Thursday, September 12, 2013

ഉറവ

മിഴിക്കുള്ളിലൊരുറവയുറങ്ങുന്നുണ്ട്.
ഓര്‍മ്മകളില്‍ നീ വന്ന് നിറയുമ്പോഴെല്ലാം
ഉറവക്കണ്ണ് പൊട്ടിയൊഴുകും.
ഓര്‍മ്മകളെത്ര ഒഴുക്കികളഞ്ഞാലും
തടം വീര്‍ത്ത് വിതുമ്പി വരും.
ഒറ്റചിലമ്പിന്റെ മുത്തുകള്‍ പോലെ
ഓര്‍മ്മകളില്‍ ഉതിര്‍ന്നു കൊണ്ടേയിരിക്കും.

ജീവനം

അമ്മക്കിത്തിരി കാല്‍ക്കുഴമ്പ്.
അച്ഛനിത്തിരി പനി മരുന്ന്
കുരുമുളകിലൊഴിച്ചൊരു വലി വലിച്ചാല്‍
ഏഴു ജന്മം പനിക്കില്ലെന്ന് അച്ഛന്‍ വൈദ്യന്‍
മകള്‍ക്ക് നൂല് പൊട്ടാത്ത ഒരു പട്ടം.
മേഘത്തില്‍ തൊടണമെന്നവള്‍ വാശി പിടിക്കും.
മോഹമൊരു മേഘമെന്നവള്‍ക്കറിയില്ലല്ലോ.
തൊടാനായും.തൊട്ടെന്ന് ചിരിക്കും.
ഉടലുലഞ്ഞൊരു കാറ്റില്‍ ഓടി മറയും.
ഇല്ലായ്മയുടെ വിറകൂതിയൂതി കഞ്ഞിയാക്കുന്നവള്‍ക്ക്
പ്രണയം വേവിക്കാന്‍ ഒരു ഹൃദയം.

മിഴി

പോകും മുന്നേ എന്റെ പ്രണയം 
പറയാന്‍ കഴിഞ്ഞില്ല.
കാത്ത് നിന്നിട്ടുണ്ട്.
ഒരു മുത്തം തന്ന് പോകാന്‍.
നിന്റെ മിഴികളിലേക്ക് നോക്കും പോലെ
കടലാഴങ്ങളില്‍ രമിച്ചിട്ടുണ്ട്.
നിലാവുള്ള രാത്രികളില്‍ 
മാനം നോക്കി കിടക്കണം.
നക്ഷത്രകണ്ണുമായി വരുന്ന നിന്നെ കാണേണം.
കണ്ണൊരു കടലാണ്.
കണ്ണീരിന്റേയും കിനാവിന്റേയും.

മഴയോര്‍മ്മ

ഉടലളവുകളിലെല്ലാം മഴനനയുമ്പോള്‍
പ്രണയമെന്നവള്‍ അറിഞ്ഞിരുന്നില്ല
ഒരു തുള്ളികൊണ്ട് തീരില്ല പ്രണയ സങ്കടങ്ങള്‍.
ഒരു പ്രളയം കൊണ്ട് തീരില്ല കണ്ണീര്‍ മഴ.
വേനലില്‍ പൂക്കുന്ന മരത്തിന്
ഓര്‍മ്മയുടെ ഗന്ധം.

മോഹം

ആകാശ യാനത്തിലൊരമ്മ വരും.
കണ്ണീരിന്‍ തുള്ളികള്‍ തൊട്ട്
സ്വപ്നങ്ങള്‍ ചേര്‍ത്തെഴുതും.
ഉറക്കം ഞെട്ടി ഉണരാതെ കാണാന്‍
ഉള്ളം നിറയെ സ്വപ്നങ്ങള്‍ തരും.
തൂവല്‍ ചിറകിലൊരഭയംതരും
ദുരിത മോഹങ്ങള്‍ ചാലിച്ചൊരു ജീവിതം തരും.
തനിയേ കരയാനൊരാകാശം തരും.

കുരുക്ക്

പ്രണയമൊരാരാച്ചാര്‍,
ഉടലനക്കാതെ ഉയിരെടുക്കും വരെ കുരുക്കു മുറുക്കും
നെഞ്ചിലുണ്ട് ഇന്നോളം അറിഞ്ഞിട്ടില്ലാത്ത 
പ്രണയത്തിന്റെ ആഴം.
ചുണ്ടിലുണ്ട് നീ തന്ന ചുംബനത്തിന്റെ കയ്പ്
ഇളവെയില്‍ താഴുമ്പോള്‍ മണ്ണിലേക്കിറങ്ങും
പ്രണയസങ്കടങ്ങളുമായ് കുറേ നിഴല്‍ രൂപങ്ങള്‍
കടല്‍ക്കരയിലെ കാറ്റും
അങ്ങാടിയിലെ മരക്കൊമ്പും തേടിയിറങ്ങും.
ഒരു മഴ പെയ്തെങ്കിലെന്നാശിക്കും.
ഉള്ളിലെ തീയണക്കാന്‍ ഒരുമഴക്കുമാവില്ലെന്നറിയില്ലല്ലോ
പനിപിടിച്ച ഉടലും കഫം നിറഞ്ഞ നെഞ്ചും നോക്കി
ഒരിക്കലവള്‍ പറഞ്ഞു പ്രണയപനിയാണെന്ന്.
അവള്‍ക്കറിയില്ലല്ലോ മണ്ണ് മൂടിപോയത്
ഉയിരെടുക്കാതെയാണെന്ന്.

Monday, April 1, 2013

പെയ്ത്ത്


വര്‍ത്തമാ‍നത്തിലലിഞ്ഞിരിക്കവേ ഒരു മഴ.
ഇല ചൂടി ഒരു കുടയായ് നമ്മള്‍
വാക്കിന്‍ തുള്ളികളിലെല്ലാം മഴനനവ്
മനം പെയ്ത് മനസ്സു പെയ്ത് വര്‍ത്തമാനത്തിന്റെ തുള്ളി മുറിയാതെ...
വാക്കിന്‍ തുള്ളികളുതിര്‍ത്ത് നീ മഴയാവുക..
മൊഴികളിലൊഴുകി ഞാനൊരു പുഴയാവാം
സിരകളെ തൊട്ട് ഹൃദയത്തിലുറഞ്ഞ്
പ്രണയചൂടിലാവിയായ് ഒരുമിച്ചൊരു മഴമേഘമാവാം
പെയ്ത് തോര്‍ന്നപ്പോഴൊക്കെയും നെഞ്ചകത്തിത്തിരി ബാക്കിയായി
ഒരു പെരുമഴയാകുമെന്നാരറിഞ്ഞൂ???
അകം വെന്ത ചൂടില്‍ തുള്ളികള്‍ പിന്നെയും ആവിയായി
 
അമ്മക്കിപ്പോഴും കണ്ണീര്‍ പെയ്ത് തോരുന്നേയില്ല..!!!


സദ്ഗതി


സദ്ഗതി:
പാളങ്ങള്‍ എപ്പോഴും അങ്ങനെയാണ്
ആര്‍ത്തിരമ്പിയകന്ന് പോകുവാന്‍ 
നടുനിവര്‍ത്തി കിടന്ന് കൊടുക്കും
ചെകിടോര്‍ത്തല്‍ കേള്‍ക്കാം 
ഹൃദയത്തിന്റെ കിതപ്പും നെഞ്ചകത്തെ നിലവിളിയും.
 
മൊഴി:
വര്‍ത്തമാനത്തില്‍ നിറഞ്ഞ പുഴയായിരുന്നൂ
പറയുവാന്‍ ഏറെ ഉണ്ടായിരുന്നിട്ടും
ഒടുവിലത് വാക്കുകളില്‍ വറ്റിപ്പോയി
 
അവള്‍:
അസ്തമയം കണ്ട് കണ്ട് ഒടുവിലവള്‍ കടലില്‍ അസ്തമിച്ചിരുട്ടായി
അവനോ,വെളിച്ചം തിരിയാതെ പിന്നീടൊരിക്കലും വീടെത്തിയതുമില്ല.
 
ഞാനും നീയും:
ഞാന്‍ വഴിയാവാം,നീ വഴി തെളിച്ചൊരു വിളക്കാവുക.
വഴി പിരിയും വരെ നമുക്കൊരു വഴിയാവാം
 
കിനാവ്:
കുതിര്‍ന്നലിയും മുന്നേ എനിക്കൊരു കുട ചൂടണം
കരഞ്ഞ് കലരും മുന്നേ നിന്റെ കണ്ണൊപ്പണം
ഇടറി വീഴും മുന്നേ ഒന്ന് ചിരിക്കണം
നിന്റെ കണ്ണുകളിലേക്ക് എനിക്ക് മടങ്ങിവരണം
 
വിട:
മണ്ണു മൂടും മുന്നേ എനിക്കൊരു ചുബനം തരിക
ചുംബന ചൂടിലെരിഞ്ഞെനിക്ക് വെണ്ണീറാവണം
ഓര്‍മ്മകളിലെ ഉഷ്ണത്തിനും നെഞ്ചകത്തെ നെരിപ്പോടിനും ഒരേ പേര്...
 
അമ്മ:
അടുപ്പ് കൂട്ടി തീയൂതിയൂതി മകനേ മകനേ എന്ന്
നിലവിട്ട് വിളിച്ചൊരമ്മ.
അമ്മേ അമ്മേ എന്ന് നൊന്ത് വിറകായ് എരിഞ്ഞോരു മകന്‍
കനലില്‍ അമ്മക്ക് മോക്ഷം
മകനോ,പുകയായ് അമ്മക്കൊരു തുടം കണ്ണീരായ്.

