര്‍ വിശ്വസിച്ചത് നിഷേധിക്കാന്‍
ആര്‍ക്കവകാശം?സ്വന്തം ഭര്‍ത്താവിന്റെ പേരില്‍ പൂജനടത്താന്‍ ഭാര്യക്ക്
അവകാശമില്ലെന്ന് പറയാന്‍ ഏത് മാനിഫെസ്റ്റോ പറയുന്നു?കമ്മ്യൂണിസ്റ്റ് ആയാല്‍
ദൈവവും വിശ്വാസവും പാടില്ലെന്ന് ആരു പറഞ്ഞു?
‘’ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകാം,നാളത്തെ ശാസ്ത്രവുമതാകാം’‘എത്രയെത്ര അബദ്ധങ്ങള്‍ ഇന്ന് ആചാരമാക്കി ആഘോഷിക്കുന്നൂ നാം.ഐന്‍സ്റ്റീന്‍ പറഞ്ഞത് പോലെ തിരുത്താനുള്ളതാണ് ഓരോ തിയറികളും എന്നത് നാം തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നൂ.
ദൈവം സകല മാനവന്റെയും പിതാവാണെങ്കില്‍,സ്നേഹത്തെക്കുറിച്ചും
കരുണയെക്കുറിച്ചും സഹാനുഭൂതിയോടെ മനുഷ്യന്‍ മനുഷ്യനെ കാണാനുമാണ് ആ പിതാവ്
ലോകത്തിലെ സന്തതികളോട് പറഞ്ഞത് എങ്കില്‍,ഇവിടെ മതത്തിന്റെയും ദൈവത്തിന്റെ
യും പേരില്‍ കൊല ചെയ്യപ്പെട്ട മാനവ കോടികളെ ഏത് ദൈവത്തിന്റെ പേരില്‍
നീതികരിക്കും?

‘’നമ്മള്‍ കൊന്ന് തിന്ന മീനിന്റെ ചെറുമക്കള്‍
നമ്മുടെ ചിതാഭസ്മം തിന്നും
നമ്മള്‍ കൊന്ന് തിന്ന മൃഗങ്ങളുടെ കൊച്ച് മക്കള്‍
പള്ളിപ്പറമ്പിലെ പുല്ല് തിന്നും.’‘ഞാന്‍ ദൈവ നിഷേധിയോ മത നിന്ദകനോ അല്ല്ല,അതിനിതിവിടെ ശ്രമിച്ചിട്ടുമില്ല,അതിന് ആഗ്രഹവുമില്ല.ദൈവം എന്ന ശക്തിയില്‍ വിശ്വസിച്ചു കൊണ്ട് തന്നെയാണ് ഇതെഴുതാന്‍ മുതിര്‍ന്നതും.മതത്തിന്റെയും ദൈവത്തിന്റെ യും പേരില്‍ നടത്തുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആണ് പറഞ്ഞിരിക്കുന്നത്.പിഞ്ചുകുഞ്ഞിനെ തലയറുത്ത് ദൈവത്തിന് കാല്ക്കല്‍ വയ്ക്കണം എന്നത് ഏത് ദൈവഠിന്റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെ.ഇതില്‍ എതിര്‍ക്കുന്നത് ആ ദൈവത്തെയല്ല ആ ആചാരത്തെയാണ്.ഒരു വിഭാഗത്തിന് അത് ദൈവത്തെ നിഷേധിക്കലായാല്‍ അതിലൊന്നും പറയാനില്ല.

No comments:

Post a Comment