Tuesday, August 7, 2012

പരേതന്‍റെ ആത്മഹത്യാക്കുറിപ്പ്


ബസ്സിറങ്ങി വാകമരച്ചുവട്ടിലൂടെ നേരെ നടന്നത് പള്ളിത്താഴത്തേക്കാണ്.ഒരു പെരുമഴ പെയ്ത് തോര്‍ന്നിരിക്കുന്നൂ.കാറ്റിലും പിശ്ശറിലും ചിതറിയ ഇലകള്‍ കുരിശ്ശുപടി മൂടിക്കിടക്കുന്നൂ.തോട്ടിറമ്പില്‍ നിന്നും കൈതപ്പൂക്കളുടെ ഗന്ധം.ഇലകള്‍ ചവിട്ടി മുകളിലേക്ക് കയറി.മാനത്ത് മഴക്കാറ് കണ്ടാല്‍ പിന്നെ രണ്ട് നാളത്തേക്ക് ഇരുട്ടിലാവും.പതിവ് തെറ്റിയിട്ടില്ല.തിരുരൂപത്തിന് മുകളില്‍ മാത്രം വെളിച്ചമുണ്ട്.സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കുന്ന ആ കണ്ണുകള്‍ നന്നായിത്തന്നെ കാണാം.കര്‍ത്താവിനൊപ്പം കൈകള്‍ മുകളിലേക്കുയര്‍ത്തി നിന്നു,ആകാശങ്ങളിലിരിക്കുന്ന നീതിമാന്റെ പിതാവേ.ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവനേ എന്നോട് പൊറുത്താലും
പ്രാര്‍ത്ഥനകള്‍ക്ക് വെളിച്ചമേകാന്‍ ആരൊ കത്തിച്ച് വച്ച മെഴുക്  തിരിയും മഴയില്‍ അണഞ്ഞിരിക്കുന്നൂ.വീട് വരെ എത്തണം.കൈയില്‍ വെളിച്ചമില്ല. തോടും സര്‍പ്പക്കാടും കടക്കണം.അച്ഛനെ ഓര്‍ത്തൂ’‘കണ്ണില്‍ കുത്തിയാലറിയാത്ത ഇരുട്ടാണ്.കൈയില്‍ വെളിച്ചമില്ലാതിങ്ങനെ നടക്കരുതെന്ന് പറഞ്ഞിട്ടില്ലേ കൊച്ചേ നിന്നോട്,പകല്‍ കൂടി പാമ്പിറങ്ങുന്ന വഴിയാ..’‘  പാതികത്തിയ തിരി എടുത്ത് കൈയില്‍ വച്ചു.കുരിശ്ശില്‍ തൊട്ടിയില്‍ നിന്നും താഴേക്കുള്ള പടികള്‍ ശ്രമപ്പെട്ട് ഇറങ്ങി.ഈപടികള്‍ ഓടിയിറങ്ങിയ ഒരു കാലമുണ്ടായിരുന്നൂ.പടികള്‍ അവസ്സാനിക്കുന്നിടത്ത് ഒറ്റുകാരുടെ വെള്ളിക്കാശ് വീണ ഭണ്ഡാരം.പോക്കറ്റില്‍ പരതി കൈയില്‍ കിട്ടിയതത്രയും അതിലേക്കിട്ടൂ.എത്രയുണ്ടാകും? അറിയില്ല.വഴിതെറ്റിയ കുഞ്ഞാടുകള്‍ക്ക് ഇടയനെ കാട്ടിക്കൊടുത്ത മഹേശാ..എന്റെ ജീവന്റെയീ പാനപാത്രം നീക്കിത്തരേണമേ
വെളിച്ചം കടക്കാത്ത ഗുഹപോലെ മുന്നില്‍ ഇരുള്‍ വഴി നീണ്ട് കിടക്കുന്നൂ.എവിടെയാണവസ്സാനം? ഇരുട്ടില്‍ തുടങ്ങി ഇരുട്ടിലേക്ക് തന്നെ അവസാനിക്കുകയാണ്.ഇരുളിനെ ഭയം തോന്നിയില്ല.മഴനനവില്‍ കുതിര്‍ന്ന വഴി.          
പാതിയില്‍ മുറിഞ്ഞ കാലിന് വേദനതോന്നുന്നുണ്ട്.വേദനിക്കട്ടെ, താഴെ നിന്ന് മുകളിലേക്ക് ദേഹം മുഴുവന്‍ ആ വേദന പടരട്ടെ.കാലുറപ്പിച്ച് തന്നെ നടന്നു.വെപ്പുകാലിന്റെ കുഴലിനകത്ത് വേവുന്ന മാംസം.മുറിഞ്ഞ മാംസത്തിന്റെ വെറും വേദന മാത്രമാണ്.മനസ്സിന്റെയല്ല.വേദനകളുടെ പരമകോടി എത്തട്ടെ. എന്നാലും ഞാന്‍ നിലവിളിക്കില്ല. ഒന്നരവര്‍ഷ്ങ്ങള്‍ക്ക് ,മുന്‍പ് ഈ വഴികളെല്ലാം പാദങ്ങളില്‍ തൊട്ടറിഞ്ഞവനാണ്.,കൊന്നപ്പൂക്കളുടെ കണികാഴചയുമായി ഒരു പ്രാവാസത്തിന്റെ അവധി വന്നത് ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ജീവിതത്തിലെ വരും വരായ്കകള്‍ ആരാണ് തീരുമനിക്കുന്നത്?ജീവിതം മാറ്റിവരക്കാന്‍ എത്ര സമയം?ജീവിതം ഗതിമാറാന്‍ രണ്ട് ചക്രദൂരം മാത്രം.ദുരന്തങ്ങള്‍ നടന്ന് കയറാന്‍ ആയിരുന്നോ അന്ന് ബൈക്കൊടിച്ച് പോയത്?കാലറ്റത് ആശുപത്രിയിലോ,വഴിയിലോ അറിയില്ല,ഒന്നറിയാം ഇരുകാലില്‍ വന്നവന്‍ ഒറ്റക്കാലനായിരിക്കുന്നൂ. നഖങ്ങള്‍ ഭംഗിയില്‍ വെട്ടിനിര്‍ത്താന്‍ ഒടിവ് തട്ടാത്ത പത്ത് വിരലുകള്‍ ഇനിയില്ല.അമ്മക്ക് പ്രിയപ്പെട്ട വിരലുകളില്‍ അഞ്ചെണ്ണം ഓര്‍മ്മയായിരിക്കുന്നൂ.മാസങള്‍ക്കിപ്പുറം കുഴലിലാക്കിയ കാലുമായി തിരികെ മണല്‍ക്കാട്ടിലേക്ക്.മരുച്ചൂടില്‍ മാംസം വെന്തപ്പോള്‍ നട്ടിലേക്ക് തുടരെ നടത്തിയ യാത്രകള്‍.നെഞ്ചകത്തന്ന് കുരുങ്ങിയ ആ നിലവിളി ഇന്നും ബാക്കിയാണ്.ഈ രാത്രി അവസാനിക്കുന്നിടത്ത് ഒരു യാത്രയും അവസാനിക്കുകയാണ്.നടന്ന് തീര്‍ക്കാന്‍ ദൂരങളില്ല.താണ്ടാന്‍ വഴിത്താരയില്ലാ,ജീവിതം ഓര്‍മ്മയാവുകയാണ്.
ഒറ്റ് കൊടുക്കപ്പെട്ടവരുടെ തമ്പുരാനേ, കാറ്റിനേയും കടലിനെയും ശാസിച്ചുറക്കിയവനെ,എന്റെ ഉള്ളിലെ കൊടുങ്കാറ്റ് ശമിക്കുന്നില്ലല്ലോ.കുരിശ്ശേറ്റത്തിലും ഇടറാതെ നിന്ന മഹേശാ,എന്റെ മനസ്സിടറുന്നല്ലോ.!!!!
മുന്നില വഴിപിരിയുകയാണ്.വലത്തോട്ടോ..നെരേയോ,,?രണ്ട് വഴിക്കും വീടെത്താം.വലത് പോയാല്‍ വീട് വരെ വഴിയുണ്ട്.നേരെ പോയാല്‍ കാവിറങ്ങി സര്‍പ്പക്കാട് ചുറ്റി തോട്ടം കടന്ന് വീട്ടിലെത്താം.നെരേ തന്നെ നടന്നു.ഒരിക്കലൊരു പ്രണയം പൂത്തുലഞ്ഞ് നടന്ന വഴി.ഓര്‍മ്മകളുടെ നടവഴി.പ്രണയസങ്കടങ്ങളുടെ പെരുവഴി.എത്ര നടന്നിട്ടും നടന്നിട്ടും അവസ്സാനമില്ലതെ നീളുന്ന ആ വഴിതന്നെ പോകാം.കാവിനടുത്ത് വഴി വീണ്ടും വലത്തേക്ക് തിരിയുകയാണ്. സര്‍പ്പക്കാവിന്നോരം ചുറ്റി കുന്ന് കയറണം.മണ്ണ് വഴിക്ക് നല്ല നനവ്.അങ്ങിങ്ങ് വെള്ളക്കെട്ടുണ്ട്.ആകാ‍ശ ഹൃദയം തുറന്ന മഴയുടെ കണ്ണുനീര്‍.മഴനനവിനെ ഒന്ന് തൊട്ടറിയണം.ഒറ്റച്ചെരുപ്പൂരി ക്കാല്‍ വച്ചൂ.വെള്ളത്തിലേക്ക് തന്നെയാണ് കാല്‍ വഴുതിയത്.നനവില്‍ പൂത്തുലഞ്ഞ ഒരു കുളിര്‍ മുകളിലേക്ക് ദേഹം മുഴുവന്‍ തളിര്‍ക്കുന്നൂ.പല്ല് മുള്‍ക്കാത്ത ഉണ്ണിക്കുട്ടന്മാര്‍ നനവ് തിന്നാന്‍ സര്‍പ്പക്കാവില്‍ നിന്നും ഇറങ്ങി വരും.വരട്ടെ.വന്ന് വികൃതികാട്ടട്ടെ.വഴുക്കലുള്ള പത് പതുപ്പ് കാലിലറിയണം.ഒരുകാല്‍ ഇനിയും ബാക്കിയുണ്ടല്ലൊ.തിരികത്തിച്ചില്ല.ഇരുട്ട് തപ്പി മെല്ലെ നടന്ന്.
ഉണ്ണിക്കുട്ടന്മാര്‍ ഇന്നും ദയകാട്ടിയിരിക്കുന്നൂ.സര്‍പ്പക്കാട് കടന്ന് കുന്ന് കയറി.മുന്നില്‍ ദുര്‍നിമിത്തങ്ങളുടെകോട്ടപൊലെ ഒരിക്കല്‍ തെന്റെ പ്രണയത്തിന്റെ കാവാലാളായിരുന്നവളുടെ വീട്.ഇരുട്ടിലങ്ങനെ ഉയര്‍ന്ന് നില്‍കുന്നൂ.പണ്ടത്തെപ്രണയം ഈ രാവിലും തപിക്കുന്നൂ. തപിക്കുന്നൂ.വേഷങ്ങള്‍ ഇളകിയാടുന്നു.പ്രണയവസന്തങ്ളുടെ നാല് വര്‍ഷങള്‍,ജീവിതം നെയ്തുകൂട്ടിയ 4 വര്‍ഷം.മരണക്കിടക്കയില്‍ വച്ച് അപ്പന് കൊടുത്ത സത്യത്തില്‍ അപ്പനോടൊപ്പം അവള്‍ കുഴിച്ചുമൂടിയത് തന്റെ ജീവിതം കൂടിയായിരുന്നു.കുടുംബിനിയായ് കടല്‍ കടന്നിട്ടും ഇന്നും ഹൃദയത്തിന്റെ പാതിയിലിരുന്ന് രക്തം വിയര്‍ക്കുന്നൂ.പിന്നെയും വഴിപിരിഞ്ഞ പ്രണയങ്ങള്‍ എത്രയെത്ര?ഒടുവില്‍ ഒറ്റക്കാലനെ വേണ്ടെന്ന് പറഞ്ഞ് വഴിപിരിഞ്ഞവള്‍ വരെ.ജീവിതം വഴിപിരിയുന്നത് എത്ര പെട്ടെന്നാണ്?ഗത്സെമെനയില്‍ രക്തം വിയര്‍ത്ത് നിലവിളിച്ച നീതിമാനേ,പാപികളോട് പൊറുത്ത്കൊടുത്ത കര്‍ത്താവേ,എന്റെ വസന്തത്തെ പാതിയില്‍ മുറിച്ചവരോട് ഞാനും പൊറുത്ത്കൊടുക്കുന്നൂ.
വീട്ടിലും വെളിച്ചമില്ല.ആരെയും ഉണര്‍ത്തരുത്.ഇന്ന് ഉറക്കത്തിന്റെ രാത്രിയാണ്.ഉറങ്ങട്ടെ.നിലവിലികളൊടെ ഉണരാനുള്ളതാണ്.ഓരമ്മകള്‍ പെരുക്കുന്ന തന്റെ മുറി.പാതികത്തിയ തിരി കത്തിച്ചു പലതവണ വായിച്ച് മടക്കിയ പുസ്തകങ്ങള്‍,കേട്ട പാട്ടുകള്‍.ഓര്‍മ്മകള്‍ പെയ്യുന്ന ഡയറിത്താളുകള്‍ എല്ലാം ആദ്യം കാണുന്നവനെ പോലെ ഒരു വട്ടം കൂടി നോക്കി.അവസാനമായി.തന്റെ പ്രിയപ്പെട്ടതെല്ലാം  മറ്റാരുടേതൊ ആയി മാറുകയാണ് ആര്‍ക്കും വേണ്ടാതാവുകായാണ്.  നെഞ്ചിലെവിടെയോ ഒരു വിങ്ങല്‍,ആരോടും പരഭവമില്ല.ഇത് വിധിയല്ല,തേടിവരും മുന്നെ തെടിചെല്ലുകയാണ്.മാസങ്ങളുടെ പാകപ്പെടുത്തല്‍.ജീവിതം വിട്ട്  പോയവര്‍ മുന്നില്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.പാസ്പോര്‍ട്ടെടുത്ത് നോക്കി.വിസയുണ്ട് ഇനിയും ഒരു വര്‍ഷം.ജീവിതത്തിന്റെ വിസയോ?അതിന്നവസാനിക്കുകയാണ്.
ജീവിച്ചിരിക്കുന്നവര്‍ എന്റെ ആരുമല്ല.ഈ ലോകം എന്റേതല്ല.അവരുടെതാണ്.തെന്റെ പ്രിയര്‍ ഈ ലോകം വിട്ട് പോയവരാണ്.അച്ഛനെഴുതി,
‘’കടല്‍ക്കുതിരകളുടെ ചിറകില്‍ ആഴങ്ങളിലേക്ക് തുഴഞ്ഞ് പോയ എന്റെ അച്ഛാ,നക്ഷത്രമത്സ്യങ്ങളുടെ മങ്ങിയ വെളിച്ചത്തിന്റെ നിഴല്‍ പറ്റി,ജലകന്യകമാരുടെ കൊട്ടാര വാതിലും കടന്ന് ഞാ വരികയാണ്.എന്നെ സ്വീകരിച്ചാലും.ചിത്തിരയില്‍ പിറന്നവന്‍ ചീന്തിപ്പൊകുന്നല്ലോ...എങ്ങും എത്താതെ പോയ പാപിയായ് ഈ മകനോട് പൊറുക്കേണമേ.ദുരിതങ്ങളുടെ ഈ മഹാമേരു എനിക്കിനിയും താണ്ടാന്‍ വയ്യ.അമ്മയുടെ കണ്ണിരിനും പ്രര്‍ത്ഥ്നകള്‍ക്കും എന്നെതിരുത്താനാവുന്നില്ലല്ലോ.ഭ്രമിപ്പിക്കുന്ന കാഴ്ച്ചകാളണ് ചുറ്റും.കാലുള്ളവരെ ഓര്‍ത്ത് പതിയറ്റ കാല് തപിക്കുന്നൂ ,ജീവിതം കണ്ട് ,വഴി പിരിഞ്ഞ പ്രണയങ്ങള്‍ തപിക്കുന്നൂ,അമ്മയുടെ നെഞ്ചിന്‍ കൂട്ടിലിരുന്ന് ഒരു പൈതല്‍ തപിക്കുന്നൂ.ജീവിതം അവസാനിപ്പിച്ച് പ്രിയപ്പെട്ടതെല്ലാം വേണ്ടെന്ന് വയ്ക്കുന്നതാണച്ഛാ പ്രാണവേദനയക്കാള്‍ ഭീകരമായത്.ആരും ആത്മഹത്യചെയ്യുന്നത് അവനവന്‍ വേണ്ടിയല്ലച്ഛാ,മറ്റാരുടേയോ തെറ്റിന്റെ ആത്മ ബലിയാണത്.എന്നൊട് പൊറുക്കുക.അമ്മേ കണ്ണീര്‍ വിളമ്പി വേദനകളുടെ പാനപാത്രം നീട്ടിയ പാപിയായ ഈ മകനോട് പൊറുക്കുക.ഒരിക്കല്‍കൂടിമാത്രം കരഞ്ഞ് തീര്‍ക്കുക ഈ ദുരിതകാലം.’‘എഴുതിമടക്കി പാസ്പോട്ടില്‍ വച്ചു.തിരികൊടുത്തി പുറത്തിറങ്ങി.തോട്ടമിറങ്ങി നെരെ നടന്നത് ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ കളപ്പുരയിലേക്കാണ്.ഒരുനിമിഷം മനസ്സിനെ ഒന്ന് ശാന്തമാക്കണം.ശരീരത്തിനെ പാകപ്പെടുത്തണം   .വേദനിപ്പിച്ചവരും തിരസ്കരിച്ചവരും മാത്രം കയറിവാന്നാല്‍ മതി.നല്ലതൊന്നും വേണ്ട.മ്നസ്സും ശരീരവും ഒരുങ്ങട്ടെ.
ന്യായപ്രമാണങ്ങളുടെ അപ്പൊസ്തോലാ,തിരുശരീരത്തെഞാന്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്നൂ,ചെഞ്ചോരകൊണ്ട് പ്ട്ടുടുപ്പിക്കുക,മുറിവുകള്‍ കൊണ്ട് കുറിവരക്കുക,വേദനയുടെ മുല്‍ക്കിരീടം ചൂടിക്കുക
പണ്ടെങ്ങോ സുഹൃത്ത് സമ്മാനിച്ച ഓപ്പറേഷന്‍ കത്തി ഇന്ന് ഉപകാരമായിരിക്കുന്നൂ.എവിടെ തുടങ്ങണം,ബ്ലേഡിന്റെ തണുപ്പ് ശരീരത്തിലറിഞ്ഞു.മരണത്തിന്റെ അശ്വം പായാന്‍ തുടങ്ങുകയാണ്.എത്ര നിമിഷത്തില്‍ അവസാനിക്കും?അറിയില്ല.അവസാന പിടച്ചില്‍ വരെ വേദ്നിക്കണം.വിലാപ്പുറത്ത് മുറിവേല്പിച്ചവരൊട് പൊറുത്ത് കൊടുത്ത ,സഹനത്തിന്റെ രാജാവേ ഞാന്‍ ചിന്തുന്ന രക്തം എന്റെ ബലിദാനമാണ്.ഒച്ചിഴയും പൊലെ തൊലിപ്പുറത്ത് കൂടി..മാംസം മുറിയുന്നൂ. ബഥന്യായിലെ വെങ്കല്‍ ഭരണിതുറന്ന വാസന തൈലം പോലെ  താഴേക്ക് ചൂട് ലാവ ഒഴുകിയിറങ്ങുന്നൂ.മണ്ണില്‍ വീണ് നീതിമാന്റെ രക്തം നിലവിളിക്കുന്നൂ.നീറ്റല്‍ പുകച്ചില്‍..ദേഹം മുഴുവന്‍ വേദനകളുടെ നുരപൊന്തുന്നൂ. ഹൃദയത്തില്‍ മുറിവുകള്‍ തന്നവര്‍ക്കു ജീവിതം നീട്ടി തിരിച്ചെടുത്തവര്‍ക്ക്,ഇതെന്റെ ബലിദാനമാണ്,ഭക്ഷിക്ക പാനം ചെയ്ക.ഇത് ജീവന്റെയും ജീവിതത്തിന്റെയും മാംസം.മുള്ളാണികളില്‍ മുറിവേറ്റവനേ,ഇതാ മണ്ണിലൂടൊഴുകിയകലുന്നൂ ജീവന്റെ പക്ഷി.ദേഹം തളരുന്നല്ലൊനാവ് വരളുന്നൂ.കണ്ണുകളടയുന്നൂ.ശരീരം ഇടറി നിലത്ത് വീഴുന്നൂ.കണ്ണിരിന്റെ നനവില്‍ ദാഹം വറ്റുന്നൂ.പറക്കുകയാണ്.പറന്ന് പറന്ന് ഉയരുകായാണ്.ആകാശ വാതിലുകള്‍  ഒന്നൊന്നായ് തുറന്ന് വരുന്നൂമരണം കൊണ്ട് പോയ പ്രിയപ്പെട്ടവര്‍ കാവല്‍ക്കാര്‍.  എന്റെ മിത്രങ്ങള്‍,താഴെ പഞ്ഞിക്കെട്ട് പോലെ വെള്ളി മേഘങ്ങള്‍.മേഘങള്‍ക്ക് മുകളിലൂടെ പറക്കുകയാണ്.ശബ്ദങ്ങളില്ല.വെള്ളിമേഘങ്ങള്‍ ദേഹത്തുരസുന്നൂ.അസഹ്യമായ വേദന.മാംസം തുളക്കുന്ന വേദന.കണ്ണുകള്‍ കനം വയ്ക്കുന്നൂ. ഉറക്കം വരുന്നൂ.അമ്മയുടെ മടിത്തലം പോലെ മേഘക്കെട്ടുകള്‍.മടിയിലേക്ക് തല ചായ്ചു.അമ്മപാടുകയാണ്,പാടി ഉറക്കുകയാണ്..‘’കണ്ണനാമുണ്ണീയുറങ്ങുറങ്ങ്..കണ്ണാരം പൊത്തിയുറങ്ങുറങ്ങ്…‘’ആഴത്തിലേക്കാഴത്തിലേക്ക്  ഉറങ്ങി  ഉറങ്ങി   പോകുകയാണ്...   ഒടുവിലെ ആകാശ വാതിലും തുറന്ന്  മേഘങ്ങള്‍ക്കിടയുടെ അ ച്ഛന്‍ വരുന്നൂ

Wednesday, March 2, 2011

വയനയില്‍ ബാക്കി വന്നത് - 1

പതാക അധികാ‍രത്തിന്റേയും അധിനിവേശത്തിന്റേയും ചിഹ്നമാണ്.അത് കൊട്ടാരമുകളിലോ,കൊട് മുടിയിലോ ആകട്ടേ,അവിടെ അധികാരമോ ആധിപത്യമോ സ്ഥാപിച്ചവന്റെ അധികാരമുദ്രയാണത്.കാറ്റിനോടൊത്ത് മാത്രമേ ഏത് കൊടിക്കും സ്വത്വം കിട്ടുന്നുള്ളൂ,കാറ്റില്ലെങ്കില്‍ കൊടി കൊടിമരത്തെ പുണര്‍ന്ന് നിര്‍ജ്ജിവമാണ്.കാറ്റും കൊടിയുമായുള്ള പാരസ്പര്യം മതവും വിശ്വാസവു പോലെയാണ്.മതം സ്ഥാപിതമാകുന്ന്തും നിലനില്‍ക്കുന്നതും വിശ്വാസം അതിനെ ചുറ്റിനില്‍ക്കുന്നത് കൊണ്ടാണ്.വിശ്വാസമില്ലെങ്കില്‍ മതമില്ല,മതം എന്നതിന് ഇന്ന് പരിമിതമായ കേവല അര്‍ത്ഥം മാത്രമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്.മതം എന്നതിന് അഭിപ്രായം എന്ന് മാത്രമാണ് വിവക്ഷ.ബുദ്ധന്‍ ആയിത്തീര്‍ന്ന ആളുടെ അഭിപ്രായമാണ് ബുദ്ധമതം.മുഹമ്മദ് നബിയുടെ അഭിപ്രായം ആണ് മുഹമ്മദിയന്‍ മതം ആകുന്നത്.ക്രിസ്തുവിന്റേത് ക്രിസ്ത് മതവും.അങ്ങനെ വരുമ്പോള്‍ ഹിന്ദു എന്ന് ഒര് പ്രവാചകനോ ആളൊ എവിടെയും ജീവിച്ചിരുന്നതായി അറിവില്ല.അപ്പോള്‍ എന്താണ് ഹിന്ദുമതം?സിന്ധൂ നദീതടത്തില്‍ വസിച്ചിരുന്നവരെ പേര്‍ഷ്യന്‍ ജനതയും അറബ് വ്യാപാരികളും വിളിച്ചിരുന്നത് സിന്ധ്/ഹിന്ധ് എന്നായിരുന്നൂ.അവിടെ വസിച്ചിരുന്നവരുടെ മതം എന്ന നിലയിലാണ് ഹിന്ദു മതം പ്രചാരത്തിലാവുന്നത്.സിന്ധ്.ഹിന്ധ് ദേശക്കാരുടെ മതം.ലോകത്തിലെ തന്നെ ഏറ്റവും പ്രാകൃതവും പ്രാചീനതയും അവകാശപ്പെടാവുന്ന മതം.ഓരോ മതത്തിനും മത ദര്‍ശനങ്ങള്‍ക്കും ഒരു തുടര്‍ച്ച ഉണ്ട്.അതാത് കാലത്ത് ഉണ്ടായ മത ചിന്തകള്‍ ക്രോഡീകരിക്കുകയും പിഴവുകള്‍ വന്നവയെ തിരുത്തിയുമാണ് ഒരോ മതവും ദര്‍ശനവും ഉണ്ടായിരിക്കുന്നത്.
ഏകദൈവ വിശ്വാസത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. ഇന്ന് ലോകത്ത് നിലവിലുള്ള ഒട്ടുമിക്ക മതങ്ങളുടെയും അടിസ്ഥാനം ഏകദൈവ വിശ്വാസമായിരുന്നു.സൂര്യന്, ഭൂമി, പര്വ്വതങ്ങള്, സമുദ്രം തുടങ്ങി നമ്മുടെ ചുറ്റുപാടും രൗദ്രഭാവം പൂണ്ടുനില്ക്കുന്ന ശക്തികളെ ഭയാശങ്കകളോടെ വീക്ഷിച്ച മനുഷ്യന് അവ മുഖേന ഉണ്ടായേക്കാവുന്ന ഉപദ്രവങ്ങളില് നിന്ന് രക്ഷനേടാന് വേണ്ടി അവയെയും മറ്റു ഭൂതങ്ങളെയും ആരാധിച്ചു പോന്നു എന്നാണ് ഇവരുടെ വാദം. ഇതനുസരിച്ച് നിരീശ്വരതയില് നിന്ന് ബഹുദൈവ വിശ്വാസവും തുടര്ന്നു ഏകദൈവവിശ്വാസവും ഉടലെടുത്തുവത്രെ.ലോകനാഗരികതകളില് ഏറ്റവും പഴക്കം ചെന്ന സിന്ധൂനദീതടവാസികള് 'ഓം' എന്ന ഏകനായ ദൈവത്തെയാണാരാധിച്ചത്. അവരുടെ മതവിശ്വാസങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യുന്നിടത്ത് സുപ്രസിദ്ധ ചരിത്ര ഗവേഷകന് മോര്ട്ടിമര് വീലര് അഭിപ്രായപ്പെടുന്നത് ''പ്രതീകങ്ങളും പ്രതിബിംബങ്ങളുമില്ലാത്ത ദൈവത്തെയാണവര് ആരാധിച്ചു പോന്നത്'' എന്നാണ്. ഇന്ന് പ്രതീകങ്ങളില്ലാതെ ദൈവത്തിന് നേരിട്ട് ആരാധനാകര്മങ്ങള് നിര്വ്വഹിക്കുന്ന ഒരേ ഒരു മതവിഭാഗം മുസ്ലിംകള് മാത്രമാണ്.
ലോകത്തുണ്ടായ ഏത് മതവിശ്വാസങ്ങളുടെ ഉദ്ഭവം ഏകദൈവ വിശ്വാസത്തില് നിന്നായിരുന്നു  ഹൈന്ദവ മത ഗ്രന്ധങ്ങളും യഹൂദ ക്രിസ്ത്യന്‍ മുസ്ലീം സിഖ് ബുദ്ധ ജൈന മത വിശ്വാസപ്രമാണങ്ങള്‍ എകദൈവത്തില്‍ ഊന്നിയായിരുന്നൂ.ആര്യന്മാരുടെ വേദഗ്രന്ഥങ്ങളുടെ അടിസ്ഥാന ദൈവസങ്കല്പം ഏകദൈവവിശ്വാസമാണെന്നാണ് പ്രബലവപക്ഷം. അതിനുപോല്ബലകമായ വാക്യങ്ങള് വേദങ്ങളില് കാണാവുന്നതാണ്. ഉദാഹരണമായി ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ 121-ആം സൂക്തം ശ്രദ്ധേയമാണ്:
ഹിരണ്യഗര്ഭഃ സമവര്ത്തതാഗ്രേ
ഭൂതസ്യജാത: പതിരേക ആസിത്
(ഏകനായ ഹിരണ്യഗര്ഭന് ജഗത്തുണ്ടാവുന്നതിനു മുമ്പു തന്നെ വെളിപ്പെട്ടു)പ്രജാപതി, ഹിരണ്യഗര്ഭന്, വിശ്വകര്മാവ് തുടങ്ങിയ പേരുകളൊക്കെ ഏകനായ ദൈവത്തെയഭിസംബോധനം ചെയ്യാനുപയോഗിച്ച വ്യത്യസ്ത പദങ്ങളാണ്.ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്റെ ജ്ഞാനപ്രകാശനമാണ്‌. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു. ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്.ഇതിന്റെ തുടര്‍ച്ചകാളും സ്വാധീനവും ആണ് ജൈന മഹായാന ഹീനയാന മതങ്ങളുടെ പിറവിക്കും കാരണമായത്.പഴയനിയമത്തില്‍ കാണുന്ന്’‘’യഹോവയായ ഞാന്‍ നിന്റെ ദൈവമാണ്,ഞാനല്ലാതെ വേറൊരു ദൈവം നിനക്ക് ഉണ്ടാകരുത്‘’ എന്ന വാക്യം തന്നെ യഹൂദരുടെ ഏക ദൈവവിശ്വാസത്തിന്റെ തെളിവാണ്.ഇതിന്റെ തുടര്‍ച്ചയാണ് ഖുറാനിലെ ‘’ലാ ഇലാഹി ഇല്ല’ള്ളാ’‘എന്ന് ചേര്‍ത്ത് വായിക്കാവുന്നതാണ്.ക്രിസ്ത്യന്‍ പ്രമാണങ്ങളും ബഹുദൈവത്തെ ആരാധിക്കുന്നില്ല.ക്രിസ്തൂ തന്റെ അനിയായികളെ കാണുമ്പോള്‍  ‘’ഷാലോം അലൈകും’‘(സമാധാനം നിന്നോട് കൂടെ)എന്ന് സംബോധന ചെയ്തിരുന്നൂ ഇതിന്റെ തുടര്‍ച്ച തെന്നെ ഖുറാനും പിന്‍ തുടരുന്നൂ.‘’അസ്ലം അലൈകും’‘എന്ന ദര്‍ശനത്തിലൂടെ.ഹിന്ദുമതത്തിലെ ദൃഢമായ ജാതിവ്യവസ്ഥയും ഇസ്ലാം മതത്തിന്റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിർത്താണ് നാനക് സിഖ് മതം സ്ഥാപിച്ചത്.ഏകദൈവത്തിലും എന്നാല്‍ അദൃശ്യനുമായ ദൈവത്തെയാണ് സിഖ് മതം ആരാധിക്കുന്നത്.ഖുറാനിന് ശേഷം വന്ന് സിഖ് മതം മുന്‍ മത വിശ്വാസത്തില്‍ ഊന്നികൊണ്ടാണ് സ്ഥാപിതമായത്.പ്രാചീന ഈജിപ്തിലെ ജനങ്ങളാണെങ്കില് 'ഓസിറസ്' എന്ന പരമോന്നത ദൈവത്തെയാണാരാധിച്ചുപോന്നത്. മൊസപ്പോട്ടോമിയയിലെ ജനങ്ങള് അഹുര എന്ന ദൈവത്തെയാണാരാധിച്ചിരുന്നത്. യഥാര്ത്ഥത്തില് ഇവയെല്ലാം ഏകനായ ദൈവത്തിന്റെ വ്യത്യസ്ത പേരുകളായിരിക്കാം.
ഇന്ത്യയിലെ എല്ലാ നാട്ട് രാജാക്കന്മാരും എല്ലാ മതക്കാരോടും സമാന ചിന്താഗതിയും സഹോര സമീപനവും ആണ് കാട്ടിയിരുന്നത്.കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ വരുന്നതിനും അതു വഴി വ്യാപാരവും പാണ്ടികശാലകളും വികാസം കൊള്ളാനും ഇത് സാഹായകമായി.കേരളിത്തിലേക്കെത്തിയ പോര്‍ച്ച്ഗീസ് വ്യാപാരികളില്‍ തുടക്കക്ക്കാരനും, കേരളത്തിനെ സുഗന്ധ വ്യഞ്ജനങ്ങളുടെ നാടാക്കിയതും,കൊച്ചിയിലെ പാണ്ടികശാലകള്‍ ആരംഭിച്ചതും അത് വഴി ഇന്നത്തെ കൊച്ചിയാകുന്നതിനും കാരണഭൂതമായ ,കേരളത്തിന്റെ വ്യാപര മേഖലയെത്തന്നെ നവീകരിച്ച ആളുമായ കബ്രാളിനെ കേരള ചരിത്രം വിസ്മരിക്കുകയും  ,കേരളത്തിന്റെ സമ്പത്ത് കൊള്ള ചെയ്ത് കൊണ്ട്പോയ വാസ്കോഡ് ഗാമയെ വീരപുരുഷനാക്കിത്തീര്‍ത്തതും ചരിത്രത്തിന് പറ്റിയ കൈത്തെറ്റോ തമാശയോ?
ചരിത്രത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ല എന്ന് പറയുന്നതിനോടോപ്പം ചേര്‍ത്ത് വയ്കേണ്ട ഒന്നാണ് ചരിത്രം നമ്മള്‍ തെറ്റായി വായിക്കപ്പെടുന്നൂ എന്നതും.
ലോകത്താദ്യമായി പൊത് തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരളത്തിലേത് എന്ന് പലവര്‍ഷങ്ങളായി നമ്മള്‍ വായിക്കപ്പെടുകയും അറിവിലേക്ക് ഓര്‍ത്ത് വയ്ക്കുകയും ചെയ്യൂന്നൂ.ഇപ്പൊഴും അത് തന്നെ ആവര്‍ത്തിച്ച് ക്കൊണ്ടിരിക്കുന്നൂ.നിലനിന്നിരുന്ന ഒരു സത്യവും വിശ്വാസവും പൊള്ളയാകുന്നത് അതിലെ ‘സത്യം‘ പുറത്ത് വരുമ്പോഴാണ്. കേരളത്തില്‍ സംഭവിച്ചതിനും 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സാന്മാരിനോ എന്ന കൊച്ച്   രാജ്യത്താണ് പൊതുതിരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി കമ്യൂണിസ്റ്റ് ഭരണം വന്നത്.ലോകത്തെ ഏറ്റവും പഴക്കം അവകാശപ്പെടാവുന്ന ഭരണസംവിധാനവും ലൊകത്തെ ചെറിയ റിപ്പബ്ലിക്കും സാന്മാരിനോതന്നെ.നമ്മുടെ അറിവ് കേടോ,  ചില അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ഈ തെറ്റിദ്ധരിപ്പിക്കലിന് മേല്‍ അടയിരിക്കുന്നതോ?
കേരളസിംഹം പഴശ്ശിരാജാവിന്റെ അന്ത്യത്തെക്കുറിച്ചും ഇങ്ങനെ ചരിത്രം നമ്മെ തെറ്റിദ്ധരിപ്പിക്കുകയുണ്ടായിട്ടുണ്ട്.സ്കൂള്‍ തലം മുതല്‍ കേട്ട് വന്നത് ബ്രിട്ടീഷ് പടക്ക് മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ പഴശ്ശി രാജാവ് ,തന്റെ കൈയ്യില്‍ കിടന്നിരുന്ന രത്നക്കല്ല് കെട്ടിയ മോതിരം വിഴുങ്ങി ജീവനൊടുക്കി നാടിന്റെ അഭിമാനം കാത്തൂ എന്നായിരുന്നൂ.ഈയിടെ പുറത്തിറങ്ങിയ പഴശ്ശി രാജ ചിത്രത്തിലും ഒരു ചരിത്ര സിനിമ ആയിരുന്നിട്ട് കൂടി,നാടകീയതക്ക് വേണ്ടി അതൊരു വീരമരണം ആക്കിത്തീര്‍ത്തൂ സംവിധായകന്‍.പഴശ്ശിക്കഥ പറയുമ്പോള്‍ ഈസ്റ്റ് ഇന്ത്യാക്കമ്പനിയില്‍ നിന്നും തുടണ്‍ഗേണ്ടിയിരിക്കുന്നൂ.
1600 ഡിസംബര്‍ 31ന് ഒന്നാം എലിസബത്ത് രാജ്ഞിയില്ല് നിന്നും 21 കൊല്ലത്തേക്ക് ഇംഗ്ലീ‍ീഷ് റോയല്‍ ചാര്‍ട്ടര്‍ ലഭിച്ച ഒരു ജോയിന്റ് സ്റ്റോക് കമ്പനി ആയിരുന്നൂ ഈസ്റ്റ് ഇന്ത്യാ കമ്പനി.അത് പ്രകാരം ഇന്ത്യയിലെ മൊത്തം വ്യാപരത്തിന്റെയും കുത്തക കമ്പനിക്ക് ലഭിച്ചൂ.പരസ്പരം ഒത്തൊരുമ ഇല്ലാതിരുന്ന നാട്ട് രാജാക്ക്ന്മാര്‍ കാഴ്ചക്കാരായി തീരുകയും വ്യാപാരം കമ്പനി നേരിട്ട് നടത്തുകയും ചെയ്തു.പഴയ രേഖകളില്‍ നിന്നും 1801ല്‍ ആണ് സാമൂതിരി പ്രജ ആയിരുന്ന കരുണാകര മേനോന്‍ കമ്പനിയില്‍ ചേര്‍ന്നത് എന്ന് വേണം കരുതാന്‍.
1805 ല്‍ തലശ്ശേരി റവന്യൂ നിയമ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന ടി എച്ച് ബാബറുടെ കീഴിലാണ് കരുണാകരമേനോന്‍ പഴശ്ശിയുടെ അവസാന കാലത്ത് ജോലി ചെയ്തിരുന്നത്.പഴശ്ശിയെ തിരഞ്ഞ് പിടിക്കുന്നതിനായി മാവിലാന്‍ തൊടും പരിസ്സരവും ബ്രിട്ടീഷ് പട്ടാളം അന്വേഷണത്തിനായി പോയ സംഘത്തില്‍ കരുണാകര മേനോനും ഉണ്ടായിരുന്നു,തിരച്ചിലിനിടയില്‍ മാവിലാന്‍ തോട് മുറിച്ച് ഒരു ചെറു യാത്രാ സംഘം പോകുന്നത് കണ്ട് കരുണാകര മേനോനും കൂട്ടരും അവരെ തടഞ്ഞ് നിര്‍ത്തി.കൂട്ടത്തില്‍ രക്ഷപെട്ടേക്കും എന്ന് കണ്ട ഒരാളെ മേനോന്‍ ബലപ്രയോഗിച്ച് തടഞ്ഞുനിര്‍ത്തി.മേനോന്റെ നെഞ്ചോട് ചേര്‍ത്ത് തോക്ക് പിടിച്ച് നില്‍ക്കുന്നത് കണ്ട് മേനോന്റെ ജീവന്‍ അപകടത്തിലാവും എന്ന് കരുതി മേനോന്റെ കോല്‍ക്കാരില്‍ ഒരാള്‍ പഴശ്ശിയെ വെടി വച്ച് വീഴ്ത്തുകയായിരുന്നൂ.മ്ലേച്ചന്മാരുടെ സേവകനായ മേനോന്‍ തന്നെ തൊട്ട് അശ്ശുദ്ധമാക്കരുത് എന്ന് അപ്പോഴാണ് പഴശ്ശി താക്കീത് നല്‍കിയതും.ഈ സംഭവം സബ് കളക്ടര്‍ ബേബര്‍ ,പ്രിന്‍സിപ്പല്‍ കളക്ടര്‍ മാര്‍ഡന് 1805 ഡിസം.31 എഴുതിയ കത്തിലും പറയുന്നുണ്ട്. കരുണാകരമേനോന്റെ വിവരണത്തില്‍ തൊക്ക് തന്റെ നെഞ്ചോട് ചേര്‍ത്ത് പഴശ്ശി മൂന്ന് പ്രാവശ്യം കാഞ്ചി വലിച്ചൂ എന്നും മൂന്ന് പ്രാവശ്യവും അത് പൊട്ടിയില്ല എന്നും കാണുന്നൂ.യന്ത്ര തകരാറോ ഉണ്ടയില്ലാതിരുന്നതോ ആകാം,ഏതായാലും ആ ദൌര്‍ഭാഗ്യമാണ് പഴശ്ശി രാജാവിന് ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്.
ഈ സംഗതികള്‍ തന്നെയാണ് ബേബറുടെ കത്തുകളിലും ലോഗന്റെ വവരണത്തിലും കാണുന്നത്.എന്നിട്ടും വജ്രമോതിരം വിഴുങ്ങി പഴശ്ശി വീരചരമം സ്വീകരിച്ചൂ എന്ന് വിശ്വസിപ്പിച്ചൂ.
ഹിരണ്യഗര്‍ഭം കടക്കാതെതന്നെ ജ്ന്മനാ ക്ഷത്രിയജാതനായിരുന്നൂ പുരളി വംശജരായ കോട്ടയം രാജാക്കന്മാര്‍.തിരുവിതാം കൂര്‍ രാജാക്കന്മാരും കോഴിക്കൊട് സാമൂതിരിയും ഹരണ്യ ഗര്‍ഭം കടന്ന് ക്ഷത്രിയര്‍ ആക്കപ്പെട്ടവരാണ്.
ചരിത്രത്തില്‍ ആദ്യമായി ജാതി ചോദിച്ചത് ശ്രീരാമനാണെന്ന് രേഖകള്‍ കാട്ടിത്തരുന്നുണ്ട്.അവര്‍ണ്ണനായ ശംബൂകന്‍ ബ്രഹ്മജ്ഞാനം നേടാന്‍ തലകീഴായി മരത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍  ശംബൂകനോട് ശ്രീരാമന്‍ ചോദിക്കുന്നുണ്ട്,‘ബ്രാഹ്മണോവ ക്ഷത്രിയോവ വൈശ്യവര്‍ണ്ണോ ശൂദ്രനോവ? എന്ന്.ജാതി ചോദിക്കല്‍ പുതിയ കാലത്തിന്റെ തെറ്റല്ല.പരമ്പരയാ തുടര്‍ന്ന് വന്ന ഒരു വഴക്കമാണ്.സവര്‍ണ്ണജാതിക്കാരന്‍ ഇന്നും പേരിന്റെ വാലില്‍ ജാതി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നുണ്ട്.അവര്‍ണ്ണന് ഇന്നും അവന്റെ ജാതിക്ക് അംഗീകാരമില്ലെന്ന അപകര്‍ഷതാ ബോധവും,സമൂഹത്തില്‍ ഇന്നും നമ്മള്‍ സവര്‍ണ്ണ ജാതികളെ അംഗീകരിക്കുന്നുണ്ട്.രാമന്‍ നായരും പരമേശ്വരന്‍ പിള്ളയും പേരിന്റെ ഭാഗമായി ഇന്നും തുടരുന്നത് അതിനാലാണ്.കേരളത്തിലെ നായര്‍ സമുദായം സ്വജാതി സംരക്ഷണത്തിനായി മലയാളി മെമ്മോറിയല്‍ തുടങ്ങിയപ്പോഴാണ്,ഈഴവ സമുദായ സംരക്ഷണത്തിന് ഈഴവ മെമ്മോറിയല്‍ രൂപം കൊണ്ടത്.തിരുവിതാംകൂറിലെ സ്കൂളുകളില്‍  ഈഴവ വിദ്യാര്‍ത്ഥികള്‍ ക്ലാസിലേക്ക് കയറിയപ്പോള്‍ അയിത്തം ഭയന്ന് നായര്‍ വിദ്യാര്‍ത്ഥികള്‍ ജനാല വഴി ചാടി രക്ഷപെട്ടെന്ന് ചരിത്രം,ഇതേ ഈഴവ വിദ്യാര്‍ത്ഥികള്‍ ഹരിജന്‍ കുട്ടികള്‍ വന്നപ്പോള്‍ അതേ ജനാല വഴി ചാ‍ടിപ്പോയെന്നതും ചരിത്രം.കേരളത്തീലെ എല്ലാ ജാതി പ്രസ്ഥാനങ്ങളും സ്വജാതി സംരക്ഷണത്തിന് വേണ്ടി രൂപികൃതമായ ജാതീയ സംഘടനകള്‍ ആയിരുന്നൂ.കേരളത്തിന്റെ നവോത്ഥാന നായകരെന്ന് പറയപ്പെടുന്നവര്‍കൂടി സ്വജാതി സംരക്ഷകര്‍ മാത്രമായിരുന്നൂ.അല്ലെങ്കില്‍ ഒരിക്കലും ശ്രീ നാരയണ ഗുരു പറയില്ലായിരുന്നൂ ‘‘നോം ഈ ഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്‘’‘ എന്ന്

പ്രണയമെന്നോട് പറഞ്ഞത്

ഗുഹാഭിത്തികളിലെ ലിഖിതങ്ങള്‍ പോലെ
നീ എന്റെ ഹൃദയത്തില്‍ എഴുതിയ നോവുകള്‍
കുത്തിയും കോറിയും നീ എഴുതി രസിച്ച എന്റെ ഹൃത്തടം
പൊരുളറിയാതെ വടുകെട്ടുന്നൂ.
പ്രണയത്തിന്റെ ലിഖിതങ്ങള്‍ , നീ ഊതിക്കെടുത്തിയ
വെളിച്ചത്തില്‍ ,ആരാലും കണ്ടെടുക്കാതെ ഞാന്‍ പുരാവസ്തുവാകുന്നൂ

എന്നെ നിശ്ശ്ബ്ദമാക്കി നീ എന്നില്‍ നിന്നും അകന്ന് പൊകുമ്പോള്‍
എന്റെ കുഴിമാടത്തിനുള്ളിലെ മൌനം നിന്നോട് കയര്‍ക്കും
ഒലിവ് മരങ്ങളുടെ താഴവാരത്തിരുന്ന് ഞാന്‍
നിനക്ക് പ്രണയം തന്നതിന്
നിലാവില്‍ ഗോപുരമുകളിലെ കുരിശ്ശടയാളം
തെളിയും വരെ നിന്നെ പിരിയാതിരുന്നതിന്.
വിശുദ്ധിയുടെ പ്രണയത്തെ  മൂന്ന് വട്ടം തള്ളി പറഞ്ഞതിന്.
ഓര്‍ക്കുക,എന്റെ മൌനം ,അതെന്റെ നിലവിളിയാണ്...

ഒരോ പ്രഭാതവും സായന്തനത്തിലേക്ക് ഒഴുകും പോലെ ഞാന്‍ എല്ലായിപ്പോഴും
നിന്നിലേക്കൊഴുകിക്കൊണ്ടിരിക്കുന്നൂ.
നിന്നോടുള്ള പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എന്റെയീ നിമിഷങ്ങള്‍
ഇല്ലാതാവട്ടേ , ഒടുവില്‍ നിന്റെ പ്രണയത്തിലേക്ക്
ഞാന്‍ ഉതിര്‍ന്ന് വീഴും വരെ.


രാവിന്റെ പ്രണയത്തില്‍ നിന്നും
പകലിന്റെ പ്രണയത്തിങ്കലേക്ക് എത്രദൂരം ?
ഞാന്‍ നിന്നോട് പറയുന്നൂ
നിന്റെ നീലക്കണ്ണുകളില്‍ നിന്നും
എന്റെ കാഴ്ചയിലേക്കുള്ള ദൂരം.


പ്രഭാതത്തില്‍ നീ എന്റെ പ്രണയം അറിയുന്നത്
പനിതുളികളില്‍ സൂര്യനുണരുമ്പോഴാണ്.
സായന്തനങ്ങളിലത്
രാപ്പക്ഷികളുടെ വിട പറയലിന്റെ വിഹ്വലതയാണ്.
ദേവാലയ മുറ്റത്തെ കുരിശുമരത്തില്‍ രാവിറങ്ങുമ്പോള്‍
രാത്രിയിലെ പ്രണയം നിന്നെ തേടിയെത്തും
പ്രണയത്തീന്റെ സമയ മാപിനികള്‍ ഉടയുമ്പോള്‍
പൊടുന്നനേ നിന്റെ ഹൃദയത്തില്‍ നിന്നും ഞാന്‍ വേര്‍പെട്ട് പോകുന്നൂ
പ്രണയം പടിയിറങ്ങുമ്പോള്‍ ശരീരം ഉയിരില്ലാത്ത ഉടല്‍ മാത്രമാകുന്നൂ.
ശിശിരത്തിലെ ഒടുവിലെ നീര്‍ത്തുള്ളിയും വീണ് പോകുമ്പോള്‍
മനസ്സിലെ പ്രണയം വരണ്ടുണങ്ങുന്നൂ
ഉമ്മ വച്ച ചുണ്ടുകള്‍ നിന്റെ പ്രണയത്തെ ഓര്‍ത്ത് തപിക്കുന്നൂ.

പിരിയും മുന്‍പ് എന്റെ പ്രണയം നിന്നോട് നിലവിളിച്ചതാണ് പോകരുതെന്ന്.
ഞാന്‍ നോക്കി നില്‍ക്കേ
ഭ്രമണം തെറ്റിയ ഗ്രഹം കണക്കെ നീ എന്നില്‍ നിന്നും അകന്ന് പോയി.
നീ വിദൂരത്തിലാവുന്നത് ഞാന്‍ കാണുന്നില്ല.
അല്ലെങ്കിലും എന്റെ ഹൃദയത്തില്‍ നിന്നും നിനക്കെന്നാണ്
അകലാനാവുക..?

എന്റെ പ്രണയം നിന്റെ പ്രണയത്തെ അറിയുമ്പോള്‍
 സോളമന്റെ ഹൃദയ ഗീതകങ്ങള്‍ കിന്നരത്തില്‍ നിനക്കായ് ഉതിര്‍ക്കും
ലബനോനിലെ  മുന്തിരിപ്പഴത്തേക്കാള്‍ മാധുര്യം നിന്റെ അധരത്തിനാണ്.
നിന്റെ പ്രണയത്തില്‍ ഞാന്‍ നിദ്രപ്രാപിക്കുകയും
നിന്റെ പ്രണയത്തിലേക്ക് തന്നെ  ഉണര്‍ന്നെണീക്കുകയും ചയ്യുന്നൂ,
എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം പന്നല്‍ ചെടികളുടെ പുഴപൊലെ
 അരികിലേക്കെത്താതെ ഒഴുകിക്കൊണ്ടേയിരിക്കുന്നൂ.
അറേ
ബ്യയിലെ വസനതൈലം പോലെ
നിന്റെ പ്രണയം എന്നിലെപ്പോഴും സുഗന്ധം നിറക്കുന്നൂ.
അഷോബാനിലെ മാതളപ്പഴത്തേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത്
പ്രിയേ, നിന്റെ പ്രണയമാണ്,
നിന്റെ ഹൃദയമിടിപ്പുകളുടെ താള വേഗം എനിക്ക് നിന്നോടുള്ള പ്രണയം.

പടികടന്ന് പോയ പദനിസ്വനം.

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിതെന്നല്ലായി മാറി..

ഗിരീഷ് പുത്തഞ്ചേരിക്ക് ഭൂമിയില്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന് ഗാനമായിരുന്നൂ ഇത്.ഓര്‍ത്തെടുക്കുവാന്‍ നിറയെ മനസ്സിലും,കേട്ട് മതിയാവാതെ നിറയെ കാതിലും ആവശ്ശേഷിപ്പിച്ച്, എന്നേക്കുമായ് കടന്ന് പോയ ആ പദനിസ്വനത്തിന് ഫെബ്രുവരി 10 ഒരു വര്‍ഷം തികയുന്നൂ.ഇതിനോടിടക്ക് എത്രയോ തവണ അമ്മമഴക്കാറിന് കണ്ണ് നിറയുകയും നിലാവ് നീലഭസ്മ കുറിയണിയുകയും രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തുകയും പുലര്‍വെയിലും പകല്‍ മുകിലും കഥ പറയുകയും പൂനിലാമഴകള്‍ പ്യ്തൊഴിയുകയും ചെയ്തൂ.
പുത്തഞ്ചേരി പാട്ടെഴുതിയിരുന്നത് ഓരോ ആസ്വാദകന്റെയും മനസിനുള്ളിലിരുന്നായിരുന്നൂ.ഓരോ വിങ്ങലും നറുപുഞ്ചിരിയും തെല്ലാഹ്ലാദവും ഒരു ഹൃദയം ആയിരം ഹൃദയങ്ങളിലേക്ക് പകരുക ആയിരുന്നൂ. അത്കൊണ്ട് തന്നെ ആയിരുന്നിരിക്കണം ആ ഗാനങ്ങള്‍ എല്ലാം തന്നെ  നമ്മള്‍ നെഞ്ചേറ്റിയിരിക്കുന്നതും.പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തിയത് അവനവനിലേക്ക് തന്നെ ആയിരുന്നൂ.അലസമധുര സ്വപ്നത്തിന് മേല്‍ വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുകയായിരുന്നൂ പുത്തഞ്ചേരി.
ഇത്രയധികം സംഗീതബോധമുണ്ടായിരുന്ന ഒരു കവി മലയാളത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയം.വയലാറിന്റേയും പി ഭാസ്കരന്‍ മാഷിന്റെയും ഗാനങ്ങള്‍ നെഞ്ചിലേറ്റിയ പുത്തഞ്ചേരി ഒരിക്കല്‍ പറഞ്ഞൂ,ചുവന്ന പരവതാനി വിരിച്ച ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍ മുറുക്കിവച്ച ഒരു രുദ്ര വീണയാണ് വയലാറിന്റെ കവിത എങ്കില്‍,താജ് മഹലിന്റെ മുറ്റത്ത് പനിതുള്ളി വീണ് കിടക്കുന്ന പച്ചപുല്‍ ത്തകിടിയില്‍ ഒരു ഗന്ധരവ്വന്‍ മറന്ന് വച്ച് പോയ ഓടക്കുഴലാണ് ഭാസ്കരന്‍ മാഷിന്റെ കവിത.ഇതില്‍ ഒന്ന് തൊടാന്‍ അനുവാദം തന്നാല്‍ ഏത് തൊടും ,തൊടാതിരിക്കും?
ഗാനത്തിന്റെ ആത്മാവ് തൊട്ടറിയാന്‍ കഴിഞ്ഞ കവി വേറൊന്നുണ്ടോ എന്ന് സംശയം.അത്കൊണ്ട് തന്നെ ആയിരിക്കാം ആ വിരല്‍ തുമ്പില്‍ നിന്നൊഴുകിയെത്തിയ വരികളെല്ലാം തന്നെ നമ്മള്‍ സ്വന്തം ആത്മാവിലേക്ക് കുടിയിരുത്തിയത്.ഒരു വിരഹിയും പ്രണയിയും ആയി മാറാന്‍ കഴിഞ്ഞിരുന്നൂ പുത്തഞ്ചേരിക്ക്.പാലില്‍ കല്‍ക്കണ്ടം ചാലിക്കുന്നത് പോലെയാണ് പ്രണയം എന്ന് പുത്തഞ്ചേരി പറഞ്ഞിരുന്നൂ.ആ കല്‍ക്കണ്ട മധുരമാണ് വരികളായി ഉതിര്‍ന്ന് വീണത്. പ്രണയം തിരിച്ച് പോയപ്പോഴോ പ്രണയം പ്രതീക്ഷിച്ച് നിന്നപ്പോഴോ  ഓരോ പ്രണയിയും മന്ത്രിച്ചത്, പുത്തഞ്ചേരിയിലൂടെ ആയിരുന്നിരിക്കണം ഒരു വേള,‘ആരോ വിരല്‍ മീട്ടി‘യതും,‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെ‘ത്തിയതും,‘എത്രയോ ജന്മാമായി നിന്നെയും തേടി‘ നടന്നതും അങ്ങനെ അങ്ങനെ മനസ്സിന്റെ വ്യഥകള്‍ക്കും വിരഹത്തിനുമൊപ്പം സഞ്ചരിച്ചിരുന്നൂ ആ വരികളും.
 വിരഹവും വിഷാദവും ദാര്‍ശനിക ചിന്തകളും അന്യമായിരുന്നില്ല പുത്തഞ്ചേരിക്ക്.കണ്ണും നട്ട് കാത്തിരുന്നിട്ടും,കനക മുന്തിരികള്‍..ആകാശ ദീപങ്ങള്‍ സാക്ഷി..ഇങ്ങനെ ഒരേ സമയം കാമുകനാവാനും വിരഹിയാകാനും യോഗിയാകാനും കഴിഞ്ഞിരുന്നൂ പുത്തഞ്ചേരിക്ക്.
''എഴുത്തില്‍ സത്യസന്ധത എനിക്ക് നിര്‍ബന്ധമാണ്. സിനിമാപാട്ടെഴുത്തിന് കവിത്വം ആവശ്യമില്ല, എനിക്കത് തൊഴിലാണ്. അതില്‍ തൃപ്തി നേടാന്‍ കഴിയണമെന്നതാണ് പ്രധാനം''-പുത്തഞ്ചേരി തന്റെ ന്യായം തുറന്നു പറഞ്ഞിരുന്നു.അക്ഷരങ്ങളെയും വാക്കുകളേയും ഇത്രയധികം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് പഠിപ്പിച്ച മറ്റോരു രചയിതാവ് അധികം ഉണ്ടാകില്ല.പുത്തഞ്ചേരിക്ക് ഗാനരചന ആയാസം ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല,ആ മനസ്സിലേക്കത് ഒഴുകിയിറങ്ങുകയായിരുന്നൂ.
വയലാര്‍ എന്ന പ്രതിഭാസത്തിന് ശേഷം പി ഭാസ്കരനും ശ്രീകുമാരന്‍ തമ്പിയും യൂസഫലിയും ഒ എന്‍ വിയും കൈതപ്രവും നമ്മുടെ ഗാനശാഖയെ സുരഭിലമാക്കിയിരുന്നൂ.അതിന് ശേഷം നല്ല ഗാനങ്ങള്‍ എണ്ണപ്പെട്ട് തുടങ്ങിയകാലത്താണ് ആത്മാവിലേക്ക് കുടിയിരിക്കുന്ന വരികളുമായി പുത്തഞ്ചേരി കടന്ന് വരുന്നത്.കഥാപാത്രത്തിന്റെ മാനസിലേക്ക് കയറിച്ചെന്ന് കഥാഗതിക്കിണങ്ങുന്ന വരികള്‍ ചേര്‍ത്തെഴുതിയത് പലതും നമ്മുടെ മനസ്സിന്റെയോ ജീവിതത്തിന്റെയോ ഭാഗമായി നില്‍കുന്ന വരികള്‍ തന്നെ ആയിരുന്നൂ.നീലകണ്ഠന്റെ നെഞ്ച് പിടഞ്ഞ സൂര്യകിരീടം വീണുടഞ്ഞത് നമ്മില്‍ ഓരോരുത്തരിലുമായിരുന്നൂ.എപ്പോഴെങ്കിലും നമ്മളും വിലപിച്ച് പോകുന്നൂ ഇനിയോരു ജ്ന്മം വീണ്ടും തരുമോ അമ്മേ എന്ന്
  ചിലരുടെ കാര്യത്തിലെങ്കിലും ചിലപ്പോള്‍ നമ്മള്‍ കൊതിക്കാറുണ്ട്,നമ്മുടെ ആയുസ്സ് ഉള്ളിടത്തോളം കാലം ഇവരും ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന്.അര്‍ത്ഥശൂന്യമായ ആ ആഗ്രഹം നെഞ്ചിലൊതുക്കി നമുക്കായ് എഴൂതി വച്ച വരികള്‍ ഓര്‍ത്തെടുത്ത് ആശ്വസിക്കുമ്പോള്‍ ഒടുവില്‍ ഒരു നിശ്വാസം മാത്രം നെഞ്ചില്‍ കുരുങ്ങുന്നൂ

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറു ചിമിഴില്‍
പാതി പാടുമൊരു പാട്ടുപോലെ…
അതിലലിയാന്‍ കൊതിയല്ലേ…?

Sunday, October 10, 2010

മത വിശ്വാസത്തിന്റെ അങ്ങാടിനിലവാരം.

ദൈവം ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,ആളുകള്‍ വിശ്വസിക്കുകയോ
അവിശ്വസിക്കുകയോ ചെയ്യട്ടെ,യുക്തിയും വിശ്വാസവും തമ്മിലുള്ള അന്തരം നമ്മെ
അന്ധവിശ്വാസികളുമാക്കി. വിശ്വാസത്തിന്റെയോ ദൈവങ്ങളുടെയോ മതത്തിന്റെയോ
പേരില്‍ നടത്തുന്ന വ്യാപരമാണ് കേരളം പോലെ ഒരു സംസ്ഥാനത്ത്
അന്ധവിശ്വാസങ്ങള്‍ വളരാനും ആള്‍ ദൈവങ്ങള്‍ അവതാരം കൊള്ളാനും
കാരണം.കേരളത്തിലെ തെരുവോരങ്ങളിലെവിടെയും ഇന്ന് കാഴ്ചക്ക് പഞ്ഞമില്ലാത്ത
ഒന്നാണ് ‘അത്ഭുതസിദ്ധി‘യില്‍ ആറാടിനില്‍ക്കുന്ന മന്ത്രവാദകേന്ദ്രങ്ങള്‍
.ഇതിനെല്ലാം ഒരു പരിധിവരെ നമ്മള്‍ കുറ്റക്കാരാണ്.നമ്മുടെ ആര്‍ത്തിനിറഞ്ഞ
ജീവിതവും ചഞ്ചല മനസ്സും അവര്‍ മുതലാക്കുന്നു.നനവുള്ള മണ്ണില്‍ പടുവിളയും
മുളക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം എത്ര ആള്‍ദൈവങ്ങളെ കണ്ടു?അവരെല്ലാം
വര്‍ഷങ്ങളൊളം ഇവിടെ നടമാടിയവര്‍ തന്നെയാണ്.പിടിക്കപ്പെട്ടവരും
പിടിക്കപ്പെടത്തവരും ഇനിയും എത്ര.ഏതെങ്കിലും സ്ത്രീ പീഡനത്തിലൊ
പണാപഹരണത്തിലൊ പെട്ട് അവര്‍ പിടിക്ക പ്പെടും വരെ നമുക്കവര്‍ ദിവ്യന്മാരും
ദൈവങ്ങളുമാണ്.കാരണം അവര്‍ക്കിന്നും വിപണിയുണ്ട്.90 ലക്ഷവും ഒരു കോടിയും
കൊടുക്കും നമ്മള്‍..കോടികളുടെ നിധി കിട്ടാന്‍.ആദ്യം ചികിത്സിക്കേണ്ടത്
നമ്മളെയല്ലേ?
അന്ധവിശ്വാസം വിറ്റുപോകുന്ന ഏറ്റവും നല്ല മാര്‍ക്കറ്റാണ് നമ്മുടേത്.
സ്വര്‍ണ്ണക്കടകളില്‍ വില്പന കൂട്ടാന്‍ ഒരു തന്ത്രം കണ്ടെത്തിയതായിരുന്നു ‘അക്ഷയത്രുതീയ’ഒരു 10
-12 വര്‍ഷത്തിന് മുന്‍പ് വരെ കേരളം കേട്ടിട്ടില്ല ഇങ്ങനെ ഒരു
ദിവസത്തെക്കുറിച്ച്.ആ ദിവസം സ്വര്‍ണ്ണം വാങ്ങി സ്വര്‍ണ്ണവും ഐശ്വര്യവും
കുമിഞ്ഞുകൂടിയ ആരേയും ഇതുവരെ എങ്ങും കണ്ടില്ല.നമ്മുടെ ഐശ്വര്യം എല്ലാം
ഇപ്പോഴും ധാരാവി പോലുള്ള ചേരികളില്‍ കുമിഞ്ഞ് കൂടുകയാണ്.വൈശാഖമാസത്തിലെ
മൂന്നാം നാള്‍ ഐശ്വര്യപ്രദമാണ് എന്ന് പുരാണത്തില്‍ കാണുന്നു.ഈ ദിവസ്സം
ദാനധര്‍മ്മാദികള്‍ക്കും ആത്മീയ സ്മരണകള്‍ക്കും നല്ല ദിവസ്സം എന്നും
കാണുന്നൂ.ഈ ദിവസ്സം എന്ത് കിട്ടിയാലും അത് ഇരട്ടിക്കും എന്നൊരു വിശ്വാസവും
ഉണ്ടായിരുന്നു.ഈ കിട്ടല്‍ എന്നതാണ് വ്യാപരമേഘലയില്‍ വാങ്ങല്‍ ആക്കി
മാറ്റിയത്.സ്വന്തം താല്പര്യത്തിനൊത്ത് ഒരു വിശ്വാസത്തെത്തന്നെ മാറ്റി
എഴുതിയതിന്റെ ആഘോഷം കൂടിയാണ് ഇത്.ഈ വര്‍ഷത്തെ അക്ഷയ തൃതീയ കഴിഞ്ഞ്
സ്വര്‍ണ്ണ വില വന്നത് 13840 രൂപയിലാണ്.അത്താഴപ്പട്ടിണിക്കാ
രന് ഇവിടെ ഐശ്വര്യം വേണ്ട.

കഴിഞ്ഞ വര്‍ഷം മുതല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും തുടങ്ങി ഈ പുതിയ
തട്ടിപ്പ്.
‘അഷ്ടപഞ്ചമി’ദിവസം ബുക്ക് ചെയ്താല്‍ ഐശ്വര്യം ഇരട്ടി.
സാക്ഷരതയില്‍ മുന്നിലും വിവേചന ബുദ്ധിയില്‍ പിന്നിലുമാണോ?
സത്യസായിബാബ കൈക്ക് പിന്നില്‍ പിടിച്ച ഭസ്മക്കട്ട ഉടച്ച് ഭസ്മം കൊടുക്കുന്നത് ഒരു
നോര്‍ത്തിന്ത്യന്‍ ചാനല്‍ സപ്രേക്ഷണം ചെയ്തിരുന്നു.പുട്ടപര്‍ത്തിയില്
‍ ആശ്രമം നിര്‍മ്മിച്ച എഞ്ചിനീയര്‍ക്ക് ഒരു സ്വര്‍ണ്ണമാല ശൂന്യതയില്‍ നിന്നും ‘ഇറക്കിക്കൊടുത്തു’ഇടം കിട്ടാതെ സ്ഥാനം തെറ്റിനിന്ന ക്യാമറയില്‍ അത് വന്ന വഴിയുംകണ്ടു.ജനങ്ങളും കണ്ടു കുറച്ചുനേരം.പിന്നീട് ആശ്രമ വാസികളും ഭക്തിമൂത്ത വ്യവസായ പ്രമുഖരും ചേര്‍ന്ന് ഒതുക്കി ആ വിശ്വാസ വഞ്ചന.ഇപ്പൊഴും ആശ്രമവും ഭക്തരുമുണ്ട്.പണത്തിലും സ്വധീനത്തിലും ഒതുക്കിനിര്‍ത്തീയിരിക്കുന്ന ഭക്തി.
നമുക്കുമില്ലേ ഇവിടെയും ആള്‍ ദൈവങ്ങള്‍?ആരും നിഷേധിക്കാന്‍ ധൈര്യപ്പെടാത്ത
ദൈവങ്ങള്‍.നമ്മുടെ നിരീശ്വരവാദികള്‍ ഈശ്വരന്റെ കുലവും ജാതിയും പിറവിയും
അസ്തിത്വവും നോക്കി വെല്ലുവിളിക്കുന്നു,നിഷേധിക്കു
ന്നു.എന്തേ അവര്‍ ഈ ആള്‍ ദൈവങ്ങളെ കാണാതെപോകുന്നു?അവര്‍ക്കെതിരേആരും ഒന്നും മിണ്ടുന്നില്ല.? അവര്‍ ധൈര്യ്പ്പെടില്ല.കാല്‍ കഴുകിയാലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താലും,സ്വര്‍ണ്ണ ക്കസ്സേരയില്‍ ഇരുത്തി നാടു ചുറ്റിച്ചാലും
ലോകത്ത് ശാന്തി വളരുമെന്നും ദുഃഖം മാഞ്ഞു പോകുമെന്നും കരുതുന്ന
‘അവതാരങ്ങ’ളോട് ദൈവമ്ം പൊറുക്കട്ടെ.
നിരീശ്വരവാദം(വാദി) എന്ന കാപട്യം,പ്രതികരിക്കത്ത ദൈവത്തിനെ ആര്‍ക്കും
എതിര്‍ക്കാം.വിശ്വാസവും യുക്തിയും രണ്ടാക്കിക്കാണാത്തതിന്റെ
കുഴപ്പങ്ങള്‍ തന്നെയാണ് ഇതെന്ന് എനിക്ക് തോന്നുന്നു.വിശ്വാസം ഒരുവന്റെ
ഉള്ളിലെ ധാരണയാണ്. യുക്തി വസ്തുതകലുടെ കര്യകാരണവും.വിശ്വാസിക്ക് യുക്തിവാദിയും മറിച്ചും ആകാം.യുക്തിവാദിയും നിരീശ്വരവാദിയും രണ്ടാണ്.യുക്തിയോട് കൂടി ദൈവത്തീല്‍ വിശ്വസിക്കാം.
വിശ്വാസത്തിനെ ചില തല്പര്യങ്ങള്‍ക്ക് ഉപയൊഗിക്കുംമ്പോഴാണ് അത് വണിജ്യവല്ക്കരിക്കപ്പെടുന്നതും വിശ്വാസം കച്ചവടമാകുന്നതും.
കേരളത്തിലെ പൊങ്കാല 10 വര്‍ഷം കൊണ്ട് വികസിച്ച കച്ചവട മാമാങ്കമാണ്.ഇത്രയേറെ
വരുമാനം എല്ലാവിഭാഗത്തിനും കിട്ടുന്ന ഒരു സീസണല്‍ വാണിജ്യമേള.പരസ്യം
കൊണ്ട്‌ എങ്ങനെ ഒരു വ്യവസായം വിപുലീകരിക്കാം എന്നും ഭക്തി എങ്ങനെ
വളര്‍ത്താം എന്നും ആറ്റുകാല്‍ എന്ന സ്ഥലത്തുള്ളവര്‍ക്ക്‌ നന്നായി അറിയാം
എന്ന് നേരത്തെ തെളിയിച്ചു കഴിഞ്ഞതാണല്ലോ.
വഴി നീളെ അടുപ്പ്‌ കൂട്ടി പൊതുജനത്തിനു ശല്യം ഉണ്ടാക്കുന്നത്‌ ദൈവത്തിന്റെ
പേരില്‍ ആയതിനാല്‍ ആരും മിണ്ടില്ല എന്ന് ഇതിന്റെ സംഘാടകര്‍ക്ക്‌ നല്ലവണ്ണം
അറിയാം. ജാഥകള്‍ പോലും നിരോധിച്ച സെക്രട്ടറിയേറ്റും പരിസരത്തും വരെ
അടുപ്പുകള്‍ കൂട്ടി പൊങ്കാലയിടാന്‍ വേദി ആയെങ്കില്‍ അതിനര്‍ത്ഥം ഭക്തിയുടെ
പേരില്‍ എന്തും ആകാം എന്നല്ലേ? മധ്യമങ്ങള്‍ മാര്‍ക്കറ്റിംങ് നട്ത്തുകയും
ചെയ്യുന്നു.
സ്ത്രീകളുടെ ശബരിമല ആണു ആറ്റുകാല്‍ അമ്പലം എന്ന് പറയുന്നത്‌ കേട്ടു. ഇതും
തട്ടിപ്പിന്റെ മറ്റൊരു മുഖം.സ്തീപ്രേക്ഷകര്‍ക്കായി ചാനലുകാര്‍ സീ‍രിയല്‍
ഇറക്കും പോലെ.പണ്ടേ ദുര്‍ബ്ബല........എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഈ അമ്പലത്തിന്റെ അധികൃതര്‍ തന്നെ ചാര്‍ത്തി കൊടുത്ത അലങ്കാരം ആയിരിക്കും ഈ
പദവി എന്നു തോന്നുന്നു. ഇവിടെ എന്താ ആണുങ്ങള്‍ക്ക് പ്രവേശനം ഇല്ലേ? അതോ
വേറെ ഏതെങ്കിലും തരത്തില്‍ ശബരിമലയുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ, ഭക്തി
നല്ലതാണ് , അത് മനസ്സിന്റെ ഉള്ളില്‍ നിന്നു വരണം. പക്ഷേ ഇത്തരത്തിലുള്ള
ഭക്തി എത്രത്തോളം ആത്മാര്‍ത്ഥമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നൂ. ഇത്
കച്ചവടവത്ക്കരിച്ച ഭക്തിയാണ്. ഇപ്പോള്‍ ഈ പൊങ്കാല മറ്റൂ പല
അമ്പലങ്ങളീലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. (മറ്റൊരു വ്യവസായിക
അമ്പലമായ ചക്കുളത്ത് കാവിലും പൊങ്കാല നടത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്.)
പാരമ്പര്യവിശ്വാസവും ആചാരങ്ങളും തുടരട്ടെ...ഇതു ഭക്തിയുടെ ഭാഗമല്ല
എന്നറിഞ്ഞുകൊണ്ട് നടത്തുന്ന കപടത അവസാനിക്കേണ്ടതു തന്നെ.ഖജരാഹോ
ക്ഷേത്രത്തിന് ചുറ്റും കൊത്തിവച്ചിരിക്കുന്ന കാമശാസ്ത്രത്തിലെ
രതിശില്പങ്ങള്‍ നമ്മുടെ ഭക്തിയുടെ മാനത്തെ
വിവസ്ത്രമാക്കുന്നില്ല,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ദേവി ദേവ
ശില്പങ്ങള്‍ നമ്മുടെ സദാചാരത്തെ മുറിപ്പെടുത്തുന്നില്ല.ഭക്തന്റെ നാണം
മാറ്റാന്‍ അവക്ക് മേല്‍ ഉടു പുടവ ചുറ്റിയിരിക്കുന്നു.എം എഫ് ഹുസ്സൈന്‍
ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രം വരച്ചപ്പോള്‍ മാത്രം വിശ്വാസിയുടെ വികാരം
വിജ്രംഭിക്കുന്നൂ,മതവികാരം വ്രണിതമാകുന്നൂ.വര്‍ഗ്ഗിയ കലാപം നടത്തിയ മോദിയെ
ആരാധിക്കുകയും ലാദനെ തള്ളിപ്പറയുകയും ചെയ്യുന്നൂ.ഇതെല്ലാം സാധിക്കുന്നത്
നമ്മള്‍ യഥാര്‍ഥ വിശ്വാസി ആയിട്ടല്ല,അങ്ങിനെയും ഒരു വിശ്വാസി ആയത്
കൊണ്ടാണ്.
ഈയിടെ കേട്ട ഒരു വാര്‍ത്ത.
‘ശ്രീ നാരയണ ഗുരു വിഷ്ണുവിന്റെ അവതാരം എന്ന് ഏതൊ ഒരു ജ്യോത്സ്യന്‍ എഴുതിയിരിക്കുന്നു.ഇതുപോരെ ഇനി നമുക്കും വാദിക്കാം.അല്ലെന്ന് എങ്ങനെ തെളിയിക്കും,നടന്‍ സുരേഷ് ഗോപി കഴിഞ്ഞജന്മത്തില്‍ ചോളരാജ്യം ഭരിച്ചിരുന്ന ഏതോ ഒരു മന്ത്രി
ആയിരുന്നത്രേ!!സംഗീതവും നൃത്തവും അറിയാവുന്ന സ്ത്രീകളോട് അഭിനിവേശവും
താല്പര്യവും ഉണ്ടായിരുന്ന ആരോഗ്യ മന്ത്രി..!അല്ലെന്ന് ആര്‍ക്ക്
തെളിയിക്കാന്‍ പറ്റും.?ചന്ദ്രനെ ദൈവമായി ആരാധിച്ചിരുന്ന ഇന്ത്യന്‍ പ്രാകൃത
ജനതയുടെ നാട്ടില്‍ നിന്നും ചന്ദ്രനിലേക്ക് റോക്കറ്റയച്ചൂ..ആള് പോയി..കാലവും
ശാസ്ത്രവും ഇത്രവരെ പുരോഗമിച്ചൂ എന്നിട്ടും നമ്മുടെ മനസ്സെന്താണ്
യുക്തിഭദ്രം അല്ലാത്തത്? കേരളം ഭ്രാന്താലയം എന്ന് പറഞ്ഞ വിവേകാനന്ദന്‍
ഇപ്പോള്‍ വന്നാല്‍ എന്ത് പറയുമായിരുന്നോ എന്തോ.
ഇന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍(തിരുപ്പതിയില്‍ മുടി മുറിച്ചാല്‍
അതില്‍പ്പരം പുണ്യം വേറില്ലാത്രേ!കോടിക്കണക്കിന് രൂപയുടെ ലേലമാണ് ഈ ‘മുടി‘
ഇടപാട്.മുടിമുറിച്ച് പുണ്യം തലയിലേറ്റി വന്നവരാണ് കഴിഞ്ഞ ആഴ്ച
റോഡിലൊടുങ്ങിയ ഒന്‍പത് പേര്‍.) ഏറ്റവും കൂടുതല്‍ വരുമാനം ഗുരുവായൂര്‍
ക്ഷേത്രത്തിനാണെന്ന് പറെയപ്പെടുന്നു.ഈ വരുമാനം
വാര്‍ഷികാടിസ്ഥാനത്തിലാണ്.എന്നാ
ല്‍ വെറും രണ്ട് മാസങ്ങള്‍ കൊണ്ട് ശബരിമലയില്‍ വീഴുന്ന വരുമാനം എല്ലാ കണക്കുകളേയും
നാണിപ്പിക്കുന്നു.എന്നിട്ടും അവിടെ ഇതെല്ലാം വാരിച്ചൊരിയുന്ന പവം പമ്പര
ഭക്തന് നേരാം വണ്ണം പ്രാധമിക ആവശ്യത്തിനുള്ള സംവിധാനത്തിന് ഇപ്പോഴും
അയ്യപ്പന്റെ കാടും പമ്പയും ‘ശരണം’.വര്‍ഷങ്ങളായി ഈ കോടികള്‍ എവിടേക്ക്
പോകുന്നു?ലക്ഷങ്ങള്‍ കോഴകൊടുത്ത് മേല്‍ശാന്തിപ്പട്ടം വാങ്ങുന്ന
ശാന്തിക്കാരന്‍ തൊട്ട് ആരെല്ലാം?ലാഭവിഹിതം മാത്രമുള്ള ഈ വ്യവസ്സായ ശാല
പുതിയ ഉല്പന്നം ഇറക്കാത്തത് പഴയതിന് ഇന്നും നല്ല മാര്‍ക്കറ്റ് ഉള്ളത്
കൊണ്ട് തന്നെ.മകരജ്യോതിയേക്കാള്‍ മെച്ചമുള്ള വേറെ ഏത് ജ്യോതിയുണ്ട്
നാട്ടില്‍??
മകരജ്യോതി എന്നത് വലിയ ഇരുമ്പ് ചട്ടിയില്‍ ഭസ്മവും കര്‍പ്പൂരവും ചന്ദന
മുട്ടിയും ചേര്‍ത്ത് കത്തിച്ച് കയറില്‍ കെട്ടി പോലീസ്സുകാര്‍ തന്നെ
കത്തിക്കുന്നതാണെന്ന് പറഞ്ഞ പോലീസ്സുകാരനെ എനിക്കറിയാം.അവിടെ അദ്ദേഹം ഇത്
ചെതിരുന്നു പല വര്‍ഷങ്ങള്‍.ഈ ദിവസം തന്നെയാണ് പൊന്നമ്പല മേട്ടിലെ
കാടന്മാരുടെ ഉത്സവവും.

വിശ്വാസവും ആചാരവും എന്തുമാകട്ടെ..പ്രായോഗിക ബുദ്ധിയോടെ വിശ്വസിക്കുക.എല്ലാത്തിലും.സ ത്യ
മല്ലാത്തതിനേയോ കപട്യത്തേയോ
തിരിച്ചറിഞ്ഞ് വേണ്ട എങ്കില്‍ തള്ളിക്കളയൂ.ഇതെല്ലാം തിരുത്താന്‍ തുടങ്ങിയാല്‍ നമ്മള്‍ ആദികാലത്തു നിന്നും തുടങ്ങേണ്ടിയിരിക്കുന്നു.ഇതിലെ
ല്ലാം മുതലെടുപ്പ് നടത്തുന്നതില്‍ മറ്റ് മതക്കാരും ചേരുന്നു.എല്ലാവരും കരുതുന്നു‘എന്റെ മതമാണ് ശ്രേഷ്ഠം ‘എന്ന്.ഒന്നും തിരുത്തുക എന്നത്
പ്രായോഗികമല്ലാത്തത് കോണ്ട് വിശ്വസിക്കുന്നവര്‍ പോകട്ടെ.ഭര്‍ത്താവ്
കമ്മ്യൂണിസ്റ്റ് ആയി എന്നത് കൊണ്ട് ഭാര്യക്ക് ക്ഷേത്രവും വിശ്വാസവും
പാടില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും?ഒരു വിവാഹത്തിലൂടെയാണ് അവര്‍
ചേര്‍ന്നത്.അതിന് മുന്‍പ് അവര്‍ വിശ്വസിച്ചത് നിഷേധിക്കാന്‍
ആര്‍ക്കവകാശം?സ്വന്തം ഭര്‍ത്താവിന്റെ പേരില്‍ പൂജനടത്താന്‍ ഭാര്യക്ക്
അവകാശമില്ലെന്ന് പറയാന്‍ ഏത് മാനിഫെസ്റ്റോ പറയുന്നു?കമ്മ്യൂണിസ്റ്റ് ആയാല്‍
ദൈവവും വിശ്വാസവും പാടില്ലെന്ന് ആരു പറഞ്ഞു?
‘’ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകാം,നാളത്തെ ശാസ്ത്രവുമതാകാം’‘എത്രയെത്ര അബദ്ധങ്ങള്‍ ഇന്ന് ആചാരമാക്കി ആഘോഷിക്കുന്നൂ നാം.ഐന്‍സ്റ്റീന്‍ പറഞ്ഞത് പോലെ തിരുത്താനുള്ളതാണ് ഓരോ തിയറികളും എന്നത് നാം തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നൂ.
ദൈവം സകല മാനവന്റെയും പിതാവാണെങ്കില്‍,സ്നേഹത്തെക്കുറിച്ചും
കരുണയെക്കുറിച്ചും സഹാനുഭൂതിയോടെ മനുഷ്യന്‍ മനുഷ്യനെ കാണാനുമാണ് ആ പിതാവ്
ലോകത്തിലെ സന്തതികളോട് പറഞ്ഞത് എങ്കില്‍,ഇവിടെ മതത്തിന്റെയും ദൈവത്തിന്റെ
യും പേരില്‍ കൊല ചെയ്യപ്പെട്ട മാനവ കോടികളെ ഏത് ദൈവത്തിന്റെ പേരില്‍
നീതികരിക്കും?

‘’നമ്മള്‍ കൊന്ന് തിന്ന മീനിന്റെ ചെറുമക്കള്‍
നമ്മുടെ ചിതാഭസ്മം തിന്നും
നമ്മള്‍ കൊന്ന് തിന്ന മൃഗങ്ങളുടെ കൊച്ച് മക്കള്‍
പള്ളിപ്പറമ്പിലെ പുല്ല് തിന്നും.’‘



ഞാന്‍ ദൈവ നിഷേധിയോ മത നിന്ദകനോ അല്ല്ല,അതിനിതിവിടെ ശ്രമിച്ചിട്ടുമില്ല,അതിന് ആഗ്രഹവുമില്ല.ദൈവം എന്ന ശക്തിയില്‍ വിശ്വസിച്ചു കൊണ്ട് തന്നെയാണ് ഇതെഴുതാന്‍ മുതിര്‍ന്നതും.മതത്തിന്റെയും ദൈവത്തിന്റെ യും പേരില്‍ നടത്തുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആണ് പറഞ്ഞിരിക്കുന്നത്.പിഞ്ചുകുഞ്ഞിനെ തലയറുത്ത് ദൈവത്തിന് കാല്ക്കല്‍ വയ്ക്കണം എന്നത് ഏത് ദൈവഠിന്റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെ.ഇതില്‍ എതിര്‍ക്കുന്നത് ആ ദൈവത്തെയല്ല ആ ആചാരത്തെയാണ്.ഒരു വിഭാഗത്തിന് അത് ദൈവത്തെ നിഷേധിക്കലായാല്‍ അതിലൊന്നും പറയാനില്ല.

നന്ദിത - കവിതയിലും മരണത്തിലും പറയാന്‍ ബാക്കിവച്ചത്.

“ജീവിതം നീ എടുത്ത് പോയപ്പോള്‍ എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്
മൃതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.”


മരണം എന്നത് നഷ്ടപ്പെടലിന്റെ അവസാന വാക്കാണ് . ‍മരണത്തിലേക്ക് നടന്ന് കയറിയാലും മരണം നമ്മെ ത്തേടിവന്നാലും അത് പ്രിയപ്പെട്ടവരില്‍ അവശേഷിപ്പിച്ച് പോകുന്നത്,നെഞ്ചില്‍ കുരുങ്ങുന്നതേങ്ങലോ ലവിളിയോമാത്രമല്ലാ, ഒന്നിനും പകരം വയ്ക്കാന്‍ കഴിയാത്തവിധം ജീവിതത്തില്‍ നിന്ന്തന്നെ എന്നെന്നേക്കുമായ് പടിയിറങ്ങിപ്പോകുന്ന ശൂന്യതയാണ്.
ആരെയോപ്രണയിച്ച്,ആ പ്രണയമത്രയുംകവിതയിലൂടെ പകര്‍ത്തി,ഒട്ടുനേരം പ്രകാശം പരത്തി,ആളിക്കത്തി ഒടുവില്‍ പൊടുന്നനേആരോടോ തീര്‍ത്ത ഒരു പകപോക്കല്‍ പോലെസ്വയമണഞ്ഞ ഒരു നാളം.നന്ദിത-തന്ത്രികള്‍ മുറുക്കിയ ഒരു തമ്പുരുവില്‍ ആരോശ്രുതിചേര്‍ത്ത ഒരു മധുരസംഗീതം പോലെ സുന്ദരമായ പേര്.നല്ലൊരു വിദ്യാര്‍ത്ഥിനിയായുംപിന്നീട് നല്ലോര് അദ്ധ്യാപികയായും എല്ലാവരേയും ഉറ്റവരാക്കി ഒരു ശലഭം പൊലെപാറിനടന്ന,വയനാടിന്റെ ഗ്രാമീണത തൊട്ടെഴുതിയ പെണ്‍കുട്ടി.അവരെന്തിനായിരുന്നുവയനാടന്‍ മലകളില്‍ മഞ്ഞിറങ്ങിയ ഒരു രാത്രി ഒരു വാക്കും അവശേഷിപ്പിക്കതെ ഒരുചുരിദാര്‍ ഷോളില്‍ സ്വന്തം ജീവിതത്തെ ഒരു വിഷാദം പോലെ തൂക്കിയിട്ടത്?മരണം എപ്പോഴും അങ്ങനെ യാണ് എത്ര പറഞ്ഞ് നിര്‍ത്തിയാലും പിന്നെയും എന്തെങ്കിലും പറയാന്‍ ബാക്കിവച്ചിട്ടുണ്ടാവും.
നന്ദിത ബാക്കിവച്ചത് കവിതകള്‍എഴുതി മടക്കിയ കുറേ ഡയറിത്താളുകള്‍ മാത്രമായിരുന്നില്ല,ആ മരണത്തിന്റെ ശൂന്യതയില്‍ഒറ്റപ്പെട്ടുപൊയ മറ്റോരാളെ കൂടിയാണ് ‍,ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സ്വന്തം ജീവിതംതന്നെ പകരം കൊടുത്ത് ഭൂതവും ഭാവിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍,പാതിയില്‍പാടിനിര്‍ത്തിയ സംഗീതം പോലെ,നന്ദിതയുടെ ഭര്‍ത്താവ്,അജിത്.
ആകസ്മികമായകണ്ട് മുട്ടലും പിന്നെ യൊരു ദ്രുതനടനം പൊലെ വളര്‍ന്ന പ്രണയവുംവിവാഹവും അജിത്തിനെ തേടിവരികയായിരുന്നു.നന്ദിത നല്ലോരു കാമുകിയുംഭാര്യയുമായിരുന്നൂ.എന്നിട്ടും ആ ഓര്‍മ്മകളില്‍ ജീവിക്കാന്‍ അജിത്തിനെ തനിയെവിട്ട്നന്ദിത എന്തിനിത് ചെയ്തൂ എന്നത് അജിത്തിനിന്നും അജ്ഞാതം.സാമ്പത്തികത്തിലുംവിദ്യാഭ്യാസത്തിലും അന്തരം ഏറെ ഉണ്ടായിരുന്നിട്ടും നന്ദിത അജിത്തിന്റെജീവിതത്തിലേക്ക് കടന്ന് വന്നൂ,വീട്ടുകാരുടെ എതിര്‍പ്പിലും ഉലയാതെ നിന്ന്ജീവിതത്തിലേക്ക് ധീരതയോടെ നടന്ന് കയറിയ ഒരു പ്രണയവിവാഹം.വിവാഹശേഷം ഗള്‍ഫ് എന്നസ്വപ്നവുമായി ബോംബെക്ക് വണ്ടികയറിയ അജിത്തിന് അവിടെ ചിലമാസങ്ങള്‍തങ്ങേണ്ടിവന്നൂ.ഒരു വെക്കേഷന്‍ ആഘോഷത്തിനായി നന്ദിതയും അവിടെയെത്തി,രണ്ടാം മധുവിധുപോലെ പ്രണയത്തിന്റെ ഒരു പൂക്കാലം തന്നെ ആയിരുന്നു ആ ദിവസങ്ങള്‍.അവിടെ വച്ച്അജിത്ത് തന്റെ പ്രണയമത്രയും നന്ദിതക്ക് കൊടുത്തു ഒരു പകപോക്കല്‍ പോലെ.നല്ല ഭക്ഷണംവസ്ത്രങ്ങള്‍.വെക്കേഷന്‍ കഴിഞ്ഞ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് കൈവീശി നന്ദിത യാത്രയാകുമ്പോള്‍ ഒരു അശുഭചിന്തപൊലെയെങ്കിലുംഅജിത്ഓര്‍ത്തിരുന്നില്ല ഇനി കാണേണ്ടിവരുന്നത് ചലനമറ്റ നന്ദിതയേ ആയിരിക്കുംഎന്ന്.
നന്ദിതമരിക്കുന്നദിവസം അമ്മയോട്പറഞ്ഞിരുന്നു രാത്രിവൈകിയാണെങ്കിലും ഒരു കോള്‍ വരും അത് താന്‍ തന്നെ അറ്റെന്‍ഡ്ചെയ്തോളാം എന്ന്. ബാലക്കണിയിലൂടെ,ചിന്തകളില്‍ മനസ്സെറിഞ്ഞ് ഉലാത്തുകയായിരുന്ന മകളെ കണ്ട് കൊണ്ടാണ് ആ അമ്മ അകത്തേക്ക് പോയത്.കുറേ കഴിഞ്ഞ് തിരികെ വന്ന് നോക്കിയഅവര്‍കണ്ടത് അന്ന് അജിത് വാങ്ങിക്കൊടുത്ത് ആ ചുരിദാര്‍ ഷോളില്‍ തൂങ്ങിനില്‍ക്കുന്നമകളെയാണ്. രാത്രി ഒരു ഫോണ്‍ കോളും വന്നതായി കേട്ടില്ല എന്ന് നന്ദിതയുടെ അമ്മ തന്നെപറ്ഞ്ഞിരുന്നൂ,അജിത്തോ സുഹൃത്തുക്കളോ വിളിച്ചിരുന്നില്ല.അന്ന് നന്ദിതപ്രതീക്ഷിച്ചആ കോള്‍ ആരുടേതായിരുന്ന് എന്ന് നന്ദിതക്ക് മാത്രം അറിയാവുന്നരഹസ്യമായി.വിവാഹത്തിന് മുന്‍പും ശേഷവും നന്ദിത അജിത്തിനെഴുതിയിരുന്ന പ്രണയാര്‍ദ്രമായകത്തുകള്‍,അത് കത്തുകളായിരുന്നില്ല്,പ്രണയലേഖനങ്ങള്‍ തന്നെ ആയിരുന്നൂ. അക്ഷരത്തില്‍ നിറച്ച പ്രണയവും നന്ദിതയുടെ ആല്‍ബവും നെഞ്ചോട് ചേര്‍ത്ത് അജിത് ആ മരണത്തില്‍ഒറ്റപ്പെട്ട് നില്‍ക്കുന്നൂ.ഗള്‍ഫിലേക്കുള്ള് എല്ലാ പേപ്പറുകളും ജോലിയും ശരിയായിരുന്നിട്ടും,സ്വയം ഒരു പകവീട്ടല്‍ പോലെ നന്ദിതയുടെ ഓര്‍മ്മകളും പ്രണയാക്ഷരങ്ങളുടെമണവും നിറഞ്ഞ മുറിയില്‍ ജീവിച്ച് മരിക്കുകയാണ് അജിത്.ജീവിതം അവസാനിപ്പിക്കന്‍നോക്കിയിട്ട് മരണവും ആ മനുഷ്യനോട് ക്രൂരതകാട്ടി,ഇന്ന് ,നന്ദിതതനിക്കായ്മാത്രമെഴുതിയ കത്തുകളും തന്നോട് ചേര്‍ന്ന് നിന്നെടുത്ത ചിത്രങ്ങളും കണ്ട് കണ്ട്നന്ദിത കൊളുത്തിപ്പോയ ആ ഓര്‍മ്മകളുടെ ചിതയില്‍ ദഹിച്ചമരുകയാണ് ഓരോനിമിഷവും.
നന്ദിതക്ക് വിവാഹത്തിന് മുന്‍പ് മറ്റൊരു പ്രണയമുണ്ടായിരുന്നൂ.മതത്തിന്റെയും വീട്ടുകാരുടേയും എതിര്‍പ്പില്‍ നടക്കാതെപോയആ പ്രണയത്തിന്റെ വസന്തത്തിലാണ് നന്ദിതയുടെ ഹൃദയത്തില്‍ കവിതയുടെ പൂക്കള്‍ വിടര്‍ന്നതും.പ്രണയാതുരമായകവിതകളും പിന്നീട് പ്രണയനഷ്ടവും കവിതളായി,മരണം പലയിടത്തും ഒരു നിഴല്‍ പോലെസഞ്ചരിച്ച് കൊണ്ടിരുന്നൂ.അജിത്തിനെ കണ്ട് മുട്ടിയതിന് ശേഷം നന്ദിത ഒരു കവിതപോലുംഎഴുതിയിരുന്നില്ല.ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ നന്ദിത ഒരു കവയത്രി എന്ന് പോലുംഅറിയപ്പെടുമായിരുന്നില്ല.നന്ദിതയുടെ ഒരു കവിതയും അത്യാകര്‍ഷകം എന്ന് പറയാന്‍കഴിയില്ല.പക്ഷേ ആ മരണ വുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ അതിലെല്ലാം എന്തോജ്വലിക്കുന്നുണ്ട്.മരണ ശേഷം കണ്ടെടുത്ത അവരുടെ ഡയറിയില്‍ നിന്നുമാണ് നന്ദിതകവിതകള്‍ എഴുതുമായിരുന്നൂ എന്ന് അവരുടെ വീട്ടുകാരും അടുത്ത് സുഹൃത്തുക്കള്‍പോലുംഅറിയുന്നത്.നന്ദിത തന്റെ പ്രണയത്തോട് സ്വകാര്യമായി സംവദിച്ചിരുന്നത് എഴുത്തിലൂടെആയിരുന്നൂ,അത് കവിതകളാ‍യിരുന്നൂ.ആദ്യപ്രണയത്തില്‍ നിന്നും തന്നെ അടര്‍ത്തിമാറ്റിയ വീട്ടുകാരോടും സമൂഹത്തിനോടും തീര്‍ത്ത് ഒരു പകവീട്ടല്‍ ആയിവേണം അജിത്തുമായുള്ള വിവാഹത്തെകാണാന്‍.തന്റെ ഡയറിയില്‍ നന്ദിതതന്നെഎഴുതി, “ ഒരിക്കലും അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞ് കൊണ്ട് തന്നയാണ് ബത്തേരിക്കാരന്‍ അജിത്തിനെ വിവാഹം കഴിച്ചത്.ഒരുവാശിതീര്‍ക്കലായിവേണം അതിനെ കരുതാന്‍.”അജിത്തിനെ നന്ദിതസ്നേഹിച്ചിരുന്നില്ലേ? മാനം കാണതെ വച്ച മയില്‍പ്പീലിപോലെ നന്ദിതയുടെ പ്രണയമെല്ലാം തനിക്കാ‍യ്മാത്രംസൂക്ഷിക്കുമ്പോഴും ,നന്ദിതയുടെ ഓര്‍മ്മകളില്‍ ഇടക്കിടെഈറനണീയുമ്പോഴും,അജിത്തിന്നും പറയുന്നൂ തന്നെപ്പൊലെ നന്ദിത മറ്റാരെയും ഇത്രആഴത്തില്‍ സ്നേഹിച്ചിരുന്നില്ല എന്ന്.ആ ഓര്‍മ്മകളുടെ ആഴത്തില്‍ ഉണ്ടും ഉറങ്ങിയുംഅജിത്തിന്നും പകരം വീട്ടുകയാണ് മരണത്തിനോട്, നന്ദിതയോട്, തന്നോട് തന്നെ.”നിന്നെമറക്കുകയെന്നാല്‍ മൃതിയാണ് ,ഞാന്‍ നീ മാത്രമാണ് “ ഇതെഴുതിവച്ച് നന്ദിതകടന്ന് പോയപ്പോള്‍ ഈ വരികളിലേക്ക് തന്റെ ജീവിതത്തെ എഴുതിച്ചേര്‍ക്കുകയായിരുന്നു അജിത്ത്.നീട്ടിക്കൊതിപ്പിച്ച് പൊടുന്നനേ തന്നില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രണയത്തോട്,ജീവിതത്തോട് തീര്‍ക്കുന്ന പകതീര്‍ക്കല്‍.
മരണത്തെ പ്രണയിച്ച് അതിലേക്ക് നടന്ന് കയറല്‍ ഒരുനിമിഷത്തെ അവിവേകമോ ദുര്‍ബലതയോ അല്ല,ജീവിതത്തില്‍ നിന്നുള്ള ഓളിച്ചോട്ടമല്ല,എന്റെ പുലരികള്‍ ഇന്ന് കൂടുതല്‍ ദീപ്തമാകുന്നത് അതില്‍ നീ കൂടിഎനിക്കായ് വെളിച്ചം തരുമ്പോഴാണ് , എന്റെ ജീവിതം കൂടുതല്‍ സംഗീതാത്മകമാകുന്നത് അതില്‍നീ കൂടിചേര്‍ന്ന് പാടുമ്പോഴാണ് . ആ വെളിച്ചവും സംഗീതവും എന്നില്‍ നിന്നടര്‍ത്തിയെടുത്ത്ഒടുവില്‍ ഞാന്‍ മാത്രമാകുമ്പോള്‍ പിന്നെ എനിക്കെന്തിനീ ജീവിതം?ജീവിതത്തിന്റെ ഈ ശൂന്യതയിലേക്കാണ് മരണം പലപ്പോഴും കടന്ന് വരുന്നത്.
പ്രണയതിരസ്കാരം കൊണ്ട്,ഒരുപാതിരാവില്‍ വരണമാല്യമണിഞ്ഞ് പ്രേയസ്വിയുടെ വിവാഹമുഹൂര്‍ത്തത്തില്‍ ഏതോ ഒരുമരക്കൊമ്പില്‍ ജീവിതം ഊതിക്കെടുത്തുമ്പോള്‍ ഇടപ്പള്ളിക്ക് അത് കേവലം മരണം മാത്രംആയിരുന്നില്ല,ഒരു വ്യ്‌വസ്ഥിതിയോടും വിശ്വാസനിരാസത്തോടും എതിരായ പ്രതിഷേധം കൂടി ആയിരുന്നിരിക്കണം.
തന്റെ പ്രിയപ്പെട്ട മഞ്ഞനിറങ്ങളുടെസൂര്യകാന്തിപ്പാടങ്ങളില്‍ നില്‍ക്കുമ്പോള്‍, താന്‍ ആ മഞ്ഞ് നിറങ്ങളിലേക്ക് ലയിക്കുന്നതായി തോന്നിയനിമിഷം ശിരസ്സിലേക്ക് ഒരു വെടിയുണ്ട പായിച്ച് ആമഞ്ഞപ്പൂക്കള്‍ക്കിടയിലേക്ക് മരിച്ച് വീഴുമ്പോള്‍ വാങ്ഗോഘിന് അത്  ആത്മഹത്യയായിതോന്നിയിരിക്കില്ല.
സ്വന്തം മുഖം ഓവനിലേക്ക് തിരുകിവച്ച് ശിരസ്സ് വെന്ത് മരിക്കുമ്പോള്‍ അമേരിക്കന്‍ കവയത്രി സില്വിയോപ്ലാത്ത്,വിലപിച്ചിരിക്കണം,ഇതിലും തീവ്രവേദനകള്‍ എനിക്ക്തന്ന ലോകമേ ഇതെനിക്ക് മഞ്ഞില്‍ മുക്കിയ വെണ്‍ തൂവല്‍കൊണ്ട് എന്നെ തഴുകുന്നത് പോലെസുഖകരമായിരിക്കുന്നൂ…
“ പ്രണയത്തിന്റെ കഠിന വേദന എനിക്ക്പ്രിയങ്കരമാണ് , എന്റെ പ്രണയം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ച് കൊള്ളട്ടെ”എന്നെഴുതിയ റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കില്‍ സ്വന്തം ഭാര്യയുടെ കാമുകനില്‍ നിന്നും വെട്ട് കൊണ്ട്മരിക്കുമ്പോള്‍ അതും പ്രണയത്തിന്റെ ആത്മാര്‍പ്പണമായി വേണം കരുതാന്‍.
ഒരു മുഴം കയറില്‍ ഒരു വിഷാദം പൊലെ തൂങ്ങിയാടുക,ഒരു തീവണ്ടിക്ക് മുന്നിലേക്ക് ഒരു തളികയിലെന്നപോലെ സ്വന്തം ജീവിതം വച്ച് കൊടുക്കുക,വിഭ്രാന്തിപൂണ്ടമസ്തിഷ്കത്തിലേക്ക് ഒരു വെടിയുണ്ട് ഉതിര്‍ത്ത് ഒരു ഉണര്‍ച്ചയോടെ ഈ ജീവിതം കുടഞ്ഞെറിയുക,ഒരു കാല്പനികന് ഇതെല്ലാം നിലാവില്‍ പൊങ്ങിപ്പറക്കുന്ന ഒരു തൂവല് പോലെ സുന്ദരാനുഭവമാണ് കാഴ്ചക്കാരന് അത് കേവലം ആത്മഹത്യയും.കാഴ്ചക്കാരന് വേണ്ടിയല്ല ഒരാളും അത്മഹത്യ ചെയ്യുന്നത്.അവനവന് വേണ്ടിത്തന്നെയാണ്. അവര്‍ ഈ ലോകവും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എത്ര വേദനയോടെആയിരിക്കണം?അത്മഹത്യ പലപ്പൊഴും സുഹൃത്തുക്കളേയോ പ്രിയപ്പെട്ടെവരെയോ മാത്രമല്ലഅവനനനെത്തന്നെ ബോധ്യപ്പെടുത്താനാവാത്ത സമസ്യ ആയിമാറുന്നൂ..

Sunday, September 19, 2010

പ്രണായാഷ്ടകം

പ്രണയത്തിന്റെ മുറിവില്‍ ചുംബിച്ച് ചുംബിച്ച്
എന്റെ ചുണ്ടുകള്‍ കയ്ക്കുന്നൂ.
പ്രണയം ഒരു വെണ്‍ശംഖ് പോലെ,
പ്രാണനെടുത്തൊന്നൂതിയാല്‍ കേള്‍ക്കാം
തിരതിന്ന കടലിന്റെ നിലവിളി.
എത്രാ ഊതിനിറച്ചാലും ഉള്ളിലെന്നും
വിലാപങ്ങളുടെ ശൂന്യത മാത്രം.
പ്രണയമൊരു കവിത പോലെ,
അറിയും തോറും അറിയാത്ത ആഴങ്ങളിലേക്ക്,
വാക്കിലും വരിയിലും ആസ്വാദനത്തിന്റെ വ്യഭിചാരം.
ആത്മാവിലേക്കെത്ര അലിഞ്ഞാലും
‘യതി’ യൊന്ന് മാറിയാല്‍ മതി താളം പിഴക്കാന്‍.
പ്രണയമൊരു പൂക്കാലം പോലെ,
ഏഴുനിറങ്ങളിലെത്ര വിടര്‍ന്ന് നിന്നാലും
ഒടുവില്‍ കൊഴിയുകതന്നേ ചെയ്യും.
പ്രണയം നറുനിലാവ് പോലെ,
തുണയറ്റ രാവില്‍ നീലവെളിച്ചം പോലെ
നിന്റെ പ്രണയം.
പൂ നിലാവെത്ര പെയ്താലും ഒരു മേഘക്കീറ് മതി
എല്ലാം ഇരുളിലാവാന്‍.
പ്രണയം ഇളവെയില്‍ പോലെ,
എന്നിലേക്ക് തന്നെ എത്തുന്നൂ.
ഉച്ചിയിലെത്ര ഉദിച്ച് വന്നാലും
ഒരു നിഴല്‍ പോലുമാവതെ പിന്നിലൂടെ
ഒഴുകിയിറങ്ങി ഒലിച്ച് പോകുകതന്നെ ചെയ്യും.
പ്രണയമൊരു പെരു മഴപോലെ,
ഓര്‍മ്മകളില്‍ നനഞ്ഞൊലിച്ച്
ജീവിതം മുഴുവന്‍ ഈറനണിയാം
പ്രണയമൊരു പുഴപോലെ,
എത്ര ചേര്‍ന്നൊഴുകിയാലും
ഒരിക്കല്‍ വഴി പിരിയുകതന്നെ ചെയ്യും.
പ്രണയം വറ്റിയ പുഴയുടെ പ്രേതം
കരളിന് കുറുകേ കുരുങ്ങിക്കിടക്കുന്നൂ.
ഒടിവില്‍ പ്രണയം പ്രണയം പോലെ,
വിരല്‍ത്തുമ്പിലൂടിറ്റിറ്റ്;
പ്രാണനും ചോര്‍ത്തിക്കൊണ്ട് പടിയിറങ്ങുന്നു.
പ്രണയത്തിന്റെ മുറിവില്‍ ചുംബിച്ച് ചുംബിച്ച്
വീണ്ടും എന്റെ ചുണ്ടുകള്‍ കയ്ക്കുന്നൂ.

സമ്പന്നരുടെ ഇന്ത്യ,ദരിദ്രരുടേയും.

വര്‍ഷംതോറും പുറത്തിറക്കുന്ന ആഗോള കോടിശ്വരന്മാരുടെ എണ്ണവും വ്യാപ്തിയും കണ്ട് ലോകത്തിലെ ദരിദ്രകോടികളും അന്നംകിട്ടാതെ മരിച്ച കുട്ടികളും ചിരിക്കുന്നൂ.നിരവദ്യമായ പുഞ്ചിരി.കഴിഞ്ഞവര്‍ഷത്തെ കോടീശ്വര പട്ടിക അതിന്‍ മുന്നിലേതിനേക്കാള്‍ നീളംകൂടിയതണ്.1011 കോടിശ്വര ഭീമന്മാരാണ് പുതിയ പട്ടികയില്‍.680 കോടിവരുന്ന ലോകജനസംഖ്യയില്‍ നിന്നും ഈ പ്രഭുക്കളുടെസ്ഞ്ചിത സ്വത്ത് ഏതണ്ട് 3569 ബില്യണ്‍ ഡോളര്‍ വരും.115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നിന്നും 36 പേര്‍ 2007ലെ ലിസ്റ്റില്‍ ഇടംകണ്ടിരുന്നൂ എങ്കില്‍ ,2008ല്‍ 24ഉം കഴിഞ്ഞവര്‍ഷമത് 49 ആയി ഉയര്‍ന്നൂ.കോടീശ്വരന്മ്‍ാര്‍ നേര്‍ ഇരട്ടി ആയിരിക്കുന്നു.ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ നമുക്ക് അഭിമാനം തോന്നുന്നുന്നുവെങ്കില്‍ നമുക്ക് ലജ്ജിക്കുകയും ചെയ്യാം.യഥാര്‍ത്ഥ ഇന്ത്യയെക്കണ്ട്.
ലക്ഷങ്ങള്‍ ചെലവ് ചെയ്ത് മാര്‍മ്പിള്‍ തറയോട് പാകി സുഗന്ധപൂരിതമായ പഞ്ചനക്ഷത്ര ടോയ് ലെറ്റ് ആണ് ഈ അഭിമാനമെങ്കില്‍,അതിനടിയില്‍ ദുര്‍ഗന്ധം വമിക്കുന്ന് മലമുണ്ട് എന്ന സത്യം നമ്മള്‍ അറിയാതെപോകുന്നൂ.കോടീശ്വരഭീമന്മാര്‍ തിന്ന് കൊഴുത്ത് കാഷ്ഠി ച്ചതിന്റെ ബാക്കിപത്രമ്മാണ് ഈ മലക്കുമ്പാരം ദരിദ്രകോടികളുടെ രൂപത്തില്‍ അടിഞ്ഞ് കൂടുന്നത്.തിളങ്ങുന്ന ടോയ് ലെറ്റുകള്‍ക്കടിയില്‍ നാറുന്ന മലമാണ്.അഭിമാനിക്കുന്ന കോടിശ്വരഭീമന്മാരെ നോക്കി പല്ലിളിക്കുന്നത് ഇവിടെ വിശന്ന് മരിച്ച കുഞ്ഞുങ്ങളാണ്,തെരുവോരത്ത് തണുത്ത് മരിച്ച യാചകരാണ്.ഇന്ത്യയില്‍ ജനിച്ച് ഇന്ത്യ്ക്കാരന്റെ ആനുകൂല്യം കിട്ടാതെപോയ,ഒരു റേഷന്‍ കാര്‍ഡും കയ്യില്‍ ഇല്ലാതെ ഇവിടെജനിച്ച് മരിച്ച നിരാലമ്പരാണ്. ഒരു വിഭാഗം സമ്പന്നമാകുമ്പോള്‍ മറ്റൊരു വിഭാഗം ദരിദ്രരാകുന്നൂ എന്നത് സമ്പത്തികശാസ്ത്രത്തിന്റെ കണക്കിലെ കളിയാണ്.ഞാന്‍ ഒരുവര്‍ഷം വെള്ളം തേകി വളമിട്ട് നട്ട് വള്ര്ത്തിയ വാഴയിലെ കുല വെട്ടി വിപണിയിലെത്തിക്കുമ്പോള്‍ എനിക്ക് കിട്ടുന്നത് 20 രൂപയാണെങ്കില്‍ അത് എന്റെ ഒരു വര്‍ഷത്തെ അദ്ധ്വാനവും ക്രുഷിച്ചിലവും നോക്കിയാല്‍ എനിക്ക് കിട്ടുന്ന തുക തീര്‍ച്ചയായും നഷ്ടത്തിന്റെ കോളത്തിലാവും.ഒരദ്ധ്വാനവും ഇല്ലാതെ വ്യാപാരിക്ക് കിട്ടുന്ന് ത് ലാഭവും.ഈ തരതമ്യത്തിലാണ് സമ്പന്നതയുടെ പിന്നാലെ ദാ‍രിദ്ര്യവും വരുന്നത്.
ഒറ്റ വര്‍ഷം കൊണ്ട് കോടീശ്വരന്മാരുടെ എണ്ണം നേര്‍ ഇരട്ടിയായത് ഇന്ത്യയില്‍ മാത്രം.ഈ വളര്‍ച്ച കാണിക്കുന്നത് ഭാവിയില്‍ സ്രുഷ്ടിക്കപ്പെട്‍ാന്‍ പോകുന്ന സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥയെയാണ്.ഒരു വിഭാഗം സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാറിപ്പോകുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യും. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പോലും അന്യവല്ക്കരിക്കപ്പെട്ട ഒരു ജനസഞ്ചയം ഇന്ത്യയിലുണ്ട്.ഏതാണ്ട് ആകെ ജനസംഖ്യയുടെ പകുതിവരും ആ കണക്ക്.വൈദ്യുതി സ്കൂള്‍ വിദ്യാഭ്യാസം,ശുചിത്വം,വസ്ത്രങ്ങള്‍,പാര്‍പ്പിടം എന്നീ അവശ്യസൌകര്യങ്ങള്‍ പോലും എന്തെന്നറിയാതെ ജീവിക്കുന്നവര്‍.ജീവിതത്തിലൊരിക്കല്‍ പോലും ടിവി എന്നത് കണ്ടിട്ടില്ലാത്തവര്‍ ബസ്സില്‍ കയറി യാത്രചെയ്തിട്ടില്ലാത്തവര്‍ ഈ 2010ലും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്നൂ..
സാ‍ങ്കേതികവിദ്യയുടെ സഹായത്താല്‍ വര്‍ദ്ധിച്ച ഉല്പാദനവും തല്‍ഭലമായി സ്വകാര്യസ്വത്തിന്റെ കുമിഞ്ഞ് കൂടലും നടക്കുന്നു.ഇത് ഒരു വിഭാഗത്തില്‍ മാത്രം കേന്ദ്രീകുതമവുകയും സമ്പ്ത്തിന്റെ സന്തുലിതവിനിമയക്രമം തകിടം മറിയുകയും ചെയ്യുന്നു.2006 ലെ കണക്ക് പ്രകാരം മുകേഷ് അമ്പാനിയുടെ സമ്പത്ത് 7 ബില്യണില്‍ നിന്നും 20.1ബില്യണ്‍ ഡോളറായി കുത്ത്നേ ഉയര്‍ന്നൂ.അനിലിന്റേത് അഞ്ചില്‍ നിന്നും 18.2 ആയും അസ്സിം പ്രേംജിയുടേത് 11 നിന്നും 17.1 ബില്യണ്‍ ഡോളറായും ഉയര്‍ന്നൂ. സാമ്പത്തികമാന്ദ്യത്തിനിടയിലും പോയവര്‍ഷത്തേതില്‍ നിന്നും പുതിയ കോടിശ്വര ഭീമന്മാര്‍ ഈ വര്‍ഷം പിറവികൊണ്ടൂ.
ഇത് ഫോബ്സിന്റെ ലിസ്റ്റില്‍ ഇടം പിടിച്ച സ്മ്പന്നരുടെ പേരുകള്‍ മാത്രം,11 ബിലിണ്‍ ഡോളര്‍ മുട്ക്കി കോറസ്സ് സ്റ്റീല്‍ ഉള്‍പ്പടെ നിരവധി വന്‍ കമ്പനികളെ ഏറ്റെടുത്ത ടാറ്റയുടെ വന്‍ സാമ്രാജ്യം ലിസ്റ്റിലെങ്ങും കാണാനില്ല.2009 ലെ ലിസ്റ്റ് പ്രകാരം ലോകത്ത് 946 കോടീശ്വര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.ഈ വര്‍ഷമത് 1011കുടുംബങ്ങളായി ഉയര്‍ന്നൂ.
1990 മുതല്‍ ലോകാരോഗ്യസംഘടന(UNDP – United Naions Development Programme)ലോകരാഷ്ട്രങ്ങളുടെ മാനുഷികവികസനത്തിന്റെ തോത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നൂ.ആയുര്‍ദൈര്‍ഘ്യം,സ്കൂള്‍ പ്രവേശനം,പൊതുജന ശുചിത്വം,ജീവിതനിലവാരം എന്നീ ഘടകങ്ങളെ പരിഗണിച്ചാണ്‍ ഈ അവലോകനം നടത്തിവരുന്നത്.2009 ല്‍ പുറത്തിറ്റക്കിയപഠനപ്രകാരം ഇന്ത്യ 182 രാജ്യങ്ങളുടെ ഇടയില്‍ 134- മാത്രമാണ് നിലയുറപ്പിച്ചത്.മുതലാളിത്തത്തെ എതിര്‍ക്കുകയും സോഷ്യലിസം പ്രസംഗിക്കുകയും ചെയ്യുന്ന് ഇന്ത്യക്ക് എന്നും മാത്രുകയാകുന്ന് റഷ്യ 56 ല്‍ സ്ഥാനം പിടിച്ചൂ.UNDP റിപ്പോര്‍ട്ടില്‍ ജീവിതനിലവാര വികസനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം നോര്‍വെയാണ്.അവിടെനിന്നും കോടിശ്വര പട്ടികയില്‍ കടന്നത് വെറും നാല് പേര്‍ മാത്രം. മൂന്ന് വര്‍ഷമായി ഈ സംഖ്യ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നൂ. ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 5വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പകുതിപ്പേരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്.378 മില്യണ്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്,അതില്‍ 75 % ചേരിപ്രദേശങ്ങളിലും ഗ്രാമങ്ങളിലുമാണ്.ആകെ ജനസംഖ്യയുടെ 30% ത്തിന്റെയും പ്രതിദിന വരുമാനം 1യൂറോയില്‍ താഴെ മാത്രമാണ്.ഇന്ത്യയില്‍ വര്‍ഷം തോറും പട്ടിണിയിലും ആരോഗ്യക്കുറവിലും 400000 കുട്ടികള്‍ മരിക്കുന്നു വെന്ന് ലോകാരോഗ്യ സംഘടയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.30%കുട്ടികള്‍ പോഷകാഹാരത്തിന്റെ കുറവ് അനുഭവിക്കുന്നൂ, 62മില്യണ്‍ ജനങ്ങള്‍ക്ക് വീടുകളില്ല.സര്‍ക്കാര്‍ പട്ടികയില്‍ കണ്ടും കാണാതെയും ചേരികളീല്‍ ജീവിക്കുന്ന ലക്ഷങ്ങള്‍ വേറെ
ആകെ ജനസംഖ്യയുടെ 30% ത്തിന്റെയും പ്രതിദിന വരുമാനം 1യൂറോയില്‍ താഴെ മാത്രമാണ്
(50-55 രൂപപോലും വരുമാനമില്ലാത്ത 35കോടിയോളം ജനങ്ങള്‍ )150 മില്യണ്‍ ജനത വസിക്കുന്നത് ചേരികളിലാണ്.ലോകത്തെ ഏറ്റവും വലിയ ചേരിയെ ഉയര്‍ത്തി ഇന്ത്യ തിളങ്ങുകയാണ്.5 വയസ്സില്‍ താഴെ പ്രായമുള്ള 10 മില്യണ്‍ കുട്ടികള്‍ വര്‍ഷം തോറും ഇന്ത്യയില്‍ മരിക്കുന്നൂ.2മില്യണ്‍ കുട്ടികള്‍ ഓരോ 15 സെക്കന്റിലും ഇന്ത്യയില്‍ മരിക്കുന്നൂ എന്നത് ലോകത്തെ തന്നെ ഏറ്റവും കൂടിയതും ഞെട്ടിപ്പിക്കുന്നതുമാണ്. ഇന്ത്യയിലെ കുട്ടികളില്‍ പകുതിപ്പേരും പോഷകാഹാരം കിട്ടാതെ ജീവിക്കുന്നൂ.
ലോകത്തെ 20 കോടീശ്വരന്മാരില്‍ രണ്ട് പേരുള്ള രാജ്യത്ത് തന്നെയാണ് ,(ഏഷ്യയിലെ 25 കോടിശ്വരന്മാരില്‍ 10 പേര്‍ ഉള്ളതും ഏഷ്യയില്‍ മുന്നില്‍ നില്‍കുന്നതും ഇന്ത്യ തന്നെ). ലോകത്തെ ദരിദ്രരുടേയ പട്ടിണിക്കാരുടേയും പകുതിയും ജീവിക്കുന്നത്.മാറിവരുന്ന ഭരണകര്‍ത്താക്കള്‍ വികസനത്തിന്റെയും വിജയത്തിന്റെയും കഥകള്‍ മാത്രം പറഞ്ഞ് ഇന്ത്യയെ തിളക്കുമ്പോള്‍ പ്രതീക്ഷയുടെ അവസാന വെളിച്ചവും ഊതിക്കെടുത്തി ഇരുളിലേക്ക് മറയുന്ന ഈ ദരിദ്രകോടികളെ ആര് കേള്‍ക്കാന്‍.

എന്റെ കലാലയ സ്മരണകള്‍...

ഗ്രാമത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള കോളേജിലേക്കായിരുന്നൂ ബിരുദപഠനത്തീനായി പോയത്.ഞങ്ങളുടെ നാട്ടില്‍ നിന്നും കോളെജ് വഴി പോയിരുന്നത് അന്ന് രണ്ടേ രണ്ട് ബസുകള്‍ മാത്രം.ഇന്ന് സ്ഥിതി മാറിയിരിക്കുന്നൂ,അതും ഇല്ലാതായിരിക്കുന്നൂ.യാത്രയുടെ ഈ അസന്തുലിത മൂലം
എന്നുംഅരമണിക്കൂര്‍ നേരത്തേ കോളേജിലെത്തിയിരിക്കും.

മിക്കവാറും ആദ്യ പീരിയഡ് ഉലഹന്നാന്‍ സാറിന്റെ ലോകചരിത്രമാണ് .ഉലഹന്നാന്‍ സാറിന് ഒരുവിളിപ്പേരുണ്ടായിരുന്നൂ.ഉപ്പായി.അപ്പനമ്മമാര്‍ സ്നേഹത്തോടെയും നാട്ടുകാര്‍ഇരട്ടപ്പേരായും അത് വിളിച്ച് പോന്നൂ.പണ്ടെങ്ങോ കോളേജില്‍ പഠിച്ചിരുന്ന,ഉപ്പായിസാറിന്റെ അയല്‍ പക്കക്കാരനായ സാബുവാണ് ഈ രഹസ്യവിവരം കോളേജില്‍എത്തിച്ചത്.അന്ന് മുതല്‍ കുട്ടികളും രഹസ്യമായും പരസ്യമായും നീട്ടി വിളിച്ചൂ...ഉപ്പായിമാഷേ ..എന്ന്.കളിയാക്കി വിളിച്ചൂ എന്നറിഞ്ഞാല്‍ ഉപ്പായി സാര്‍ ഒരുചീറ്റപ്പുലിയാകും.

കരിമ്പാറയില്‍ ഡ്രില്‍ ചെയ്യുന്ന ശബ്ദത്തില്‍ ഉപ്പായി സാര്‍ ഹിസ്റ്ററി എടുക്കുന്നത് കേള്‍ക്കുന്നതിലും ഭേദംമരണമായിരുന്നൂ.എന്തുകൊണ്ടോ ഞങ്ങള്‍ മരിച്ചില്ല. ഹിസ്റ്ററി തനിയേ പഠിക്കേണ്ട ഒന്നാണ്എന്ന് പഠിപ്പിച്ചത് ഉപ്പായി സാറാണ് .കുത്തും കോമയും കോളനുമില്ലാതെ ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും റെനെയ്സാന്‍സ്സും എല്ലാം ഞങ്ങളെ നോക്കി പല്ലിളിച്ചൂ.യൂണിവേഴ്സിറ്റി
സിലബസ് അഡ്വൈസറി മെമ്പര്‍മാരെ,ഹിസ്റ്ററി എന്ന് പീഡ്ഡനം എന്തിന് ഞങ്ങളുടെസബ്ബാക്കി?ആല്പ്സ് പരവ്വതനിരയെ വിറപ്പിച്ച ചക്രവര്‍ത്തി ആ ഉടവാളോന്ന് വീശൂ ഞങ്ങളെനീ മോചിപ്പിക്കൂ

ഉപ്പായിസാറിന്റെ ക്ലാസ് അറുബോറായിരുന്നെങ്കിലും ക്ലാസില്‍ ഞങ്ങള്‍ എല്ലാവരും വിനയകുനയന്മാരുംകുനിയികളുമായിരുന്നൂ.അത് ഉപ്പായി സ്സാറിന് മാത്രം വശമുള്ള ഒരു ഷോക് ട്രീറ്റ്മെന്റ് രഹസ്യമാണ്.

കോളേജില്‍ ചേര്‍ന്നതിന്റെ മൂന്നാം ദിവസ്സം ആയിരുന്നൂ ഉപ്പായിസ്സാറിന്റെ ആദ്യക്ലാസ്.വലിയഒരു രജിസ്റ്ററുംതാങ്ങി സാര്‍ ക്ലാസിലേക്ക് വന്നൂ.നേരേ പേര്
വിളിക്കാന്‍തുടങ്ങി.ഫസ്റ്റ്ബഞ്ചില്‍ മൂന്നാമതായിരുന്നൂ ഞാന്‍.ഊരിപ്പോയ ഫൌണ്ടെന്‍ പെന്നിന്റെ ടോപ്പ്കുനിഞ്ഞിരുന്ന് തിരയുന്നതിനിടയിലാണ് എന്റെ പേര് വിളിക്കുന്നത് കേട്ടത്.കുനിഞ്ഞ് കിടന്ന്തന്നെ പറഞ്ഞൂ യേസ് സാര്‍.ദാ വരുന്നൂ അടുത്തത്-എന്താടാ നിനക്ക് തലയില്ലേ?’‘ചമ്മലോടെപറഞ്ഞൂ ‘’സാര്‍ പെന്നിന്റെ ക്യാപ് ഊരിപ്പോയി അത് നോക്കുവാരുന്നൂ.’‘പിന്നെ അവിടെ
വീണത് ഒരു ആറ്റം ബോംബ് ആയിരുന്നൂ.‘’ഓ..നിന്റെതിനപ്പോ നീ ക്യാപ്പും
ഇട്ടോണ്ടാണൊവന്നിരിക്കുന്നേ
’‘കൂട്ടച്ചിരികള്‍ക്കിടക്ക് ബാക്കി ഞാന്‍ കേട്ടില്ല.പിന്നീട് മൂന്ന് വര്‍ഷക്കാലം ഉപ്പായി സാറിന്റെ ക്ലാസില്‍ഞാന്‍ നല്ലോരു വിദ്യാര്‍ത്ഥി ആയിരുന്നൂ.

ഉപ്പായിസാറിന്റെ കരകര ശബ്ദത്തിലും ക്ലാസിലിരുന്നുറങ്ങിയിരുന്ന ഒരാളുണ്ടാ‍യിരുന്നൂ,പിന്‍ ബഞ്ചില്‍ ബിജുകുര്യാക്കോസ്.ഞങ്ങള്‍ക്കെല്ലാം അവനൊരു അത്ഭുതജീവിയായി മാറുകയായിരുന്നൂ.കേളേജിന്റെനൂറ് മീറ്റര്‍ ദൂരെ നിന്നേ അറിയാം ഉപ്പായിസാര്‍ കോളേജില്‍ വന്നിട്ടുണ്ടോഎന്ന്.അത്രക്ക് പൊലിമയായിരുന്നൂ ആ ശബ്ദത്തിന്.ആ ഉച്ചഭാഷിണിക്കിടയിലും ഇത്രക്ക്
ശാന്തനായി ഉറങ്ങുന്ന അവന്‍ അത്ഭുതമല്ലാതെ മറ്റെന്ത്?

ഒടുവില്‍ ഞങ്ങള്‍ ആ അത്ഭുതം കണ്ടെത്തി,അവന്റെ അമ്മ ജില്ലാഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നൂ.അവര്‍ കൊണ്ടുവന്ന് വച്ചിരുന്ന പഞ്ഞിമുഴുവന്‍ അവനൊരു പേപ്പറില്‍ പൊതിഞ്ഞ് ഡസ്കിന്റെ ഒരു വിടവില്‍തിരുകി വച്ചിരിക്കുന്നൂ.ഉപ്പായി സാറിന്റെ ക്ലാസില്‍ പഞ്ഞിയെടുത്ത് ചെവിയില്‍തിരുകി സുന്ദരമായി നിദ്രപ്രാപിക്കും,ആനിയമ്മ നെഴ്സിന്റെ ഈ കുഞ്ഞാട്.സെക്കന്റ്ഫ്ലോറില്‍ ഡിപ്പാര്‍ട്ട് മെന്റിനൊട് രണ്ട് ക്ലസ് ഇപ്പുറത്തായിരുന്നൂ ഞങ്ങളുടെക്ലാസ്.അത് വഴിപോകുന്ന് തരുണീമണികള്‍ക്ക് ഞങ്ങളുടെ ക്ലാസ് റൂം ഒരു ബര്‍മുഡാട്രയാഗിള്‍ അയിരുന്നൂ.അതിന്റെ നേതാവു രതീഷും.,പകുതി സമയം സഖാവും ബാക്കി
പകുതിക്ക് വിദ്യാര്‍ത്ഥിയുമായിരുന്നു രതീഷ്.ഇടവേളകളില്‍ ക്ലാസ് വരാന്തയില്‍ ഞങ്ങള്‍ ഒരുനിരതന്നെ തീര്‍ക്കും.രതീഷും റോബിനും,എന്നും താരത്തിളക്കത്തോടെ
ഞങ്ങള്‍ക്കിടയില്‍മിന്നി നിന്നൂ.കൂടെ ഓളം തീര്‍ത്ത് ജോസിയും മമ്മൂട്ടി തലക്ക് പിടിച്ച് നടന്ന്അനൂപും അനിയനും,ബിജുവും,ജോണും
.ഞാനും


വരാന്തയില്‍ രതീഷിന്റെ പതിവ് നമ്പര്‍ ഉണ്ടായിരുന്നൂ..’‘എടി മോളേ,ഭൂതം പറയും ഭാവി പറയുംഇല്ലേല്‍ നമുക്ക്സ്വല്പം വര്‍ത്തമാനം പറയാം..’‘ഈ നമ്പരിട്ടാണ് ബി എ ഇംഗ്ലീഷിലെ ലിന്‍ഡയെ രതീഷ് കറക്കി വീഴ്ത്തിയതും പിന്നീട് ഒരു ഭൂകമ്പമായതും.ലിന്‍ഡ ഇടക്ക് വച്ച് പഠനം നിര്‍ത്തിയതും.

ഞങ്ങള്‍ കാവലില്ലാത്ത നേരം അയല്‍ ക്ലാസിലെ കശ്മലന്മാര്‍ ഞങ്ങളുടെ ക്ലാസില്‍ കയറി സൊള്ളുകപതിവയിരുന്നൂ.ഞങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്ത ഇതെങ്ങനെ സഹിക്കാന്‍ പറ്റും?വന്നവരെ ഭീഷണിപ്പെടുത്തി,വരാതെ കാവലിരുന്നൂ.അതിന് കിട്ടിയ പ്രതികാരം ലേശം കടുത്തതായിരുന്നൂ.പുറം രാജ്യത്തെ ആക്രമണകാരി ആയിരുന്നാ ബിജോ പണിപറ്റിച്ചു കടന്ന് കളഞ്ഞൂ.

അന്ന് ആദ്യ പീരിയഡ് ഉപ്പായിസാറിന്റെതാണ് ‍.ബിജൊയുടെ അപ്പന്റപ്പന്‍ കോരമാപ്ല അലക്കി വിരിച്ച കരിമ്പടം പോലെ അന്നും വെള്ളച്ചുവരില്‍
നെടുനീളത്തില്‍ ബ്ലാക്ക് ബോര്‍ഡ് പതിവിലും വൃത്തിയില്‍.അതില്‍ ചോക്ക്
നനച്ച് കനത്തില്‍ എഴുതി വച്ചിരിക്കുന്നൂ.’‘കടല്‍ വെള്ളം വറ്റിച്ചാല്‍ എന്തായി
മാറും...?
താഴെ എഴുതി,
ഉപ്പായി മാറും..’‘
ലാസറിനൊട് പൊറുത്ത് കൊടുത്ത പിതാവേബിജോയോട് ഞങ്ങള്‍ എങ്ങനെ പൊറുക്കും.മലഞ്ചരക്ക് കച്ചവടക്കരനായ അവന്റപ്പന്‍ അവനെന്തിനാണ് ഇങ്ങനെയൊരു ബുദ്ധികൊടുത്തത്?

ആരും തുടച്ചില്ല.അത് ഉപ്പായിസാറിനെ കാത്ത് ആറടിനീളത്തില്‍ അങ്ങനെ കിടന്നൂ.ബെല്ലടിച്ചൂ.ആറടിനീളത്തില്‍ ഉപ്പായി സ്സാര്‍ ക്ലാസില്‍ പ്രത്യക്ഷപ്പെട്ടൂ. എല്ലാവരുടേയും ശ്വാസം നിലച്ചിരിക്കുന്നൂ.കൊലക്കയര്‍ വീണവന്‍
ഒരു ലിവര്‍ വലിക്കുന്ന ശബ്ദത്തിന് കാതോര്‍ക്കുന്നത് പോലെ ഞങ്ങള്‍
ഒരുള്‍ക്കിടിലത്തോടെ കാത്തിരുന്നൂ. ഉപ്പായിസ്സാര്‍ ബുക്ക് തുറന്നൂ..ഭാഗ്യം, സാര്‍ കണ്ടില്ല..
?അതോ ചമ്മി നില്‍ക്കുവാന്നൊ…??ഞങ്ങള്‍ക്ക് ഏറെ നേരം ചിന്തിക്കേണ്ടിവന്നില്ല.കനത്തില്‍ ഒരു ഇടിമുഴക്കം തന്നെ വന്നു..’‘കടല്‍
വെള്ളമല്ല നിന്റെയൊക്കെ അപ്പന്റെ വെള്ളം വറ്റിച്ചാലും ഈ ഉപ്പായി മാറില്ല,’‘
ബിജോയുടെ അപ്പന്റപ്പന്‍ ചത്ത് പോയ കോരമാപ്ലയും അവരുടെ മൂന്ന് തലമുറയും
കുഴിമാടത്തില്‍ നിന്നും ഒന്നെഴുന്നേറ്റ് ഉപ്പായി സ്സാ‍റിനെ ഒന്ന് നമസ്കരിച്ചോ എന്ന് തോന്നി.

ഇതിനിടക്ക് ഒന്ന് രണ്ട് വട്ടം ബിജോ ക്ലാസിന് മുന്നിലൂടെ കടന്ന് പോയി.ജോസി വെള്ളം തൊട്ട് ബോര്‍ഡ് തുടച്ചു,ഞങ്ങള്‍ നിരപരാധിത്തം ഉപ്പായി സാറിനോട് ഏറ്റ് പറഞ്ഞൂ.ബിജോക്ക് ഞങ്ങള്‍ മാപ്പും കൊടുത്തൂ. ഞങ്ങളുടെ
ക്ലാസിലെ തരുണീമണികളേയും അയല്‍ ക്ലാസിലെ പ്രേമഭാജനങ്ങ്ളേയും വാക്കെറിഞ്ഞും വഴക്കടിച്ചും സ്നേഹിച്ചും കലഹിച്ചും,കോളേജിനോട് ചേര്‍ന്നുള്ള പള്ളിയില്‍ പെരുന്നാള്‍ കൂടിയും ജോണിന്റെ മധുരമുള്ള പാട്ടുകള്‍ കോളേജിന് പിന്നിലെ വാകമരച്ചുവട്ടില്‍ വട്ടം കൂടിയിരുന്ന് കേട്ടും കാലം രണ്ട് കടന്ന് പോയി.

തേര്‍ഡ് ഇയറിന്റെ തുടക്കത്തിലാണ് ,ഉരുണ്ട് , മിഷിയെഴുതി വിടര്‍ന്ന കണ്ണുകളുള്ള രാജി എന്നോട് ചോദിച്ചത്,ഞാന്‍ നിന്നെ സ്നേഹിച്ചോട്ടേ എന്ന്.അവളുടെ നീലസമുദ്രം പോലത്തെ കണ്ണിന്റെആഴത്തിലേക്ക് നോക്കി
ഞാന്‍ പറഞ്ഞൂ ‘നീ എന്റെ ക്ലാസ് മെറ്റാണ് ‘എന്ന്.ആ സ്നേഹം നിരസിച്ച
കുറ്റബോധം പിന്നെ നല്ലോരു സൌഹൃദത്തിലേക്ക് വഴിമാറി.ഞങ്ങളുടെ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ട് ഞങ്ങള്‍ ഒരു കൈയെഴുത്ത് മാസിക പുറത്തിറക്കുന്നതും ഞങ്ങള്‍ ഇക്കണോമിക്സ് ഡിപ്പാര്‍ട്ട് മെന്റ് കാരായിരുന്നൂ. നേതൃത്തം ഞങ്ങളിലെ കലാവാസന കണ്ടെത്തിയ പത്രോസ് സാറും.പഴയകാല സിനിമാക്കഥകളുടെ ഒരു ചരിത്രബുക്കായിരുന്നൂ പത്രോസ് സാര്‍.വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ഭാര്‍ഗ്ഗവി നിലയം എന്ന പേരില്‍ സിനിമയാക്കുന്ന കാലം,ബാബുരാജ് ഗാനഗന്ധര്‍വനെ താമസമെന്തെ പാടി പഠിപ്പിക്കൂന്നൂ.അരികത്ത് സുല്‍ത്താനും.എത്ര പാടിയിട്ടും ഗന്ധര്‍വന്റെ താമസം ശരിയാകുന്നില്ല.അരികത്ത് അക്ഷമനായി സുല്‍ത്താന്‍ ഒടുവില്‍ അരയിലിരുന്ന വിശ്വവിഖ്യാതമായ കത്തിയൂരി സുല്‍ത്താന്‍ ഗന്ധരവന്റെ മേല്‍ ചാടിവീണു.’ ‘കഴുവറട മോനേ അടുത്തതില്‍ ശരിയാക്കിയില്ലെങ്കില്‍ തട്ടിക്കളയും ഞാന്‍.’‘ താമസമില്ലതെ ദാ വരുന്നൂ
‘താമസമെന്തേ വരുവാന്‍..‘ നോക്കണേ സുല്‍ത്താന്റെ കത്തിയുടെ ഒരു ശക്തി.ഈ ക്കഥ ആദ്യം കേട്ടത് പത്രോസ് സ്സര്‍ പറഞ്ഞാണ് ‍.കഥകളുടെ ഒരു ഖനിയായിരുന്നൂ സാര്‍.

മൂന്ന് മാസം ഞങ്ങളുടെ ക്ലാസിലെ തരുണിമണികള്‍ ഉറക്കം കളഞ്ഞു പകര്‍ത്തി എഴുതി ഞങ്ങള്‍ മാസികപുറത്തിറക്കി.560 പേജില്‍ ഉരുട്ടി, വെടുപ്പില്‍ ഞങ്ങളുടെ പെണ്‍ പടകളുടെ കൈപ്പടയില്‍ കഥയും കവിതയും ലേഖനങ്ങളും പരന്ന്
കിടന്നൂ. എന്റെ കഥ പകര്‍ത്തി എഴുതിയത് അതില്‍ ഏത് കൈ ആയിരുന്നൂ
രാജിയുടെ കണ്ണുകള്‍ പറഞ്ഞൂ നിന്റെ ഹൃദയം പകര്‍ത്തിയത് ഞാനാണ് എന്ന്.

കോളേജിലെ അവസ്സാന കാലത്തെ ഇലക്ഷനില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റിന്റെ
അഭിമാനമായി ഞങ്ങളുടെ ജോസി നോമിനിയായി.ഇലക്ഷന് നിന്നൂ.ഞങ്ങള്‍ക്കത്
കേവലം പാര്‍ട്ടി മത്സരമായിരുന്നില്ല.അഭിമാനത്തിന്റെ ഇലക്ഷന്‍ ആയിരുന്നൂ. കൊമേഴ്സ് ഡിപ്പാര്‍ട്ട് മെന്റിനോടുള്ള മത്സരം.അവരുടെ നോമിനിയാണ്, ഞങ്ങള്‍ മാപ്പ് കൊടുത്ത ബിജോ.സഖാവായ രതീഷും ഞങ്ങളും എല്ലവരും ഒന്നിച്ച് അണിനിരന്ന് വോട്ട് തെണ്ടി.അവന് വേണ്ടി.ഞങ്ങള്‍ക്ക് വേണ്ടി.ഞങ്ങള്‍ കളിയാക്കി തോലുരിച്ച പ്രേമഭാജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ വില്ല് പോലെ
വളഞ്ഞ്നിന്ന് യാചിച്ചൂ .കേണപേക്ഷിച്ചു.

ഇലക്ഷന്‍ നടന്നൂ റിസള്‍ട്ട് വന്നൂ.ഞങ്ങളുടെ ജോസി വിജയിച്ചിരിക്കുന്നൂ.ഇനി ബി എ തോറ്റാലും വേണ്ടില്ല എന്ന് പറഞ്ഞ് രതീഷാണവനെ ആദ്യം ഒരു കൊടിമരം പോലെ ഉയര്‍ത്തിനിര്‍ത്തിയ.പിന്നെ ഞങ്ങളവനേ തോളിലേറ്റി കോളേജ് മുഴുവന്‍ എത്ര വലം വച്ചൂ,അറിയില്ല.കോമേഴ്സ് ഡിപ്പാര്‍ട്ട് മെന്റിന് മുന്നില്‍ പാലക്കന്റെ ഓലപ്പടക്കം പലതവണ പൊട്ടി. മാലയായിത്തന്നെ.ബിജോ പരാജയം താങ്ങാനാവാതെ നേരത്തേ തന്നെ പാലായിലേക്ക് ഒളിച്ചോടി.ഞങ്ങള്‍ ആര്‍ത്ത് വിളിച്ചൂ.വിജയാഹ്ലാദത്തില്‍
ജോസി ഞങ്ങളുടെ തോളിലിരുന്ന് ചിരിച്ചൂ.11 മാസങ്ങള്‍ക്ക് ശേഷം പിന്നീട്
ഒരിക്കല്‍ കൂടിഞങ്ങളവനെ തോളിലെടുത്തൂ.കുറുക്കന്‍ മലയിലെ അവന്റെ വീട്ടില്‍ നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ ഇടവക പള്ളിയിലേക്കും പിന്നീട്
സെമിത്തേരിയിലേക്കും അവനെ ഞങ്ങള്‍ എത്തിച്ചത് തോളില്‍ എടുത്ത്
കൊണ്ടായിരുന്നൂ.അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ആര്‍പ്പ് വിളികള്‍ ഉണ്ടായിരുന്നില്ല.ഓരോ സൌഹൃദവും ഒരു വിടവാങ്ങലില്‍ അവസാനിക്കുന്നൂ എന്നായിരുന്നൂ ഞാനപ്പോള്‍ ഓര്‍ത്ത് കൊണ്ടിരുന്നത്.